അസുരവാദ്യം അകമ്പടി; അരമണി കിലുക്കി നാട് വിറപ്പിച്ച് പുലികൾ
text_fieldsഓണാഘോഷത്തോടനുബന്ധിച്ച് തൃശൂർ നഗരത്തിൽ നടന്ന പുലികളിയിൽനിന്ന്
തൃശൂർ: കുടവയറിൽ വരകളിട്ട് അരമണി കിലുക്കി മടകളിറങ്ങിയ തൃശൂരിലെ പുലികൾ അസുരവാദ്യത്തിന്‍റെ അകമ്പടിയിൽ നാടിനെ വിറപ്പിച്ച് പുപ്പുലികളായി. പെൺപുലികൾ ഉൾപ്പെടെ തൃശൂരിനെ വലംവെച്ച 250ലേറെ പുലികൾക്ക് നടുവിൽ ഹർഷാരവങ്ങളോടെ ജനം തടിച്ചുകൂടി. നാലാമോണനാളിൽ തൃശൂരിനെ ആവേശത്തിലാഴ്ത്തിയ പുലിക്കളിക്ക് രാവിലെ മുതൽ ‘പുലിമടകളെ’ന്ന് വിളിക്കുന്ന ദേശങ്ങളിൽ ഒരുക്കം തകൃതിയായിരുന്നു.
ഫ്ലൂറസന്‍റ് പെയിന്‍റുകൾ ഉപയോഗിച്ച് തിളങ്ങുന്ന പുലികളും എൽ.ഇ.ഡി ബൾബുകളിൽ തിളങ്ങുന്ന കണ്ണുള്ള പുലികളുമെല്ലാം ആസ്വാദകർക്ക് വിസ്മയമൊരുക്കി. ഉച്ചയോടെ ഒരുക്കങ്ങൾ കഴിഞ്ഞ് തട്ടകക്കാർക്ക് മുന്നിൽ പുലികൾ ചുവട് വെച്ച് തുടങ്ങി. വൈകീട്ടോടെ നഗരത്തിലേക്കിറങ്ങിയ ഓരോ കൂട്ടവും ഒപ്പം ദേശക്കാരും പ്രധാന ചടങ്ങ് നടക്കുന്ന സ്വരാജ് റൗണ്ട് ലക്ഷ്യമാക്കി നീങ്ങി. വൈകീട്ട് അഞ്ചരയോടെ ശക്തൻ സംഘത്തിന്‍റെ പുലിക്കൂട്ടങ്ങളാണ് ആദ്യമെത്തിയത്. നടുവിലാൽ ഗണപതിക്ക് മുന്നിൽ കർപ്പൂരദീപങ്ങളെ സാക്ഷിയാക്കി അമ്പതിലേറെ വരുന്ന പുലിക്കൂട്ടങ്ങൾ വരിവരിയായി വന്ന് തേങ്ങയുടച്ചു. അസുരവാദ്യം ആർത്തപ്പോൾ കൈകോർത്ത് ചുവടുകൾ വെച്ചു.
ഈ സമയം പൂരദിനം പോലെ ആൾക്കടലായി തൃശൂർ സ്വരാജ് റൗണ്ട്. പുലിക്കൊട്ടിനും അരമണികിലുക്കങ്ങൾക്കും ചുവടുവെച്ച് ആൾക്കൂട്ടം ആവേശം പകർന്നു. പുലിക്കളി സംഘങ്ങൾക്കൊപ്പം നിരന്ന പ്ലോട്ടുകളും നിശ്ചലദൃശ്യങ്ങളും സന്ധ്യയെ അവിസ്മരണീയമാക്കി. മന്ത്രി കെ. രാജൻ മുഴുവൻ സമയവും പുലികൾക്കൊപ്പം നിന്ന് ആവേശം പകർന്നു. മുൻ എം.പിയും നടനുമായ സുരേഷ് ഗോപി, കലക്ടർ വി.ആർ. കൃഷ്ണതേജ തുടങ്ങി നിരവധി പേർ വിവിധ ദേശങ്ങളുടെ മെയ്യെഴുത്ത് കേന്ദ്രങ്ങളിൽ എത്തി ഒരുക്കങ്ങൾ വിലയിരുത്തിയിരുന്നു. ശക്തൻ പുലിക്കളി സംഘം, സീതാറാം മിൽ, കാനാട്ടുകര, അയ്യന്തോൾ, വിയ്യൂർ എന്നീ സംഘങ്ങളുമാണ് പുലികളിയിൽ പങ്കുചേർന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.