തിരുവാതുക്കൽ ഇരട്ടകൊലപാതകം: മരണകാരണം തലക്കേറ്റ ക്ഷതമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; ‘ആക്രമിക്കാൻ മൂർച്ചയേറിയ ആയുധം ഉപയോഗിച്ചു’
text_fieldsകോട്ടയം: തിരുവാതുക്കൽ സ്വദേശിയും വ്യവസായിയുമായ വിജയകുമാർ-മീര ദമ്പതികളുടെ കൊലപാതകത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത്. മരണ കാരണം തലക്കേറ്റ ക്ഷതമെന്ന് പോസ്റ്റുമോർട്ടം പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.
മൂർച്ചയേറിയ ആയുധം ഉപയോഗിച്ചാണ് ഇരുവരെയും പരിക്കേൽപ്പിച്ചതെന്നും വിജയകുമാറിന്‍റെ നെഞ്ചിലും ക്ഷതമേറ്റതായി റിപ്പോർട്ടിൽ പറയുന്നു. വിജയകുമാറിന്റെ മൃതദേഹം വീടിന്റെ ഹാളിലും ഭാര്യ മീരയുടെ മൃതദേഹം മുറിയിലുമായാണ് കിടന്നിരുന്നത്.
മൃതദേഹത്തിന് സമീപം മഴു പോലുള്ള ആയുധവും ഉണ്ടായിരുന്നു. വീടിന് പുറത്ത് അമ്മിക്കല്ലും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. ദമ്പതികളെ ആക്രമിക്കാൻ ലക്ഷ്യമിട്ടാണ് ഇവ പ്രതി കൊണ്ടുവന്നതെന്നാണ് പൊലീസിന്റെ നിഗമനം.
ഇന്ന് രാവിലെയാണ് തിരുവാതുക്കൽ സ്വദേശിയും വ്യവസായിയുമായ വിജയകുമാറിനെയും ഭാര്യ മീരയെയും വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. രാവിലെ വീട്ടുജോലിക്കാരിയാണ് ആദ്യം ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടത്.
വിജയകുമാറും മീരയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ജോലിക്കാരി വന്ന് നോക്കുമ്പോൾ മുന്നിലെ വാതിൽ തുറന്നു കിടക്കുന്നതാണ് കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരുടേയും മൃതദേഹം കണ്ടത്.
ഒരു മകനും മകളുമാണ് ദമ്പതികൾക്ക് ഉള്ളത്. മകൻ നേരത്തെ മരിച്ചിരുന്നു. മകൾ വിദേശത്താണ്. ഒരു കാര്യസ്ഥൻ വീട്ടിലുണ്ടായിരുന്നു. നേരത്തെ, ഒരു അന്തർസംസ്ഥാന തൊഴിലാളി ഇവിടെ ജോലി ചെയ്തിരുന്നു. സ്വഭാവദൂഷ്യത്തെ തുടർന്ന് ഇയാളെ പറഞ്ഞയച്ചിരുന്നു. മൊബൈൽ ഫോൺ മോഷ്ടിച്ചതിന് ഇയാൾ ജയിലിലും കിടന്നിരുന്നു. അതിന്‍റെ വൈരാഗ്യം കൊലപാതകത്തിന് പിന്നിലുണ്ടെന്ന സംശയം ബന്ധുകൾ ഉന്നയിച്ചിട്ടുണ്ട്.
മോഷണമല്ല വ്യക്തി വൈരാഗ്യമാണ് കൊലക്ക് പിന്നിലെന്ന് പൊലീസിന്‍റെ നിഗമനം. കേസന്വേഷണത്തിന് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.