രേഖകള്‍ ചോര്‍ത്തി നല്‍കി: തിരുവല്ല എ.എസ്.ഐയെ ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് മാറ്റി
text_fieldsതിരുവല്ല: പൊലീസ് സ്‌റ്റേഷനിലെ എ.എസ്.ഐയും തിരുവനന്തപുരം സ്വദേശിയുമായ ബിനുവിനെ ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് മാറ്റി. പൊലീസ് സേനയുടെ ഔദ്യോഗിക രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കി, കാപ്പാ കേസ് പ്രതിയെ വഴിവിട്ടു സഹായിച്ചു, പൊലീസ് അസോസിയേഷന്‍ ജില്ല സെക്രട്ടറി നിഷാന്ത് പി. ചന്ദ്രന്‍ സഹപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തുന്ന വോയ്‌സ് ക്ലിപ്പ് മാധ്യമങ്ങള്‍ക്ക് നല്‍കി എന്നിങ്ങനെയുള്ള ആരോപണത്തെ തുടര്‍ന്നാണ് നടപടി.
തിരുവനന്തപുരം റൂറലില്‍ നിന്ന് അച്ചടക്ക നടപടിയുടെ ഭാഗമായി രണ്ടു വര്‍ഷം മുന്‍പാണ് ബിനുവിനെ തിരുവല്ലയിലേക്ക് മാറ്റിയത്. ഇവിടെ ഇയാള്‍ വ്യക്തിബന്ധങ്ങള്‍ ഏറെയുണ്ടാക്കിയെന്നാണ് വിവരം. സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എസ്.പി ആര്‍. ആനന്ദാണ് ബിനുവിനെ എ.ആര്‍. ക്യാമ്പിലേക്ക് മാറ്റിയത്.
കഴിഞ്ഞ ദിവസം അറസ്റ്റിലായ കാപ്പാ കേസ് പ്രതിക്ക് വേണ്ടി പൊലീസില്‍ നിന്നുളള രേഖകള്‍ ചോര്‍ത്തി നല്‍കിയെന്നതാണ് ഏറ്റവും ഒടുവിലായി വന്നിരിക്കുന്ന വീഴ്ച. പായിപ്പാട് സ്വദേശിയുമായി അടുത്ത ബന്ധം പുലര്‍ത്തുകയും ഇയാള്‍ മുഖേനെ പൊലീസിനെ നിര്‍ണായക രേഖകള്‍ ചോര്‍ത്തുകയും ചെയ്തുവെന്നും പറയുന്നു. പൊലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയായ നിഷാന്ത് പി. ചന്ദ്രന്‍ സഹപ്രവര്‍ത്തകനായ പുഷ്പദാസ് എന്ന സീനിയന്‍ സിവില്‍ പൊലീസ് ഓഫിസറെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ ക്ലിപ്പ് ബിനുവാണ് പുറത്തു വിട്ടതെന്ന് സംശയിക്കുന്നുണ്ട്.
ഇയാളുടെ അടുപ്പക്കാരനായ പായിപ്പാട് സ്വദേശി മുഖേനെയാണ് മാധ്യമങ്ങളുടെ കൈവശം ക്ലിപ്പ് എത്തിയത്. ഇതേ തുടര്‍ന്ന് നിഷാന്ത് പി. ചന്ദ്രനെ ജില്ലാ പൊലീസ് മേധാവി സസ്‌പെന്‍ഡ് ചെയ്തിരുന്നു. വോയ്‌സ് ക്ലിപ്പ് ചോര്‍ന്നത് സേനയില്‍ തന്നെ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. സേനയുടെ സല്‍പ്പേരിന് കളങ്കമായ സംഭവമാണ്. ഇതെങ്ങനെ ചോര്‍ന്നുവെന്നാണ് അന്വേഷണം നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

