യുവതിയും യുവാവും സഞ്ചരിച്ച കാറിൽ കാറിടിപ്പിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി; ഹണിട്രാപ് കേസ് പ്രതിയടക്കം മൂന്ന് പേർ അറസ്റ്റിൽ, മൂന്ന് കാറുകൾ പിടികൂടി
text_fieldsഅറസ്റ്റിലായ കാർത്തിക്, അക്രമി സംഘം ഇടിച്ച് തകർത്ത കാർ
കഴക്കൂട്ടം: യുവതിയും യുവാവും സഞ്ചരിച്ച കാറിൽ മറ്റൊരു കാറിടിപ്പിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ ഹണിട്രാപ് കേസ് പ്രതിയടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര സ്വദേശി കാർത്തിക് (24), കരുനാഗപ്പള്ളി സ്വദേശികളായ സബീർ (28), റമീസ് (32) എന്നിവരെയാണ് കഠിനംകുളം പൊലീസ് പിടികൂടിയത്. വെഞ്ഞാറമൂട് സ്വദേശി റാഷിദിനെയാണ് പ്രതികൾ തട്ടിക്കൊണ്ടുപോയത്. ഇയാളെ സാഹസിക പരിശ്രമത്തിനൊടുവിൽ പൊലീസ് മോചിപ്പിച്ചു.
ഇന്നലെ ഉച്ചക്ക് കഠിനംകുളത്താണ് കേസിനാസ്പദമായ സംഭവം. റാഷിദും സുഹൃത്തായ യുവതിയും സഞ്ചരിച്ച കാറിൽ മൂന്നംഗ സംഘം കഠിനംകുളം മര്യനാട് വെച്ച് കാറിടിപ്പിക്കുകയായിരുന്നു. തുടർന്ന് റാഷിദിനെ സംഘം മറ്റൊരു കാറിൽ തട്ടിക്കൊണ്ടു പോയി. സാമ്പത്തിക തർക്കമാണ് ഇതിന് പിന്നിലെന്ന് പറയുന്നു. സംഭവത്തിൽ പരിഭ്രമിച്ച ഒപ്പമുണ്ടായിരുന്ന ഇടുക്കി സ്വദേശിനിയായ യുവതി, കഠിനംകുളം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. കാറും മൊബൈൽ നമ്പറുകളും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഇന്നലെ പ്രതികളെയും റാഷിദിനെയും കണ്ടെത്താൻ കഴിഞ്ഞില്ല.
അതിനിടെ, വാഹനങ്ങൾ മാറ്റി സഞ്ചരിച്ച സംഘം യുവാവിനെ അജ്ഞാത കേന്ദ്രത്തിൽ കൊണ്ടുപോയി മർദിച്ചു. ഇവർ തിരികെ വെഞ്ഞാറമൂട് ഭാഗത്തേയ്ക്ക് വരുന്നതായി വിവരം ലഭിച്ച പൊലീസ് ഇന്ന് കിളിമാനൂരിൽ വെച്ച് പിന്തുടർന്ന് കാർ തടഞ്ഞാണ് റാഷിദിനെ മോചിപ്പിച്ചത്. അതിനിടെ, മുഖ്യപ്രതി കാർത്തിക് കാറിൽ നിന്നിറങ്ങി ഓടി രക്ഷപ്പെട്ടു. ഇയാളെ കഴക്കൂട്ടത്തു നിന്നാണ് പിന്നീട് പിടികൂടിയത്.
തട്ടിക്കൊണ്ടുപോകപ്പെട്ട യുവാവിനെയും കാറിലുണ്ടായിരുന്നവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കാർത്തിക് കഴിഞ്ഞ മേയിൽ കഴക്കൂട്ടത്ത് ഹണിട്രാപ്പിലൂടെ യുവാവിനെ വിളിച്ചു വരുത്തി ആഡംബര കാറും സ്വർണവും തട്ടിയെടുത്തത് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്. തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച മൂന്ന് കാറുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു. തട്ടിക്കൊണ്ടു പോയ സംഘത്തിലെ മറ്റുള്ളവരെ കുറിച്ച് അന്വേഷണം നടന്നു വരുന്നതായി കഠിനംകുളം പൊലീസ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.