അഞ്ച് വർഷത്തിനിടെ സംസ്ഥാനത്ത് രണ്ടേകാൽ ലക്ഷം വാഹനാപകടം, മരണം 22,334
text_fieldsതൊടുപുഴ: സംസ്ഥാനത്ത് വർധിക്കുന്ന റോഡപകടങ്ങളും മരണങ്ങളും ഗണ്യമായി കുറക്കാൻ ഗതാഗത വകുപ്പ് രൂപകൽപന ചെയ്ത കേരള റോഡ് സുരക്ഷാ മിഷന് അംഗീകാരം. റോഡിലെ നിയമ ലംഘനങ്ങൾ കർശനമായി തടഞ്ഞ്, അപകടങ്ങൾ കുറക്കാൻ ഗതാഗത വകുപ്പ് ഒക്ടോബർ ആറിന് വിഭാവനം ചെയ്ത സമഗ്ര സുരക്ഷാ നടപടികളുടെ ഭാഗമായാണ് ട്രാൻസ്പോർട്ട് കമീഷണറുടെയും റോഡ് സുരക്ഷ അതോറിറ്റിയുടെയും നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയും ജനകീയ പങ്കാളിത്തത്തോടെയും റോഡ് സുരക്ഷ മിഷൻ നടപ്പാക്കുന്നത്. മൂന്നുവർഷത്തിനകം വാഹനാപകട മരണങ്ങൾ പകുതിയായി കുറക്കുകയാണ് പ്രധാന ലക്ഷ്യം.
ദേശീയ പാത 66 പോലുള്ള മൾട്ടിലെയ്ൻ ആധുനിക പാതകളുടെ വികാസ പശ്ചാത്തലത്തിൽ, സുരക്ഷിത ഡ്രൈവിങ് പ്രോത്സാഹിപ്പിക്കാനും ഗതാഗത നിയമങ്ങൾ കർശനമാക്കാനും കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനുമാണ് സമഗ്രമായ ട്രാഫിക് നയം നടപ്പാക്കുന്നത്. പൊലീസ് വകുപ്പ്, പൊതുമരാമത്ത് വകുപ്പ്, കേരള റോഡ് സേഫ്റ്റി അതോറിറ്റി, പഞ്ചായത്ത്, നാറ്റ്പാക്, ഫയർ ഫോഴ്സ് എന്നിവയുടെ ശക്തമായ സഹകരണം ഈ യജ്ഞത്തിന്റെ വിജയത്തിന് ഉറപ്പാക്കിയിട്ടുണ്ട്. റോഡ് സുരക്ഷാ നിയമങ്ങൾ, ട്രാഫിക് ചിഹ്നങ്ങൾ, സുരക്ഷിതമായ റോഡ് ഉപയോഗം, കാൽനട യാത്രക്കാരുടെയും ഇരുചക്ര വാഹന യാത്രക്കാരുടെയും സുരക്ഷ എന്നിവ ജനങ്ങളിൽ എത്തിക്കുകയാണ് പ്രധാന ലക്ഷ്യം. ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് എന്നിവയുടെ നിർബന്ധിത ഉപയോഗം, അമിതവേഗം ഉൾപ്പെടെ ഗതാഗത നിയമലംഘനങ്ങളുടെ പ്രത്യാഘാതങ്ങൾ എന്നിവ സംബന്ധിച്ച് പൊതുജനങ്ങൾക്ക് കൃത്യമായ അവബോധം നൽകും. വിദ്യാർഥികൾ, യുവജനങ്ങൾ, ഡ്രൈവർമാർ, പൊതുജനങ്ങൾ എന്നിവരെ ഉൾപ്പെടുത്തി ബോധവത്കരണം സംഘടിപ്പിക്കും. റോഡ് നിയമങ്ങൾ പാലിക്കുന്ന ശീലം വളർത്താനും ഉത്തരവാദിത്ത റോഡ് ഉപയോഗം പ്രോത്സാഹിപ്പിക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ.
സംസ്ഥാനത്ത് 2021 ജനുവരി ഒന്നു മുതൽ 2026 ഒക്ടോബർ ഒമ്പത് വരെ 22,334 പേർക്ക് വാഹനാപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടതായാണ് ഏറ്റവും പുതിയ കണക്കുകൾ. ഇക്കാലയളവിൽ വാഹനാപകടങ്ങളിൽ വലിയ വർധനവുണ്ടായി. 2021ൽ 33,296 അപകടങ്ങളാണ് നടന്നതെങ്കിൽ 2025ലെത്തുമ്പോൾ 49,911 ആയി. അപകടങ്ങൾ കൂടുന്നുണ്ടെങ്കിലും മരിക്കുന്നവരുടെ എണ്ണം കുറക്കാൻ സാധിക്കുന്നുവെന്നാണ് ഗതാഗത വകുപ്പ് ചൂണ്ടിക്കാട്ടുന്നത്. പ്രധാന ദേശീയ പാതകളിൽ 24 മണിക്കൂർ പട്രോളിങ് ശക്തമാക്കുകയും അപകടസാധ്യത മേഖലകളിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.അപകട സാധ്യത മുൻകൂട്ടി തിരിച്ചറിഞ്ഞ് നടപടി സ്വീകരിക്കാൻ എ.ഐ ട്രാക്ക് സംവിധാനവും പ്രയോജനപ്പെടുത്തുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.
വാഹനാപകടങ്ങളുടെ കണക്ക്
2021- 33296
2022- 43910
2023-48091
2024-48898
2025-49911

