അങ്കമാലിയിൽ മൂന്ന്മാസം പ്രായമായ ആണ്‍കുഞ്ഞിനെ കൊന്ന് കുഴിച്ച്മൂടിയതായി പരാതി
text_fieldsഅങ്കമാലി: പൊലീസ് സ്റ്റേഷെൻറ അധീനതയിലെ കാട്മൂടിയ പറമ്പില്‍ തമിഴ് നാടോടി ദമ്പതികളുടെ മൂന്ന്മാസം പ്രായമായ ആണ്‍കുഞ്ഞിനെ കൊന്ന് കുഴിച്ച്മൂടിയതായി പരാതി. ഭര്‍ത്താവ് മണികണ്ഠനാണ് കുഞ്ഞിനെ കൊന്ന് കാട്ടില്‍ കുഴിച്ചിട്ടതെന്ന പരാതിയുമായി ഭാര്യ സേലം സ്വദേശിനി സുധയാണ് ഞായറാഴ്ച ഉച്ചക്ക്ശേഷം അങ്കമാലി സ്റ്റേഷനിലെത്തിയത്. വാവിട്ട് കരഞ്ഞാണ് മദ്യലഹരിയിലായിരുന്ന സുധ പരാതിയുമായെത്തിയത്.
ശനിയാഴ്ച രാത്രി 10 ഓടെ മണികണ്ഠന്‍ കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊല്ലുകയും കുറ്റിക്കാട്ടില്‍ കുഴിച്ചിടുകയുമായിരുന്നുവെന്നായിരുന്നു സുധ പറഞ്ഞത്. അതോടെ റെയിൽവേ സ്റ്റേഷന് പരിസരത്തുനിന്ന് മണികണ്ഠനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസിെൻറ ചോദ്യം ചെയ്യലില്‍ മദ്യലഹരിയില്‍ ലക്കുകെട്ട ഇരുവരും പരസ്പര വിരുദ്ധമായാണ് മൊഴി നല്‍കിയത്. സുധ കുഞ്ഞിനെ നിലത്തെറിഞ്ഞ് കൊന്നുവെന്നാണ് മണികണ്ഠന്‍ പറഞ്ഞത്. അതിനിടെ കുഞ്ഞിന് മുലപ്പാല്‍ കൊടുത്തപ്പോള്‍ ശിരസ്സില്‍ കയറി ശ്വാസം മുട്ടിയാണ് മരിച്ചതെന്നും ഇരുവരും പറഞ്ഞു.
മണിക്കൂറുകളോളം എസ്.ഐ അനൂപ് പലവിധത്തില്‍ ചോദ്യം ചെയ്തെങ്കിലും മദ്യലഹരിയില്‍ പരസ്പര വിരുദ്ധമായിരുന്നു ഇരുവരുടെയും മറുപടി. വ്യക്തമായ മറുപടി ലഭിക്കാതെ വന്നതോടെ പൊലീസ് ക്ലേശിച്ചു. അതിനിടെ പഴയ സി.ഐ ഓഫിസിന് പിറകിൽ കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ സൂക്ഷിക്കുന്ന കാട്ടിലാണ് കുഞ്ഞിനെ കുഴിച്ചിട്ടതെന്ന കാര്യം സുധ വെളിപ്പെടുത്തുകയും, സ്ഥലം കാട്ടിക്കൊടുക്കുകയും ചെയ്തു. പൊലീസ് കാവല്‍ഏര്‍പ്പെടുത്തി.
സംഭവമറിഞ്ഞ് ആലുവ ഡിവൈ.എസ്.പി പ്രഫുല്ലചന്ദ്രനും, പിന്നീട് ജില്ല റൂറല്‍ എസ്.പി രാഹുല്‍.ആര്‍.നായരും അങ്കമാലി സ്റ്റേഷനിലെത്തി ദമ്പതികളെ ചോദ്യം ചെയ്തിട്ടും ഫലമുണ്ടായില്ല. വൈകുന്നേരത്തോടെ ഫോര്‍ട്ട്കൊച്ചി ആര്‍.ഡി.ഒയുടെ സാന്നിധ്യത്തില്‍ കുഞ്ഞിെൻറ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിന് എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ചത്തെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ.
മണികണ്ഠന്‍ മലയാളിയാണ്. ഉറ്റവരും ഉടയവരുമില്ലെന്നാണ് പറയുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പെ അങ്കമാലിയിലെത്തിയതാണ്. ഇരുവരും മദ്യപിച്ച് ബഹളമുണ്ടാക്കുന്നതും, വഴക്കിടുന്നതും, കുഞ്ഞിനെ പൊരിവെയിലത്ത് കിടത്തുന്നതും പതിവായിരുന്നു. ഇതേത്തുടര്‍ന്ന് മൂന്ന് മാസം മുമ്പ് സുധയേയും കുഞ്ഞിനെയും പൊലീസ് കസ്റ്റഡിയിലെടുത്ത് അഭയകേന്ദ്രത്തിലെത്തിച്ചെങ്കിലും ദിവസങ്ങള്‍ക്കകം അമ്മയും കുഞ്ഞും പുറത്ത് കടക്കുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.