‘അവന്തികയുടെ നീക്കം ബി.ജെ.പി നേതാക്കളുമായി ആലോചിച്ച്’; രാഹുലിനെതിരായ ആരോപണം പൊളിച്ച് കൂട്ടുകാരി
text_fieldsകോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങൾ ഉന്നയിച്ച ട്രാൻസ് യുവതിയും ബി.ജെ.പി പ്രവർത്തകയുമായ അവന്തികക്കെതിരെ സുഹൃത്ത് അന്ന രാജു രംഗത്ത്. അവന്തികയുടെ വെളിപ്പെടുത്തൽ രാഷ്ട്രീയപ്രേരിതമാണെന്ന് അന്ന രാജു വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
ബി.ജെ.പി നേതാക്കളുമായി കൂടിയാലോചിച്ചാണ് അവന്തികയുടെ നീക്കമെന്ന് കരുതുന്നു. രാഹുൽ മൂന്നു വർഷം മുമ്പ് ചാറ്റ് ചെയ്തെന്നാണ് അവന്തിക പറയുന്നത്. സംഭവം നടക്കുന്ന കാലയളവിൽ താനും അവന്തികയും ഒരുമിച്ച് ഒരു വീട്ടിലാണ് താമസിച്ചിരുന്നത്. രാഹുൽ വിളിക്കുമ്പോഴും മെസേജ് അയക്കുമ്പോഴും താൻ അവന്തികക്കൊപ്പം ഉണ്ടായിരുന്നുവെന്നും അന്ന രാജു പറയുന്നു.
രാഹുലും അവന്തികയും നല്ല സുഹൃത്തുക്കളായിരുന്നു. മൂന്നു വർഷം മുമ്പ് പേടിയായിരുന്നുവെന്ന് അവർ പറയുന്നത് കള്ളമാണ്. പല വിഷയങ്ങളിൽ ആലുവ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ താനും അവന്തികയും ഒരുമിച്ച് പങ്കെടുത്തിട്ടുണ്ട്. രാഹുൽ തെറ്റ് ചെയ്തിട്ടുണ്ടെങ്കിലും അന്നേ പ്രതികരിക്കാമായിരുന്നു.
2019 മുതൽ കേന്ദ്ര സർക്കാറിന്‍റെ ട്രാൻസ്ജെൻഡർ പ്രൊട്ടക്ഷൻ ആക്ട് നിലവിലുള്ളതാണ്. അന്നെല്ലാം സമൂഹമാധ്യമങ്ങളിൽ സജീവുമായിരുന്നു. ആരോപണം ഉന്നയിക്കാൻ രാഹുൽ എം.എൽ.എയാകുന്നത് വരെ കാത്തിരുന്നത് എന്തിനാണ്?.
രാഹുലുമായി ആരാണ് ആദ്യം ചാറ്റിങ് ആരംഭിച്ചതെന്ന് തനിക്കറിയാം. അവന്തികയോട് രാഹുൽ മോശമായി പെരുമാറിയിട്ടില്ല. ട്രാൻസ്ജെൻഡർ സമൂഹത്തിന് രാഹുലിൽ നിന്ന് മോശം പെരുമാറ്റം ഉണ്ടായിട്ടില്ലെന്നും ട്രാൻസ്ജെൻഡർ കോൺഗ്രസ് ജനറൽ സെക്രട്ടറി കൂടിയായ അന്ന രാജു വ്യക്തമാക്കി.
രാഹുൽ തനിക്ക് അശ്ലീല സന്ദേശമയച്ചതായും ബലാത്സംഗം ചെയ്യണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതായുമാണ് ട്രാൻസ്ജെൻഡർ യുവതിയും ബി.ജെ.പി പ്രവർത്തകയുമായ അവന്തിക ആരോപണം ഉന്നയിച്ചത്. എന്നാൽ തന്റെ കൈയിൽ യാതൊരു തെളിവുമില്ലെന്നും ആരോപണം തെറ്റാണെങ്കിൽ രാഹുലാണ് തെളിയിക്കേണ്ടതെന്നും വ്യക്തമാക്കി.
‘മൂന്ന് വർഷമായി രാഹുലിനെ പരിചയമുണ്ട്. ആദ്യമൊക്കെ രാത്രി 11ന് ശേഷമാണ് ഫോണിൽ വിളിച്ചിരുന്നത്. പിന്നീട് നിരന്തരം വിളിക്കാൻ തുടങ്ങി. ലൈംഗിക വൈകൃതമുള്ളയാളെ പോലെയാണ് രാഹുൽ സംസാരിച്ചിരുന്നത്. രാഷ്ട്രീയം സംസാരിച്ചിരുന്നില്ല. സന്ദേശങ്ങളെല്ലാം ലൈംഗിക ചുവയുള്ളവയായിരുന്നു. റിനി ജോർജിന്‍റെ വെളിപ്പെടുത്തലാണ് കാര്യങ്ങൾ തുറന്നു പറയാൻ എനിക്ക് പ്രേരണയായത്’ -അവർ പറഞ്ഞു.
തനിക്കെതിരായ അവന്തികയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി മാധ്യമങ്ങളെ കണ്ട രാഹുൽ, അവന്തികയുമായുള്ള ഫോൺ സംഭാഷണം പുറത്തുവിട്ടു. അവന്തികയും ഒരു മാധ്യമപ്രവർത്തകനും തമ്മിൽ നടത്തിയ സംഭാഷണം യുവതി രാഹുലിന് കൈമാറിയിരുന്നു. ഈ സംഭാഷണമാണ് രാഹുൽ പുറത്തുവിട്ടത്. ആരോപണം ഉന്നയിക്കുന്നതിന് മുമ്പ് അവന്തിക വിളിച്ചിരുന്നും തന്നെ കുടുക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് പറഞ്ഞിരുന്നുവെന്നും രാഹുൽ സൂചിപ്പിച്ചു.
''തന്നെ ഒരു റിപ്പോർട്ടർ വിളിച്ചിരുന്നെന്നും മോശം അനുഭവം ഉണ്ടായോ എന്നു ചോദിച്ചതായും അവന്തിക എന്നോടു പറഞ്ഞു. അപ്പോൾ സി.പി.എം വാലും തലയും ഇല്ലാത്ത ആരോപണം എനിക്കെതിരെ ഉന്നയിക്കുന്ന സമയമായിരുന്നു. ചേട്ടനെ കുടുക്കാൻ ശ്രമം ഉണ്ടെന്നു അവന്തിക പറഞ്ഞു. ഞാൻ അവന്തികയെ അങ്ങോട്ട് വിളിച്ചതല്ല, ഇങ്ങോട്ട് വിളിച്ചതാണ്. അവന്തിക കോൾ റെക്കോർഡ് ചെയ്തെന്നു എന്നോടു പറഞ്ഞു. ആ റെക്കോഡിങ് ഞാന്‍ ചോദിച്ചു''- രാഹുൽ പറഞ്ഞു.
രാഹുൽ സുഹൃത്താണ് മോശമായി സംസാരിച്ചിട്ടില്ലെന്ന് അവന്തിക പറയുന്ന ശബ്ദസന്ദേശമാണ് ആണ് രാഹുൽ പുറത്തുവിട്ടത്. രാഹുലിനെതിരെ ആരോപണം ഉണ്ടോ എന്നാണ് മാധ്യമ പ്രവര്‍ത്തകന്‍ അവന്തികയോട് ചോദിച്ചത്. രാഹുലിനെതിരെ ഒരു ആരോപണവും ഇല്ലെന്നാണ് അവന്തിക മറുപടിയായി പറയുന്നത്. ആഗസ്റ്റ് ഒന്നിനാണ് ഈ ഫോണ്‍ കോൾ ഉണ്ടായത്.
2021 ഫെബ്രുവരി 28ന് അന്നത്തെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നയിക്കുന്ന വിജയയാത്രയിൽ വെച്ചാണ് ആരോപണമുന്നയിച്ച അവന്തിക അടക്കമുള്ള അഞ്ച് ട്രാൻസ്‌ജെൻഡറുകൾ ബി.ജെ.പിയിൽ അംഗത്വമെടുത്തത്. തൃപ്പൂണിത്തുറയിൽ നടന്ന പൊതുസമ്മേളനത്തിലായിരുന്നു ഇത്. ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ പ്രശ്നങ്ങൾ മനസിലാക്കി, തങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ബിജെപിക്ക് കഴിയുമെന്ന് വിശ്വസിക്കുന്നതായി ഇവർ പറഞ്ഞിരുന്നു. ഇതിനുപിന്നാലെ, ആർ.എസ്.എസ് മുഖപത്രമായ ഓർഗനൈസറിൽ ഇവരുടെ അഭിമുഖവും പ്രസിദ്ധീകരിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.