ജീവൻ പകുത്തേകിയ സ്നേഹക്കരുതൽ, ഷറഫുദ്ദീനിത് പുനർജന്മം
text_fieldsപുതുപൊന്നാനി സ്വദേശി ഷറഫുദ്ദീന് ആശുപത്രിയിൽ
തിരുവനന്തപുരം: ഗുരുതരമായി പരിക്കേറ്റെത്തിയ 'അജ്ഞാത യുവാവി'ന്റെ ജീവൻ കാക്കാൻ കണ്ണിമതെറ്റാതെ കരുതലും സ്നേഹക്കാവലും; ഒടുവിൽ ഉറ്റവരെ കണ്ടെത്തി അരികെയെത്തിക്കുകയും ചെയ്തു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മനുഷ്യത്വം കിനിയുന്ന ഈ സ്നേഹമാതൃക. അക്ഷരാർഥത്തിൽ പുനർജന്മത്തിന് സമാനം അതിജീവനമേകിയവരോട് നിറഞ്ഞ കണ്ണുകളിൽ യാത്ര പറഞ്ഞാണ് പുതുപൊന്നാനി സ്വദേശി ഷറഫുദ്ദീന് (34) ബന്ധുക്കൾക്കൊപ്പം ചൊവ്വാഴ്ച ആശുപത്രി വിട്ടത്.
റോഡപകടത്തില്‍ തലയ്ക്ക് അതിഗുരുതര പരിക്കേറ്റ് കൊല്ലം നീണ്ടകരയില്‍നിന്നാണ് കഴിഞ്ഞ ഡിസംബര്‍ 22 ന് ഷറഫുദ്ദീനെ മെഡിക്കൽ കോളജിൽ എത്തിക്കുന്നത്. ആരാണെന്നോ എന്താണെന്നോ ഒന്നുമറിയില്ല. എങ്കിലും ഉടന്‍തന്നെ വിദഗ്ധ ചികിത്സ ആരംഭിച്ചു. കൂട്ടിരിപ്പുകാരില്ലാത്തതിനാൽ ആരോഗ്യപ്രവർത്തകർ തന്നെയായിരുന്നു എല്ലാമെല്ലാം.
തലയുടെ സി.ടി സ്കാന്‍ എടുത്തതോടെ പരിക്ക് അതി ഗുരുതരമെന്ന് ബോധ്യപ്പെട്ടു. ഉടൻതന്നെ അടിയന്തര ശസ്ത്രക്രിയ നടത്തി. പിന്നീട് സൂപ്പര്‍ സ്പെഷാലിറ്റി വിഭാഗത്തിലെ ട്രോമ കെയര്‍ ഐ.സി.യുവില്‍ വെന്റിലേറ്റര്‍ സഹായത്തോടെ പ്രാണൻ മുറുകെ പിടിക്കാൻ തീവ്രശ്രമം. നില അതിഗുരുതരമായിരുന്നു. കണ്ണിമ തെറ്റിയാൽ പ്രാണൻ നഷ്ടമാകുന്ന സ്ഥിതി. ന്യൂറോ സര്‍ജറി വിഭാഗം ഡോക്ടര്‍മാരും നഴ്സുമാരും അറ്റന്‍ഡര്‍മാരും ഫിസിയോ തെറപ്പിസ്റ്റുമാരും സ്വന്തം കൂടെപ്പിറപ്പായി യുവാവിനെ പരിചരിച്ചു. 21 ദിവസത്തിനുശേഷമാണ് ഷറഫുദ്ദീന് കണ്ണ് തുറക്കാനും ചെറുതായി പ്രതികരിക്കാനും തുടങ്ങിയത്. അപ്പോള്‍ വളരെ പ്രയാസപ്പെട്ട് കിട്ടിയ വാക്കുകളില്‍നിന്നാണ് പേരും സ്ഥലവും മനസ്സിലാക്കിയാക്കിയത്.
തുടര്‍ന്ന് അവിടെയുണ്ടായിരുന്ന സ്റ്റാഫ് പൊന്നാനിയിലെ ബന്ധുവായ പൊലീസ് ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ടു. പൊന്നാനിയില്‍നിന്ന് ഒരു മിസിങ് കേസ് ഉണ്ടെന്ന് കണ്ടെത്തി. ആ കേസില്‍ കാണാതായ വ്യക്തി ഷറഫുദ്ദീൻ ആണെന്ന് തിരിച്ചറിയുകയായിരുന്നു. പിന്നീട് ബന്ധുക്കള്‍ മെഡിക്കല്‍ കോളജ് പൊലീസിന്റെ സഹായത്തോടെ രോഗിയെ തിരിച്ചറിഞ്ഞു.
ഐ.സി.യുവിൽനിന്ന് വാർഡിലേക്ക് മാറ്റേണ്ട ഘട്ടം എത്തിയിട്ടും അങ്ങനെ ചെയ്യാതെ ട്രോമ ഐ.സി.യുവിൽതന്നെ രോഗിയെ കിടത്താൻ ഡോക്ടർമാർ തീരുമാനിച്ചു. വാർഡിലേക്ക് എത്തുമ്പോൾ നിലവിൽ ലഭിക്കുന്ന വ്യക്തിപരമായ ശ്രദ്ധ കുറഞ്ഞാലോ എന്ന് ഭയന്നാണ് അങ്ങനെ ചെയ്തത്. ഒടുവിൽ ബന്ധുക്കളെയെത്തിയപ്പോൾ യുവാവിനും സന്തോഷം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.