തിരുവനന്തപുരത്ത് ക്രിസ്മസ് ആഘോഷത്തിനിടെ കടലിൽ കുളിക്കാനിറങ്ങിയ മൂന്നുപേരെ കാണാതായി
text_fieldsകഴക്കൂട്ടം: ക്രിസ്മസ് ആഘോഷത്തിനിടെ കടലിൽ കുളിക്കാനിറങ്ങിയ മൂന്നുപേരെ കാണാതായി; ഒരാളുടെ മൃതദേഹം കിട്ടി. തിരുവനന്തപുരം പുത്തൻതോപ്പിൽ രണ്ടുപേരെയും അഞ്ചുതെങ്ങ് മാമ്പള്ളിയിൽ ഒരാളെയുമാണ് കാണാതായത്.
പുത്തൻതോപ്പ് ചിറ്റാറ്റുമുക്കിൽ ഷൈൻ നിവാസിൽ ശ്രേയസ് (16), കണിയാപുരം മസ്താൻമുക്കിൽ അബ്ദുൽ സലാം-സബീന ദമ്പതികളുടെ മകൻ സാജിദ് (19) എന്നിവരെയാണ് പുത്തൻതോപ്പിൽ കടലിൽ കാണാതായത്. അഞ്ചുതെങ്ങിൽ മാമ്പള്ളി സ്വദേശി സാജൻ ആന്റണിയുടെ (34) മൃതദേഹം കണ്ടെത്തി. ഞായറാഴ്ച വൈകുന്നേരം അഞ്ചരക്കായിരുന്നു അപകടം. കടലിൽ കുളിക്കാനിറങ്ങിയതായിരുന്നു മൂന്നുപേരും. ഞായറാഴ്ചതന്നെ കോസ്റ്റൽ പൊലീസും മത്സ്യത്തൊഴിലാളികളും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
പുത്തൻതോപ്പിൽ ഒഴുക്കിൽപെട്ട് കടലിൽ മുങ്ങിയ ഒരാളെ മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി.
ഞായറാഴ്ച ഉച്ചക്ക് തുമ്പയിൽ കടലിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. തുമ്പ ആറാട്ടുവഴി സ്വദേശി ഫ്രാങ്കോയാണ് (38) മരിച്ചത്. കടലിൽ മുങ്ങിയ ഫ്രാങ്കോയെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മുതലപ്പൊഴിയിൽ കടലിലിറങ്ങിയ സ്ത്രീ ഒഴുക്കിൽപെട്ടു. സ്ഥലത്തുണ്ടായിരുന്ന കോസ്റ്റൽ വാർഡന്മാർ അവരെ രക്ഷപ്പെടുത്തി കരക്കെത്തിച്ചു. തിങ്കളാഴ്ച രാവിലെ കോസ്റ്റൽ പൊലീസിന്റെയും മത്സ്യത്തൊഴിലാളികളുടെയും നേതൃത്വത്തിൽ മറൈൻ എൻഫോഴ്സ്മെന്റിന്റെ ബോട്ടിലാണ് തിരച്ചിൽ നടത്തിയത്. വലിയ തിരമാലകളും ശക്തമായ അടിയൊഴുക്കുമാണ് അപകടകാരണമായി മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. കടൽ പ്രക്ഷുബ്ധമായതിനെ തുടർന്ന് കടലിൽ ഇറങ്ങരുതെന്ന് നേരത്തേതന്നെ പൊലീസ് അറിയിച്ചിരുന്നെങ്കിലും വിലക്കുകൾ ലംഘിച്ചായിരുന്നു പലരും കുളിക്കാനിറങ്ങിയത്. ഇതാണ് അപകടത്തിന്റെ വ്യാപ്തി വർധിച്ചത്. അപകട വാർത്തയറിഞ്ഞ് ശ്രേയസ്സിന്റെ പിതാവ് ബിനു വിദേശത്തുനിന്ന് നാട്ടിലെത്തിയിരുന്നു. ഫ്രാങ്കോയുടെ മൃതദേഹം ചൊവ്വാഴ്ച സംസ്കരിക്കും. തുമ്പ ഇടവകയിലാണ് സംസ്കാരം.
കേടുപാടുകളെ തുടർന്ന് കൊല്ലത്ത് അറ്റകുറ്റപ്പണികൾക്കായി നൽകിയ കോസ്റ്റൽ പൊലീസിന്റെ റെസ്ക്യൂ ബോട്ട് ഇന്ധനത്തിന് പണമില്ലാത്തതിനെതുടർന്ന് മൂന്നുമാസത്തിലേറെയായി അഞ്ചുതെങ്ങിൽ തിരിച്ചെത്തിക്കാൻ സാധിച്ചിട്ടില്ല. ഇത് കോസ്റ്റൽ പൊലീസിന്റെ തെരച്ചിലിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.