കടയ്ക്കാവൂരിൽ റെയിൽവേ ലൈനിൽ മരക്കൊമ്പ് വീണു; ട്രെയിനുകൾ വൈകുന്നു
text_fieldsകഴക്കൂട്ടം: കാറ്റിലും മഴയിലും കടയ്ക്കാവൂരിൽ റെയിൽവേ ലൈനിൽ മരക്കൊമ്പ് ഒടിഞ്ഞുവീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. മരക്കൊമ്പ് നീക്കാൻ താമസമുണ്ടായതിനെ തുടർന്ന് കടയ്ക്കാവൂർ, കഴക്കൂട്ടം, കൊച്ചുവേളി, മുരുക്കുംപുഴ സ്റ്റേഷനുകളിൽ ട്രെയിനുകൾ പിടിച്ചിട്ടു.
ആയിരക്കണക്കിന് യത്രക്കാർ മണിക്കൂറുകളോളം വഴിയിൽ കുടുങ്ങി. വ്യാഴാഴ്ച വൈകീട്ട് ആറോടെയായിരുന്നു സംഭവം. രാത്രി വൈകിയും ഗതാഗതം പൂർവസ്ഥിതിയിലാക്കാനായില്ല. മലബാർ എക്സ്പ്രസ്, കൊല്ലം പാസഞ്ചർ, ഹംസഫർ എക്സ്പ്രസ് എന്നീ ട്രെയിനുകൾ വേളിയിൽ പിടിച്ചിട്ടു. വഞ്ചിനാട് എക്സ്പ്രസ്, കന്യാകുമാരി-പുനലൂർ പാസഞ്ചർ എന്നിവ കഴക്കൂട്ടത്തും ഇന്‍റർസിറ്റി എക്സ്പ്രസ് മുരുക്കുംപുഴയിലും ചെന്നൈ എക്സ്പ്രസ് വർക്കലയിലും പിടിച്ചിട്ടു.
വിവിധ സ്ഥലങ്ങളിൽനിന്ന് അഗ്നിരക്ഷാസേന എത്തിയാണ് മരക്കൊമ്പുകൾ നീക്കം ചെയ്തത്. മരങ്ങൾ നീക്കിയെങ്കിലും ഇലക്ട്രിക് ലൈനിലെ പണികൾ പൂർത്തിയാക്കി സിഗ്നൽ ക്ലിയറാകാൻ സമയമെടുക്കുമെന്ന് റെയിൽവേ അധികൃതർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.