റോഡരികിൽ പരിക്കേറ്റനിലയിൽ കണ്ടെത്തിയ ട്രാഫിക് എസ്.ഐ മരിച്ചു
text_fieldsവിചിത്രൻ
പന്തീരാങ്കാവ്: ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോൾ പരിക്കേറ്റ നിലയിൽ റോഡരികിൽ കണ്ടെത്തിയ സിറ്റി ട്രാഫിക് പോലീസ് എസ്.ഐ മണക്കടവ് സ്വദേശി ചെറാട്ട്പറമ്പത്ത് വിചിത്രൻ (52) മരിച്ചു. വെള്ളിയാഴ്ച രാത്രി 10.30ഓടെ ചാലപ്പുറം-മാങ്കാവ് റോഡിൽ മൂരിയാടായിരുന്നു അപകടം. രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്നു.
തലക്ക് ഗുരുതര പരിക്കേറ്റ് റോഡരികിൽ വീണുകിടന്ന വിചിത്രനെ ഓട്ടോറിക്ഷ തൊഴിലാളികളാണ് സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ശനിയാഴ്ച പുലർച്ചയോടെയാണ് മരിച്ചത്. അപകടത്തെക്കുറിച്ച് പൊലീസിന് വ്യക്തത ലഭിച്ചിട്ടില്ല. തലക്ക് പരിക്കേറ്റ നിലയിലായിരുന്നു. ഹെൽമറ്റ് തെറിച്ചുവീണ നിലയിലാണ്. സമീപത്തെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ല കമ്മിറ്റി അംഗമാണ്. പരേതരായ ചെറാട്ട്പറമ്പത്ത് നാണു-തങ്കം ദമ്പതികളുടെ മകനാണ്. ഭാര്യ: ജയശ്രീ. മക്കൾ: ശ്രുതി, വൈഭവ് (എസ്.എൻ.ഇ.എസ് കോളജ് ചാത്തമംഗലം). സഹോദരങ്ങൾ: പവിത്രൻ (പി.ഡബ്ല്യു.ഡി കോൺട്രാക്ടർ), അനീഷ്. സഞ്ചയനം ബുധനാഴ്ച.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.