തൃശൂർ വോട്ട് വിവാദം; വി.എസ് സുനിൽകുമാറിന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ നോട്ടീസ്
text_fieldsതൃശൂർ: 2024 ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂരിലെ വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേടുണ്ടായെന്ന ആക്ഷേപത്തിൽ ഇടതുമുന്നണി സ്ഥാനാർഥിയായിരുന്ന വി.എസ്. സുനിൽകുമാറിനോട് സത്യവാങ്മൂലം ആവശ്യപ്പെട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ. വാർത്തസമ്മേളനത്തിലെ പരാമർശങ്ങളുടെ അടിസ്ഥാനത്തിലാണ് നോട്ടീസ്.
ജില്ല വരണാധികാരിയായിരുന്ന കലക്ടർക്കെതിരെ നടത്തിയ പരാമർശങ്ങൾ യാഥാർഥ്യത്തിന് നിരക്കാത്തതാണെന്ന് നോട്ടീസിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
അതേസമയം, വാർത്തസമ്മേളനത്തിലെ പരാമർശങ്ങളുടെ പേരിൽ നോട്ടീസ് നൽകാൻ കഴിയുന്ന തെരഞ്ഞെടുപ്പ് കമീഷന് പരാതിയില്ലാതെ സ്വമേധയാ അന്വേഷിക്കാൻ കഴിയുമല്ലോയെന്ന് സുനിൽകുമാർ ചോദിച്ചു. സത്യവാങ്മൂലം നൽകാനാണ് ആലോചനയെന്നും ഇതുസംബന്ധിച്ച് ഹൈകോടതി അഭിഭാഷകന്റെ നിയമോപദേശം തേടിയിട്ടുണ്ടെന്നും അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു. ബി.ജെ.പിയുടെ മിസ്ഡ്കാൾ അംഗത്വംപോലെയാണ് പോസ്റ്റ് കാർഡ് വിലാസത്തിന്റെ പേരിൽ വോട്ടർപട്ടികയിൽ പേരുചേർക്കൽ സംഭവങ്ങളെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തൃശൂർ ലോക്സഭ മണ്ഡലത്തിൽ വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേട് നടന്നുവെന്നും മുഖ്യ വരണാധികാരിയായ ജില്ല കലക്ടർക്ക് എൽ.ഡി.എഫ് ചീഫ് ഇലക്ഷൻ ഏജന്റ് കെ.പി. രാജേന്ദ്രൻ പരാതി നൽകിയിരുന്നെങ്കിലും പരിഗണിച്ചില്ലെന്നുമാണ് സുനിൽകുമാർ വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കിയത്.
"ബി.ജെ പി കൗൺസിലർമാരുടെ സ്ഥലത്താണ് വോട്ടർമാരെ കൊണ്ടുവന്ന് താമസിപ്പിച്ചത്. അന്നത്തെ ജില്ല കലക്ടറുടെ പ്രവർത്തനത്തിൽ സംശയമുണ്ട്. കലക്ടർ അത്ര മാന്യനായിരുന്നെന്ന് തോന്നുന്നില്ല. തെരഞ്ഞെടുപ്പിന് പിന്നാലെ ബി.ജെ.പി സഖ്യസർക്കാറിന്റെ ഉപമുഖ്യമന്ത്രിയുടെ സെക്രട്ടറിയായി അദ്ദേഹം പോയി. നിരവധി വോട്ടർമാരെ മറ്റ് മണ്ഡലങ്ങളിൽ നിന്നും ജില്ലകളിൽ നിന്നും ബി.ജെ.പി തൃശൂർ മണ്ഡലത്തിലെ ബൂത്തുകളിൽ ചേർക്കുകയാണ് ചെയ്തത്. പൂങ്കുന്നം മേഖലയിലെ 30, 37 നമ്പർ ബൂത്തുകളിലെ നിരവധി വോട്ടുകൾ അന്തിമപട്ടികയിൽ പുതുതായി ചേർത്തു. ഇതിൽ ഭൂരിപക്ഷ വോട്ടർമാരും മണ്ഡലത്തിൽ താമസക്കാതല്ലാത്തവരാണ്. ഒരു പോസ്റ്റ് കാർഡ് ഹാജരാക്കിയാൽ പോലും വോട്ടറാകാമെന്ന നിബന്ധനയുടെ പഴുതുപയോഗിച്ചാണ് വോട്ടർമാരെ ചേർത്തത്.
മുഖ്യ വരണാധികാരിയായ ജില്ല കലക്ടർക്ക് എൽ.ഡി.എഫ് ചീഫ് ഇലക്ഷൻ ഏജന്റ് കെ.പി. രാജേന്ദ്രൻ പരാതി നൽകിയിരുന്നു. ഇതേകാര്യം യു.ഡി.എഫ് പ്രതിനിധി കെ.വി. ദാസനും ഉന്നയിച്ചു. എന്നാൽ, വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ പരാതി പരിഗണിച്ചില്ല. പുറത്തുനിന്നുള്ള വോട്ടർമാരെ ഉൾക്കൊള്ളിച്ചുള്ള പട്ടികയാണ് പ്രസിദ്ധീകരിച്ചത്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ പത്രക്കുറിപ്പ് വസ്തുതാവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. കമീഷന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായി." -സുനിൽകുമാർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.