കർക്കടകപ്പുലരിയിൽ കരിവീരന്മാരെ ഊട്ടി ആയിരങ്ങൾ
text_fieldsതൃശൂർ വടക്കുന്നാഥൻ ക്ഷേത്രത്തിൽ നടന്ന ആനയൂട്ട് -ടി.എച്ച്. ജദീർ
തൃശൂർ: മഴയൊഴിഞ്ഞ കർക്കടകപ്പുലരിയിൽ വടക്കുന്നാഥന്റെ മുറ്റത്ത് കരിവീരന്മാർക്ക് ഊട്ട്. പൂരനഗരിയുടെ ‘ഗജറാണി’ തിരുവമ്പാടി ലക്ഷ്മിക്കുട്ടിക്ക് ആദ്യ ഉരുള നൽകി വടക്കുന്നാഥ ക്ഷേത്രം മേൽശാന്തി പയ്യപ്പിള്ളി മാധവൻ നമ്പൂതിരി ആനയൂട്ടിന് തുടക്കമിട്ടു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും എറണാകുളം ശിവകുമാറുമടക്കം 52 ആനകൾ പങ്കെടുത്തു. അഞ്ച് പിടിയാനകളുമുണ്ടായിരുന്നു.
നിരത്തി നിർത്തിയ ആനകൾക്ക് ഊട്ടാൻ ഭക്തർക്കും സൗകര്യമൊരുക്കിയിരുന്നു. ആയിരങ്ങളാണ് ആനയൂട്ടിൽ പങ്കെടുത്തത്. ആയുർവേദവിധി പ്രകാരം ശർക്കര, നെയ്യ്, തേങ്ങാ, കരിമ്പ്, അരി എന്നിവ ചേർത്ത ഭക്ഷണവും പലതരം പഴങ്ങളുമാണ് ആനകൾക്ക് നൽകിയത്. പുലർച്ച അഞ്ചിന് ക്ഷേത്രം തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെയായിരുന്നു തുടക്കം. 7500 പേർക്ക് അന്നദാനവും ഒരുക്കിയിരുന്നു.
ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ, ടി.എൻ. പ്രതാപൻ എം.പി, പി. ബാലചന്ദ്രൻ എം.എൽ.എ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. എം.കെ. സുദർശൻ, മെംബർമാരായ എം.ബി. മുരളീധരൻ, പ്രേംരാജ് ചൂണ്ടലാത്ത്, ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ, കൊച്ചിൻ ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് വി. നന്ദകുമാർ, കലക്ടർ വി.ആർ. കൃഷ്ണ തേജ, സിറ്റി പൊലീസ് കമീഷണർ അങ്കിത് അശോകൻ, വ്യവസായ പ്രമുഖരായ ടി.എസ്. കല്യാണരാമൻ, ടി.എസ്. പട്ടാഭിരാമൻ, മുൻമന്ത്രി വി.എസ്. സുനിൽ കുമാർ, പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ്, തിരുവമ്പാടി ദേവസ്വം പ്രസിഡൻറ് ടി.എ. സുന്ദർമേനോൻ, സെക്രട്ടറി കെ. ഗിരീഷ്, കൊച്ചിൻ ദേവസ്വം ബോർഡ് സെക്രട്ടറി ബിന്ദു, വടക്കുന്നാഥ ക്ഷേത്രോപദേശക സമിതി പ്രസിഡൻറ് കെ. പങ്കജാക്ഷൻ, സെക്രട്ടറി ടി.ആർ. ഹരിഹരൻ, ദേവസ്വം മാനേജർ കൃഷ്ണകുമാർ, കോർപറേഷൻ കൗൺസിലർമാർ, സാമൂഹിക സംസ്കാരിക-രാഷ്ട്രീയ-അധ്യാത്മിക രംഗത്തുള്ളവരും പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.