തിരുവല്ലം കസ്റ്റഡി മരണം: മൂന്ന് പൊലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടി സി.ബി.ഐ
text_fieldsസുരേഷ്
തിരുവനന്തപുരം: തിരുവല്ലം പൊലീസ് സ്റ്റേഷനിൽ യുവാവ് കസ്റ്റഡിയിൽ മരിച്ച സംഭവത്തില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാൻ സി.ബി.ഐ സർക്കാറിനോട് അനുമതി തേടി. തിരുവല്ലം സി.ഐ ആയിരുന്ന സുരേഷ് വി. നായർ, എസ്.ഐ വിപിൻ പ്രകാശ്, ഗ്രേഡ് എസ്.ഐ സജീവ് കുമാർ എന്നിവരെ പ്രതി ചേർക്കാനാണ് അനുമതി തേടിയത്. 2022 ഫെബ്രുവരി 28നാണ് ദമ്പതികളെ ആക്രമിച്ച കേസിൽ തിരുവല്ലം പൊലീസ് കസ്റ്റഡിയിലെടുത്ത സുരേഷ് മരിച്ചത്.
തിരുവല്ലം നെല്ലിയോട് മേലേചരുവിള പുത്തൻവീട്ടിൽ സുരേഷ് ഉൾപ്പെടെ അഞ്ചുപേരെ 27ന് രാത്രി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പൊലീസ് കസ്റ്റഡിയിലിരിക്കെ പിറ്റേ ദിവസം സുരേഷ് മരിച്ചു. നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ സുരേഷ് മരിച്ചെന്നായിരുന്നു പൊലീസ് ഭാഷ്യം. എന്നാൽ, പൊലീസ് മർദനമാണ് മരണകാരണമെന്ന് നാട്ടുകാരും ബന്ധുക്കളും ആരോപിച്ചതോടെ മജിസ്ട്രേറ്റിന്‍റെ സാന്നിധ്യത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി.
പ്രതികളെ രാത്രി കസ്റ്റഡയിലെടുത്ത ശേഷം വൈദ്യപരിശോധനക്ക് കൊണ്ടുപോയപ്പോഴും കൊണ്ടുവന്നപ്പോഴും സ്റ്റേഷൻ ജനറൽ ഡയറിയിൽ രേഖപ്പെടുത്തിയില്ലെന്ന് വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തി. ഇതില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തിരുന്നു. പ്രതിഷേധം ശക്തമായതോടെ കേസ് സി.ബി.ഐക്ക് വിട്ടു.
അതേസമയം, പൊലീസുകാരെ പ്രതിചേർത്ത് സി.ജെ.എം കോടതിയിൽ സി.ബി.ഐ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പൊലീസുകാരെ പ്രതിചേർക്കാൻ ആഭ്യന്തര വകുപ്പിനോട് അനുമതി തേടിയിരുന്നെങ്കിലും ലഭിച്ചില്ല. സർക്കാർ അനുമതി ലഭിക്കാതെ എങ്ങനെ പ്രതി ചേർത്ത് റിപ്പോർട്ട് സമർപ്പിക്കുമെന്ന് ചോദിച്ച കോടതി, റിപ്പോർട്ട് മടക്കി. തുടർന്നാണ് സി.ബി.ഐ വീണ്ടും അനുമതി തേടിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.