പറവൂർ കൂട്ടക്കൊലക്കേസ് പ്രതിയുടെ വീടിനുനേരെ ആക്രമണം; ജനലുകൾ അടിച്ചുതകർത്തു
text_fieldsപറവൂർ: ചേന്ദമംഗലം കൂട്ടക്കൊലക്കേസിലെ പ്രതി റിതു ജയന്‍റെ വീടിനുനേരെ മിന്നൽ ആക്രമണം. ഞായറാഴ്ച വൈകീട്ട് ആറിന് ഒരുകൂട്ടം ആളുകളെത്തി ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തിൽ വീടിന്റെ മുൻഭാഗത്തെയും ഒരുവശത്തെയും ജനൽചില്ലുകൾ തകർന്നു. വീടിന്റെ സിറ്റൗട്ടിലെ ഒരുഭാഗം കോൺക്രീറ്റ് കമ്പിപ്പാര ഉപയോഗിച്ച് പൊളിച്ചിട്ടുണ്ട്. സംഭവമറിഞ്ഞ് വടക്കേക്കര, പുത്തൻവേലിക്കര, പറവൂർ സ്റ്റേഷനുകളിൽനിന്ന് കൂടുതൽ പൊലീസുകാരെത്തി സുരക്ഷ ശക്തമാക്കി. മുനമ്പം ഡിവൈ.എസ്.പി എസ്. ജയകൃഷ്ണൻ സ്ഥലത്തെത്തി. കേസിലെ പ്രതി റിതുവിനെ കസ്‌റ്റഡിയിൽ വാങ്ങാനുള്ള പൊലീസിന്‍റെ അപേക്ഷ പറവൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തിങ്കളാഴ്ച പരിഗണിക്കാനിരിക്കെയാണ് സംഭവം.
അഞ്ചുദിവസത്തേക്ക് കസ്‌റ്റഡിയിൽ വേണമെന്നാണ് പൊലീസ് ആവശ്യം. കസ്‌റ്റഡിയിൽ ലഭിച്ചാൽ വിശദമായി ചോദ്യംചെയ്യുകയും കൊല നടന്ന വീട്ടിലെത്തി തെളിവെടുപ്പ് നടത്തുകയും ചെയ്യും. റിതുവിനെ തെളിവെടുപ്പിന് കൊണ്ടുവരുമ്പോൾ വലിയ ജനരോഷം ഉണ്ടാകാൻ സാധ്യതയുണ്ട്. ഇയാളെ റിമാൻഡ് ചെയ്യാനായി കോടതിയിൽ ഹാജരാക്കിയപ്പോൾ ശക്തമായ പ്രതിഷേധം ഉയരുകയും ആക്രമണശ്രമങ്ങൾ ഉണ്ടാവുകയും ചെയ്‌തിരുന്നു. ഈ വീട്ടിൽ റിതുവിന്‍റെ മാതാപിതാക്കളാണ് താമസിച്ചിരുന്നത്. എന്നാൽ, കൊലക്കേസിൽ റിതു പ്രതിയായതിനെത്തുടർന്ന് ഇവർ ഇവിടെനിന്ന് കെടാമംഗലത്തുള്ള ബന്ധുവീട്ടിലേക്ക് താമസം മാറിയിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് അന്വേഷണം നടത്തി രണ്ടുപേരെ കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. സ്ഥലത്ത് പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.