മംഗളൂരുവിലെ റിഫൈനറിയിൽ വിഷവാതക ചോർച്ച; മലയാളി അടക്കം രണ്ടു പേർക്ക് ദാരുണാന്ത്യം
text_fieldsമംഗളൂരു: മംഗളൂരുവിലെ റിഫൈനറിയിൽ നിന്ന് വിഷവാതകം ശ്വസിച്ച് മലയാളി അടക്കം രണ്ട് ജീവനക്കാർ മരിച്ചു. കോഴിക്കോട് കക്കോടി സ്വദേശി ബിജിൽ പ്രസാദ് (33), ഉത്തർപ്രദേശ് പ്രയാഗ് രാജ് സ്വദേശി ദീപ്ചന്ദ്ര ഭാരതീയ (32) എന്നിവരാണ് മരിച്ചത്.
മംഗളൂരു റിഫൈനറി ആൻഡ് പെട്രോ കെമിക്കൽസ് ലിമിറ്റഡിലാണ് (എം.ആർ.പി.എൽ) സംഭവം. റിഫൈനറിയിലെ പരിചയ സമ്പന്നരായ ഫീൽഡ് ഓപറേറ്റർമാരായിരുന്നു മരിച്ച രണ്ടു പേരും. അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പരിക്കേറ്റ കർണാടക ഗദാങ് സ്വദേശി വിനായക് മ്യാഗരി ആശുപത്രിയിൽ ചികിത്സയിലാണ്.
ഓയിൽ മൂവ്മെന്‍റ് ഏരിയയിലാണ് ഇരുവരും ഇന്നലെ രാത്രി മുതൽ ഡ്യൂഡി ചെയ്തിരുന്നത്. ഇന്ന് രാവിലെ ഡ്യൂട്ടിക്കെത്തിയ ജീവനക്കാരാണ് ഓയിൽ മൂവ്മെന്‍റ് ഏരിയയുടെ മുകൾഭാഗത്ത് ഇരുവരെയും ബോധരഹിതരായി കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിൽ ജീവൻ രക്ഷിക്കാനായില്ല.
ഓയിൽ മൂവ്മെന്‍റ് ഏരിയയുടെ സമീപത്ത് ഉണ്ടായിരുന്ന ഹൈഡ്രജൻ സൾഫേറ്റ് വാതക ടാങ്കിൽ നിന്ന് ചോർന്ന വിഷവാതകം ശ്വസിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തെ കുറിച്ച് വിശദ അന്വേഷണം നടത്തുമെന്ന് റിഫൈനറി അധികൃതരും പൊലീസും അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.