ട്രാക്ടർ യാത്ര: അജിത്കുമാറിന് വീഴ്ചയുണ്ടായി; ആവര്‍ത്തിക്കരുതെന്ന് ഡി.ജി.പിയുടെ താക്കീത്
text_fieldsതിരുവനന്തപുരം: ശബരിമലയിലെ വിവാദ ട്രാക്ടർ യാത്രയിൽ എ.ഡി.ജി.പി എം.ആര്‍. അജിത്കുമാറിന് വീഴ്ചയുണ്ടായതായി സംസ്ഥാന പൊലീസ് മേധാവിയുടെ അന്വേഷണ റിപ്പോർട്ട്.
ചട്ടം ലംഘിച്ച് ശബരിമല സന്നിധാനത്തേക്കും തിരിച്ചും ട്രാക്ടറിൽ യാത്ര ചെയ്തതായി എ.ഡി.ജി.പി സമ്മതിച്ചെന്നും ഇനി ഇത്തരം നടപടി ആവര്‍ത്തിക്കരുതെന്ന് താക്കീത് ചെയ്തതായും ഡി.ജി.പി റവഡ ചന്ദ്രശേഖർ ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയ റിപ്പോർട്ടിൽ പറയുന്നു. പമ്പയിൽനിന്ന് സന്നിധാനത്തേക്ക് നടക്കുന്നതിനിടെ കാലിന് വേദന അനുഭവപ്പെട്ടതിനാലാണ് ട്രാക്ടറില്‍ സഞ്ചരിച്ചതെന്ന അജിത്കുമാറിന്‍റെ വിശദീകരണം ദുര്‍ബലമാണ്.
രണ്ടുവർഷത്തോളം ശബരിമലയുടെ സുരക്ഷ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനിൽനിന്ന് ഇത്തരം നടപടിയുണ്ടായത് ഗുരുതര വീഴ്ചയാണ്. സന്നിധാനത്തേക്ക് സാധനങ്ങൾ കൊണ്ടുപോകാൻ ഉദ്ദേശിച്ചുള്ളതാണ് ട്രാക്ടറുകൾ. അപകടസാധ്യതയും അലക്ഷ്യമായി ഓടിക്കുന്നതും കാരണം ട്രാക്ടറുകളിൽ ആളുകൾ യാത്ര ചെയ്യുന്നത് ഹൈകോടതി നിരോധിച്ചിരുന്നു.
ഈ ഉത്തരവ് ലംഘിച്ചാണ് അജിത്കുമാർ ട്രാക്ടറിൽ യാത്ര ചെയ്തത്. എല്ലാ ഉദ്യോഗസ്ഥരും നിയമത്തിന് മുന്നിൽ തുല്യരാണെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ലെന്നും റിപ്പോർട്ടിലുണ്ട്.
വിഷയം ഹൈകോടതിയുടെ പരിഗണനയിലായതിനാൽ തുടർനടപടിക്കുള്ള ശിപാർശകളില്ലാതെയാണ് റിപ്പോർട്ട് കൈമാറിയത്. യാത്രയുടെ സി.സി.ടി.വി ദൃശ്യങ്ങളും റിപ്പോർട്ടിനൊപ്പമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.