‘പൊലീസ് കൈകൊണ്ട് ഇടിച്ചു എന്ന കുറ്റം മാത്രമേയുള്ളൂ, പ്രതികളുടെ രണ്ട് വർഷത്തെ ഇൻക്രിമെന്റ് കട്ട് ചെയ്തു’; സുജിത്തിനെ മർദിച്ചതിനെ ലളിതമാക്കി ഡി.ഐ.ജി റിപ്പോർട്ട്
text_fields1. കുന്നംകുളം സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ വി.എസ്. സുജിത്തിനെ മർദിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യം 2. തൃശ്ശൂർ ഡി.ഐ.ജി ഹരിശങ്കർ
തൃശൂർ: യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്. സുജിത്തിനെ പൊലീസ് സ്റ്റേഷനിൽ വെച്ച് അതിക്രൂരമായി മർദിച്ചതിനെ കുറിച്ച് ഡി.ജി.പി.ക്ക് നൽകിയത് സംഭവത്തെ ലളിതവത്കരിക്കുന്ന റിപ്പോർട്ട്. പൊലീസ് കൈകൊണ്ട് ഇടിച്ചു എന്ന കുറ്റം മാത്രമേയുള്ളൂ എന്നാണ് തൃശ്ശൂർ ഡി.ഐ.ജി ഹരിശങ്കറിന്‍റെ റിപ്പോർട്ടിലുള്ളത്. മർദനത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്ന സാഹചര്യത്തിലാണ് തൃശ്ശൂർ ഡി.ഐ.ജിയുടെ നടപടി.
പരാതിയുയർന്ന അന്നുതന്നെ നടപടിയെടുത്തെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സംഭവത്തിൽ നാലു ഉദ്യോഗസ്ഥരുടെയും രണ്ട് വർഷത്തെ ഇൻക്രിമെന്റ് കട്ട് ചെയ്യുകയും അവരെ സ്റ്റേഷനിൽ നിന്ന് സ്ഥലംമാറ്റുകയും ചെയ്തു എന്നും റിപ്പോർട്ടിൽ പറയുന്നു. പൊലീസ് കൈകൊണ്ട് ഇടിച്ചു എന്ന കുറ്റം മാത്രമേയുള്ളൂ എന്നും റിപ്പോർട്ടിലുണ്ട്. കോടതിയും ആ കേസ് മാത്രമാണ് എടുത്തത്.
നിലവിൽ കുന്നംകുളം കോടതി നേരിട്ട് കേസന്വേഷിക്കുകയാണ്. കോടതിയുത്തരവ് വന്ന ശേഷം തുടർ നടപടി ആകാമെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. റിപ്പോർട്ടിൽ കൂടുതൽ നടപടിക്ക് ശിപാർശ ഡി.ഐ.ജി ചെയ്തിട്ടില്ല. അതേസമയം, പൊലീസ് സേനയിൽ 62,000 പേർ ജോലി ചെയ്യുന്നുണ്ടെന്നും അതിനാൽ ഈ സംഭവം പൊതുവത്കരിക്കരുതെന്നുമാണ് ഹരിശങ്കർ മാധ്യമപ്രവർത്തരോട് പറഞ്ഞത്.
യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിനെ അകാരണമായി പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തായത്. സുജിത്തിനെ മർദിച്ച് പരിക്കേൽപിച്ച സംഭവത്തിൽ കുന്നംകുളം സ്റ്റേഷനിലെ എസ്.ഐ ഉൾപ്പെടെ നാല് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കുന്നംകുളം കോടതി കേസെടുത്ത നടപടിക്ക് പിന്നാലെയാണ് മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്.
സുജിത്ത് നടത്തിയ രണ്ട് വർഷത്തിലേറെ നീണ്ട നിരന്തരമായ നിയമപോരാട്ടങ്ങൾക്കൊടുവിലാണ് സി.സി ടി.വി ദൃശ്യങ്ങൾ ലഭ്യമായത്. കേസിന്റെ തുടക്കത്തിലേ ദൃശ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, നൽകാൻ പൊലീസ് തയാറായില്ല. സംസ്ഥാനത്തെ എല്ലാ സ്റ്റേഷനുകളിലെയും സി.സി ടി.വികൾ പരസ്പരബന്ധിതമാണെന്നും ദൃശ്യങ്ങൾ നിശ്ചിത ദിവസങ്ങൾക്ക് ശേഷം വീണ്ടെടുക്കാൻ സാധ്യമല്ലെന്നുമാണ് അറിയിച്ചത്. തുടർന്ന് നൽകിയ അപ്പീൽ അപേക്ഷയിൽ സംസ്ഥാന വിവരാവകാശ കമീഷൻ പൊലീസ് സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ നൽകാൻ ഉത്തരവിടുകയായിരുന്നു.
2023 ഏപ്രിൽ അഞ്ചിനാണ് സുജിത്തിനെ പൊലീസ് മർദിച്ചത്. സംഭവ ദിവസം ചൊവ്വന്നൂരിൽ വഴിയരികിൽ നിന്നിരുന്ന സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തുന്നത് ശ്രദ്ധയിൽപ്പെട്ട സുജിത്ത് കാര്യം തിരക്കുകയും ഇത് ഇഷ്ടപ്പെടാതിരുന്ന കുന്നംകുളം സ്റ്റേഷനിലെ എസ്.ഐ നുഅ്മാൻ സുജിത്തിനെ ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു.
തുടർന്ന് സ്റ്റേഷനിലെ ഇടിമുറിയിൽ വെച്ച് എസ്.ഐ നുഅ്മാൻ, സി.പി.ഒമാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവർ ദേഹോപദ്രവം ഏൽപിക്കുകയും ചെയ്തു. മദ്യപിച്ച് പ്രശ്നമുണ്ടാക്കുകയും പൊലീസിനെ ഉപദ്രവിക്കുകയും കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്ന വ്യാജ എഫ്.ഐ.ആർ ഉണ്ടാക്കി സുജിത്തിനെ റിമാൻഡ് ചെയ്യാനായിരുന്നു പൊലീസ് ലക്ഷ്യമിട്ടിരുന്നത്.
എന്നാൽ, വൈദ്യപരിശോധനയിൽ സുജിത്ത് മദ്യപിച്ചിട്ടില്ലെന്ന് മനസ്സിലാക്കിയ ചാവക്കാട് മജിസ്ട്രേറ്റ് കോടതി സുജിത്തിന് ജാമ്യം അനുവദിക്കുകയായിരുന്നു. തുടർന്ന് കോടതിയുടെ നിർദേശാനുസരണം നടത്തിയ വൈദ്യപരിശോധനയിൽ സുജിത്തിന്റെ ചെവിക്ക് കേൾവി തകരാർ സംഭവിച്ചു എന്നറിയാൻ കഴിഞ്ഞു. തുടർന്ന് സുജിത്ത് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്കും മനുഷ്യാവകാശ കമീഷനും പരാതി നൽകുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.