യാത്രാദുരിതം: അടിയന്തര പരിഹാരം ആവശ്യപ്പെട്ട് ലക്ഷദ്വീപ് യാത്രക്കാർ
text_fieldsകൊച്ചി: ലക്ഷദ്വീപ് യാത്രയിലെ ദുരിതം പരിഹരിക്കണമെന്ന ആവശ്യവുമായി യാത്രക്കാരുടെ കൂട്ടായ്മയും വിദ്യാർഥികളും രംഗത്ത്. കോളജ് അവധി ദിനങ്ങൾ അവസാന ഘട്ടത്തിൽ എത്തുമ്പോഴും കപ്പൽ ടിക്കറ്റ് കിട്ടാത്തതിനാൽ നിരവധി വിദ്യാർഥികൾക്ക് ഇനിയും നാട്ടിൽ പോകാൻ കഴിഞ്ഞിട്ടില്ലെന്ന് അവർ പറഞ്ഞു.
കൊച്ചിയിൽനിന്ന് ലക്ഷദ്വീപിലേക്ക് ഏഴ് കപ്പലുകളാണ് മുമ്പുണ്ടായിരുന്നത്. എന്നാൽ, ഇപ്പോൾ രണ്ടെണ്ണമാണ് സർവിസ് നടത്തുന്നത്. ടിക്കറ്റ് ബുക്കിങ് പൂർണമായി ഓൺലൈനിലായി. ഉയർന്ന വിലക്ക് കരിഞ്ചന്തയിൽ വിൽപന നടക്കുകയാണെന്നും സാധാരണ യാത്രക്കാർ ടിക്കറ്റ് കിട്ടാതെ ബുദ്ധിമുട്ടുകയാണെന്നും അവർ പറഞ്ഞു. 750 യാത്രക്കാരെ കൊള്ളാൻ ശേഷിയുള്ള എം.വി കവരത്തി, 400 സീറ്റുള്ള എം.വി കോറൽസ് കപ്പലുകളാണ് സർവിസ് നടത്തുന്നത്. എം.വി ലഗൂൺസ്, എം.വി അറേബ്യൻ സീ, എം.വി ലക്ഷദ്വീപ് സീ കപ്പലുകൾ അറ്റകുറ്റപ്പണികൾക്കായി ഡ്രൈഡോക്കിലാണ്. മാസങ്ങളായിട്ടും ഇവ തിരിച്ചെത്താത്തതാണ് പ്രതിസന്ധിയാകുന്നത്.
ഇതോടെ ദ്വീപുകാർക്ക് ചികിത്സ ആവശ്യങ്ങൾക്ക് കേരളത്തിലേക്കും തിരിച്ച് ദ്വീപിലേക്കുമുള്ള യാത്ര പ്രയാസമേറിയതായി. ഇതിനിടെ ഉദ്യോഗസ്ഥർക്കുവേണ്ടി കൂടുതൽ സീറ്റുകൾ ബ്ലോക്ക് ചെയ്ത് വെക്കുന്നതായും ആരോപണമുണ്ട്. തെക്ക്-പടിഞ്ഞാറൻ മൺസൂൺ ആരംഭിക്കുന്നതോടെ കപ്പൽ ഗതാഗതം കൂടുതൽ ബുദ്ധിമുട്ട് നിറഞ്ഞതാകും. അതിനാൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് പ്രത്യേക പരിഗണന നൽകി നാട്ടിലെത്താനുള്ള സംവിധാനമൊരുക്കണമെന്ന് ലക്ഷദ്വീപ് പാസഞ്ചേഴ്സ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.
തങ്ങളുടെ ആശങ്കകൾ അറിയിക്കാനും പ്രതിനിധീകരിക്കാനും കൊച്ചിയിൽ നിലവിൽ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരില്ലെന്നും വിദ്യാർഥികൾ പരാതിപ്പെടുന്നു. മുമ്പ് അസി. വിദ്യാഭ്യാസ ഓഫിസറുണ്ടായിരുന്നു. സഹായത്തിനുള്ള തങ്ങളുടെ ആവർത്തിച്ചുള്ള അഭ്യർഥനകൾക്ക് പോർട്ട് അധികൃതരിൽനിന്ന് കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നൽകിയ കത്തിൽ അവർ വ്യക്തമാക്കുന്നു. നിരവധി പരാതികൾ നൽകിയിട്ടും ആവശ്യമായ പരിഗണന ലഭിക്കുന്നില്ലെന്ന് ലക്ഷദ്വീപ് പാസഞ്ചേഴ്സ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികളും ആരോപിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.