ജഡ്ജിക്കെതിരെ പരാതിഭീഷണി; വ്യവഹാരിക്ക് പിഴയിട്ട് ഹൈകോടതി
text_fieldsഹൈകോടതി
കൊച്ചി: വാദത്തിനിടെ ജഡ്ജിക്കെതിരെ പരാതി നൽകിയതായി ഭീഷണിപ്പെടുത്തിയ കക്ഷിക്ക് ഹൈകോടതി 50,000 രൂപ പിഴ ചുമത്തി. തിരുവനന്തപുരം സ്വദേശി ആസിഫ് ആസാദിനാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ പിഴ ചുമത്തിയത്. ഒരുമാസത്തിനകം ഹൈകോടതി ലീഗൽ സർവിസസ് അതോറിറ്റിയിൽ തുക അടക്കണമെന്നും അല്ലാത്തപക്ഷം റവന്യൂ റിക്കവറി ആക്ട് പ്രകാരം അത് തിരിച്ചുപിടിക്കാൻ അതോറിറ്റിക്ക് ഉചിതനടപടി സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി.
പാസ്പോർട്ടുമായി ബന്ധപ്പെട്ട് ഇയാളുടെ ഹരജിയാണ് ബെഞ്ചിലെത്തിയത്. അഭിഭാഷകനില്ലാതെ നേരിട്ടാണ് വാദിക്കാനെത്തിയത്. എന്നാൽ, മുമ്പൊരു കേസിൽ ഇതേ ബെഞ്ച് തനിക്ക് പിഴ ഉത്തരവിട്ടതാണെന്നും ഇതിനെതിരെ രാഷ്ട്രപതിക്കും കോടതി രജിസ്ട്രാർ ജനറലിനും പരാതി നൽകിയിട്ടുള്ളതാണെന്നും അറിയിച്ച ഹരജിക്കാരൻ, ഈ ബെഞ്ച് കേസ് കേൾക്കുന്നതിൽനിന്ന് ഒഴിവാകണമെന്ന് ആവശ്യപ്പെട്ടു. മുമ്പ് മറ്റൊരു കേസിൽ വാദത്തിനെത്തിയപ്പോഴും ഇത്തരമൊരു ആവശ്യം ഇയാൾ ഉന്നയിച്ചിരുന്നത് കോടതി ഓർമിപ്പിച്ചു.
ഇത് കോടതിയലക്ഷ്യത്തിന് തുല്യമാണെങ്കിലും നേരിട്ടാണ് വാദിക്കുന്നതെന്നതടക്കം പരിഗണിച്ച് അന്ന് പിഴ ചുമത്താതെ ഹരജി തള്ളിയിരുന്നു. ചീഫ് ജസ്റ്റിസ് തയാറാക്കിയ പട്ടികപ്രകാരം കേസ് കേൾക്കുന്ന ജഡ്ജിയോട് കേസ് ഒഴിവാക്കാൻ നിർദേശിക്കാൻ ഒരു വ്യവഹാരിക്ക് കഴിയില്ലെന്ന് അന്ന് വ്യക്തമാക്കിയിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ നടപടിയെടുക്കുമെന്നും ജൂലൈ എട്ടിലെ ഉത്തരവിൽ മുന്നറിയിപ്പ് നൽകിയിരുന്നു.
ജൂലൈ 18ന് പാസ്പോർട്ട് കേസ് പരിഗണിക്കവേയാണ് സമാന സംഭവം ആവർത്തിച്ചത്. അനാവശ്യ ഹരജികളുമായെത്തി കോടതി നടപടികൾ ദുരുപയോഗം ചെയ്യുന്നെന്ന് വിമർശിച്ച് നേരത്തേ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചും ഇയാളുടെ ഹരജി ചെലവ് ചുമത്തി തള്ളിയതാണ്. ഇപ്പോൾ ജഡ്ജിക്കെതിരെ പരാതി നൽകിയെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നു. കോടതിയെ ഭീഷണിപ്പെടുത്തുന്ന ഒരാളെ അംഗീകരിക്കാൻ കഴിയില്ല. -വിധിയിൽ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.