ചോദ്യക്കടലാസ് അച്ചടി അഴിമതി: മൂന്നുപേർക്ക് തടവും പിഴയും
text_fieldsതിരുവനന്തപുരം: എസ്.എസ്.എൽ.സി ചോദ്യക്കടലാസ് അച്ചടി അഴിമതിക്കേസിൽ വിദ്യാഭ്യാസ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടർ ഉൾപ്പെടെ മൂന്നുപേർക്ക് തടവും പിഴയും. കേസിലെ രണ്ടാംപ്രതിയും പ്രിന്റേഴ്സ് ഉടമയുമായ അന്നമ്മ ചാക്കോ, നാലാംപ്രതിയും പരീക്ഷ ഭവൻ സെക്രട്ടറിയുമായിരുന്ന എസ്. രവീന്ദ്രൻ, ആറാംപ്രതിയും വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുമായിരുന്ന വി. സാനു എന്നിവരെയാണ് തിരുവനന്തപുരം സി.ബി.ഐ കോടതി ശിക്ഷിച്ചത്.
അന്നമ്മ ചാക്കോയെ അഞ്ച് വർഷം തടവിനും സാനുവിനെയും എസ്. രവീന്ദ്രനെയും നാലുവർഷം വീതം തടവിനുമാണ് ശിക്ഷിച്ചത്. ഇവരിൽനിന്ന് 12.5 ലക്ഷം രൂപ പിഴ ഈടാക്കാനും കോടതി ഉത്തരവിട്ടു. 2002ൽ എസ്.എസ്.എൽ.സി ചോദ്യപേപ്പർ അച്ചടിക്കാൻ പുറംകരാർ നൽകിയതിലൂടെ 1.33 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നായിരുന്നു സി.ബി.ഐ കുറ്റപത്രം. ഏഴുപേരായിരുന്നു പ്രതികൾ. അന്നമ്മ ചാക്കോ, രാജേന്ദ്രൻ, സാനു എന്നിവർക്ക് പുറമെ വിശ്വനാഥൻ പ്രിന്റേഴ്സ് ആൻഡ് പബ്ലിഷേഴ്സ് എം.ഡിയായിരുന്ന വി. സുബ്രഹ്മണ്യൻ, ചെന്നൈ സ്വദേശിയായ പ്രിന്റേഴ്സ് ആൻഡ് പബ്ലിഷേഴ്സ് ജനറൽ മാനേജർ രാജൻ വർഗീസ് ചാക്കോ, എ.ഇ.ഒ ഓഫിസിലെ മുൻ സീനിയർ സൂപ്രണ്ട് സി.പി. വിജയൻ നായർ, പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് കെ. അജിത്കുമാർ എന്നിവരായിരുന്നു പ്രതികൾ. ഇവർ നാലുപേരും വിചാരണകാലത്ത് മരിച്ചു. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ബിന്ദു വിജയൻ, സിന്ധു രാജേന്ദ്രൻ എന്നിവരെ നേരത്തെ കോടതി ശിക്ഷിച്ചിരുന്നു.
എസ്.എസ്.എൽ.സി ചോദ്യപേപ്പർ ചോർച്ചയും ചോദ്യക്കടലാസ് അച്ചടി അഴിമതിയും സംസ്ഥാനത്ത് ഏറെ വിവാദമുയർത്തിയിരുന്നു. നിലവിലെ ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ മൊഴിയുൾപ്പെടെ കോടതി രേഖപ്പെടുത്തി. അഴിമതി നടക്കുമ്പോൾ ജോയ് പരീക്ഷ ഭവൻ സെക്രട്ടറിയായിരുന്നു. പരീക്ഷയുടെ ചോദ്യക്കടലാസ് അച്ചടിച്ചതിൽ കുറഞ്ഞ ടെൻഡറാണ് നൽകിയതെന്ന് ചീഫ് സെക്രട്ടറി മൊഴി നൽകിയിരുന്നു. കണക്കുകൾ നോക്കി നടത്തേണ്ട അധികാരം പരീക്ഷ ഭവൻ സെക്രട്ടറിക്കായിരുന്നു. സെക്രട്ടറി പരിശോധിച്ച് നൽകിയ ഫയലുകൾ ഒപ്പിടുക മാത്രമാണ് താൻ ചെയ്തതെന്നുമായിരുന്നു ജോയിയുടെ മൊഴി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.