മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ നിലച്ച സംഭവം: പരാതികളിലെല്ലാം ക്ലീൻ ചിറ്റ്
text_fieldsതൃശൂർ: തൃശൂർ മെഡിക്കൽ കോളജിലെ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ നിലച്ച സംഭവത്തിൽ പരാതിപ്പെട്ട ഡോക്ടർക്കെതിരെ തുടരെ നടപടികളുണ്ടാകുമ്പോഴും പരാതിയിൽ ഉന്നയിച്ച വിഷയങ്ങളിൽ ക്ലീൻ ചിറ്റ്. ആശുപത്രി വികസന സൊസൈറ്റി (എച്ച്.ഡി.എസ്) നിയമിച്ച പെർഫ്യൂഷനിസ്റ്റിന്‍റെ കാര്യക്ഷമതയില്ലായ്മ, അടുത്തിടെയുണ്ടായ മരണം തുടങ്ങി കാർഡിയോ തൊറാസിക് സർജൻ ഉന്നയിച്ച വിഷയങ്ങളിലൊന്നും നടപടിയില്ല.
അതേസമയം, കാർഡിയോ തൊറാസിക് സർജൻ ഡോ. അഷ്റഫ് ഉസ്മാനെ സ്ഥലം മാറ്റിയതിന് പിന്നാലെ കാരണം കാണിക്കൽ നോട്ടീസും നൽകി. ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ നിലച്ചു എന്നുള്ള വാർത്തകൾ മാധ്യമങ്ങളിൽ വന്നത് സർക്കാറിനും ആരോഗ്യവകുപ്പിനും അപകീർത്തിപരവും അതൃപ്തി ഉളവാക്കുന്നതുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡോക്ടർക്ക് മെമോ നൽകിയത്. പത്ത് ദിവസത്തിനകം മറുപടി നൽകാൻ ആവശ്യപ്പെട്ടാണ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. കെ.വി. വിശ്വനാഥൻ മെമോ നൽകിയത്.
മെഡിക്കൽ കോളജ് പ്രിൻസിപ്പലും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും നിയോഗിച്ച വിദഗ്ധ സമിതികളുടെ അന്വേഷണ റിപ്പോർട്ടിൽ പെർഫ്യൂഷനിസ്റ്റിന് മതിയായ യോഗ്യതയുണ്ടെന്നും ശസ്ത്രക്രിയക്ക് ആവശ്യമായ സൗകര്യങ്ങളുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, രോഗിയുടെ അസ്വാഭാവിക മരണം, പെർഫ്യൂഷനിസ്റ്റിന്‍റെ കാര്യക്ഷമതയില്ലായ്മ തുടങ്ങിയ വിഷയങ്ങൾ സംബന്ധിച്ച വിശദ വിവരങ്ങൾ റിപ്പോർട്ടിലില്ലെന്നാണ് സൂചന.
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നിയോഗിച്ച സമിതി മെഡിക്കൽ കോളജ് സന്ദർശിച്ചപ്പോൾ രോഗികൾ അഡ്മിറ്റ് ആയിരുന്നില്ല. ഈ സാഹചര്യത്തിൽ പെർഫ്യൂഷനിസ്റ്റിന്‍റെ കാര്യക്ഷമത പരിശോധന കൃത്യമായി നടത്താൻ കഴിയില്ലെന്ന് കാർഡിയോ തൊറാസിക് വിദഗ്ധർ തന്നെ പറയുന്നു. ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ കഴിഞ്ഞ രോഗി മരിച്ചത് സംബന്ധിച്ചും വ്യക്തമായ മറുപടിയില്ല.
അതേസമയം, മെഡിക്കൽ കോളജിൽ ആഴ്ചയിൽ അഞ്ച് ദിവസവും ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ ചെയ്യാനുള്ള സൗകര്യമുണ്ട്. അഞ്ച് പി.സി.എം മെഷീനും വെൻറിലേറ്ററും അടക്കം ഉപയോഗിക്കാതെ കിടക്കുകയാണ്. ആഴ്ചയിൽ അഞ്ച് ദിവസവും ശസ്ത്രക്രിയ നടത്തുന്നതിന് 13 നഴ്സുമാരെ അടക്കം നിയമിക്കാൻ നടപടി വേണമെന്ന് ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് സ്ഥലം മാറ്റപ്പെട്ട ഡോ. അഷ്റഫ് ഉസ്മാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇക്കാര്യങ്ങളിലൊന്നും മാസങ്ങളായി നടപടിയുണ്ടായില്ല. ഇതിനിടെയാണ് ശസ്ത്രക്രിയ നിർത്തിവെക്കലും നടപടികളുമുണ്ടായത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.