വില്പത്രം പ്രതിസന്ധിയിൽ
text_fieldsതിരുവനന്തപുരം: വില്പത്ര ഭൂമിയുടെ പോക്കുവരവിന് അവകാശ സര്‍ട്ടിഫിക്കറ്റും അവകാശികളുടെ സമ്മതവും കൂടി വേണമെന്ന വ്യവസ്ഥ പ്രാബല്യത്തിൽ വന്നതിന് പിന്നാലെ വില്പത്ര സ്വത്തുക്കളുടെ കൈമാറ്റം അനിശ്ചിതത്വത്തിൽ. വില്പത്ര ഭൂമിയുടെ കൈമാറ്റം, പണയപ്പെടുത്തല്‍ എന്നിവക്ക് വിവിധ ബുദ്ധിമുട്ടുകൾ നേരിട്ടുതുടങ്ങിയതിനൊപ്പം ഇത്തരം സ്വത്തുക്കൾക്ക് ചില ബാങ്കുകൾ വായ്പയും നിഷേധിക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് പോക്കുവരവ് ചെയ്ത് ഭൂനികുതി അടയ്ക്കുന്ന ഭൂമി പണയപ്പെടുത്തി വായ്പ എടുക്കുന്നതിനുപോലും ബാങ്കുകൾ അവകാശ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുകയാണ്.
രജിസ്റ്റര്‍ ചെയ്ത വില്പത്രഭൂമിയുടെ പോക്കുവരവിന് അവകാശ സര്‍ട്ടിഫിക്കറ്റും അതിലെ അവകാശികളുടെ സമ്മതവും കൂടി വേണമെന്ന ഹൈകോടതി വിധിക്ക് പിന്നാലെയാണ് ഇക്കാര്യം ഉറപ്പാക്കാൻ റവന്യൂ വകുപ്പ് ഈ വർഷം തുടക്കത്തിൽ നിർദേശം നൽകിയത്.
വിൽപത്ര ഭൂമിയുടെ പോക്കുവരവിന് കൃത്യമായ നിയമം സംസ്ഥാനത്ത് ഇല്ലാത്ത സാഹചര്യത്തിലാണ് ഒരുകൂട്ടം ഹരജികൾ പരിഗണിക്കവെ ഇത്തരമൊരു ഉത്തരവ് ഹൈകോടതി പുറപ്പെടുവിച്ചത്. റവന്യൂ വകുപ്പിന്റെ സർക്കുലറിന് പിന്നാലെ ഭൂമി പോക്കുവരവിന് അപേക്ഷിക്കുന്നവരോട് റവന്യൂ അധികാരികള്‍ അവകാശ സര്‍ട്ടിഫിക്കറ്റും, അവകാശികളുടെ സമ്മതവും ആവശ്യപ്പെട്ടുതുടങ്ങിയിട്ടുണ്ട്. പലർക്കും ഇതൊക്കെ സമാഹരിക്കാൻ വലിയ ബുദ്ധിമുട്ടാണ്.
അനന്തരാവകാശികൾക്ക് സ്വത്ത് കൈമാറാൻ രണ്ട് തരത്തിലാണ് സാധാരണ കഴിയുക. വിൽപത്രം, അല്ലെങ്കിൽ ധനനിശ്ചയം/ഇഷ്ടദാനം കരാർ. എത്ര ഉയര്‍ന്ന മൂല്യമുള്ള ഭൂമിയും വില്പത്രത്തിലൂടെ കൈമാറുന്നതിന് രജിസ്ട്രേഷന് ഫീസ് പരമാവധി 600 രൂപയാണ്.
വിൽപത്രം അത് എഴുതിയ ആളുടെ മരണശേഷവും ധനനിശ്ചയം/ഇഷ്ടദാനം ഉടനടിയുമാണ് പ്രാബല്യത്തിൽ വരിക. വിൽപത്രം ജീവിതകാലത്ത് എത്രതവണ വേണമെങ്കിലും പരിഷ്കരിക്കാം. മരണത്തിന് മുമ്പ് അവസാനം എഴുതിയതിനാകും നിയമപ്രാബല്യം. ഈ തരത്തിൽ ഏറെ സൗകര്യപ്രദമാണ് വിൽപത്രം.
എന്നാല്‍ ധനനിശ്ചയം/ഇഷ്ടദാനത്തിന് ന്യായവിലയുടെ 1.2 ശതമാനം സ്റ്റാമ്പ് ഡ്യൂട്ടിയായും രജിസ്ട്രേഷന് ഫീസായും നല്‍കേണ്ടിവരും. ധനനിശ്ചയം നല്കുന്ന വസ്ത് റദ്ദ് ചെയ്യുന്നതിനോ വേറെ ആധാരം ചെയ്യുന്നതിനോ പ്രയാസവുമാണ്. ഈ സാഹചര്യങ്ങളിലാണ് ഉടമകൾ അവരുടെ സ്വത്തുക്കള്‍, തങ്ങളെ സംരക്ഷിക്കുന്ന മക്കള്‍ക്കോ, പേരക്കുട്ടികള്‍ക്കോ, ബന്ധുക്കള്‍ക്കോ, ഇഷ്ടക്കാര്‍ക്കോ വില്പത്രത്തിലൂടെ നല്‍കുന്നത്.
പുതിയ നിർദേശങ്ങളോടെ ചെലവു കുറഞ്ഞതും ലളിതവുമായ വിൽപത്ര കൈമാറ്റ രീതി സങ്കീർണമാകുകയാണ്. നിയമത്തിന്റെ നൂലാമാലകൾ ഒഴിവാക്കാൻ പണമേറെ ചെലവുള്ള ധനനിശ്ചയം/ഇഷ്ടദാനം തെരഞ്ഞെടുക്കേണ്ട അവസ്ഥയിലേക്കാണ് എത്തുന്നതെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.