ഗൂഡല്ലൂർ വഴിയാണോ യാത്ര? ബന്ദ് തുടങ്ങിയതിനാൽ ഒഴിവാക്കണമെന്ന് മലപ്പുറം ജില്ല കലക്ടറുടെ മുന്നറിയിപ്പ്
text_fieldsമലപ്പുറം: ഗൂഡല്ലൂരിൽ 48 മണിക്കൂർ ബന്ദ് ആരംഭിച്ചതിനാൽ ഇതുവഴിയുള്ള യാത്ര ഒഴിവാക്കാൻ മലപ്പുറം ജില്ല കലക്ടർ വിനയ് ഗോയൽ നിർദേശം നൽകി. പണിമുടക്ക് അറിയാതെ കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ ഇതുവഴി എത്തി വലിയ തോതിലുള്ള ഗതാഗതക്കുരുക്കും ഇതോടനുബന്ധിച്ചുള്ള പ്രശ്നങ്ങളും ഉണ്ടാവുന്ന സാഹചര്യത്തിലാണ് നിർദേശം.
ആഗസ്റ്റ് 27, 28 (വ്യാഴം, വെള്ളി) ദിവസങ്ങളിലാണ് ഗൂഡല്ലൂരിൽ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രണ്ടുപേരെ കൊന്നെന്ന് സംശയിക്കുന്ന കടുവയെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. 48 മണിക്കൂർ ബന്ദിനെത്തുടർന്ന് ഗൂഡല്ലൂരിൽ കടകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. 27 ന് രാവിലെ ആറിന് ആരംഭിച്ച ബന്ദ് 29 ന് രാവിലെ ആറു മണിക്ക് അവസാനിക്കും.
അവധിക്കാലമായതിനാൽ ഗൂഡല്ലൂർ വഴി ഊട്ടിയിലേക്കും മൈസൂരുവിലേക്കും നിരവധി സഞ്ചാരികളാണ് പോകുന്നത്. ഓണം കഴിഞ്ഞതോടെ യാത്രക്കാരുടെ എണ്ണം വർധിക്കുന്നത് പതിവാണ്.
നരഭോജി കടുവയെ വെടിവച്ച് കൊല്ലുക, കടുവയുടെ ആക്രമണത്തിൽ മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരത്തുക ഉയർത്തി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് എല്ലാ പാർട്ടികളും ഒരുമിച്ച് 48 മണിക്കൂർ ബന്ദ് പ്രഖ്യാപിച്ചത്. കടുവയെ കണ്ടെത്തിയ പ്രദേശത്തുള്ള സർക്കാർ സ്കൂളുകൾക്ക് അവധി നൽകുക, മസിനഗുഡി വഴി ഊട്ടിയിലേക്കുള്ള റോഡ് ഗതാഗതത്തിന് തുറന്നു നൽകുക തുടങ്ങിയ വിവിധ ആവശ്യങ്ങളം ഉന്നയിച്ചിട്ടുണ്ട്.
പ്രതിഷേധക്കാർക്കെതിരായ പൊലീസ് നടപടി അന്യായമാണെന്നും അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചവരെ വിട്ടയക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
കഴിഞ്ഞ 13 ദിവസത്തിനുള്ളിൽ രണ്ട് പേർ കടുവയുടെ ആക്രമണത്തിൽ ഇവിടെ മരിച്ചിരുന്നു. രണ്ടാമത്തെ ആളിനും കടുവയുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടതോടെയാണ് ജനങ്ങൾ പ്രതിഷേധം ആരംഭിച്ചത്. തുടർന്ന് ഗൂഡല്ലൂർ എം.എൽ.എ ദ്രാവിഡമണിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നാണ് ബന്ദ് നടത്താൻ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

