‘‘ഭൂമി വിഷയത്തിൽ നടപടിയില്ലെങ്കിൽ മരണമല്ലാതെ മറ്റു വഴികളില്ല’’; കലക്ടർക്ക് മുന്നിൽ പരാതിയുമായി ആദിവാസി വയോധിക
text_fieldsഅധികൃതർക്കു നൽകിയ
പരാതികളുമായി ചെല്ലമ്മ
അഗളി: ഭൂമി വിഷയത്തിൽ ശരിയായ സമീപനം സ്വീകരിക്കാൻ അധികൃതർ തയാറായില്ലെങ്കിൽ മരണമല്ലാതെ മറ്റു മാർഗങ്ങളില്ലെന്ന മുന്നറിയിപ്പുമായി ആദിവാസി വയോധിക. ഷോളയൂർ ആനക്കട്ടി പാപ്പന്റെ മകൾ ചെല്ലമ്മയാണ് ജില്ല കലക്ടർക്കു മുന്നിൽ പരാതിയുമായി എത്തിയത്.
കോട്ടത്തറ വില്ലേജിൽ സർവേ നമ്പർ 1241/2ൽ പെട്ട ഭൂമിയിലും അതിനോട് ചേർന്ന് സർവേ നമ്പർ 1240ൽപെട്ട പുറമ്പോക്കു ഭൂമിയിലും മാധവ വാര്യർ എന്ന വ്യക്തി കൈയേറ്റംചെയ്തതായും നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതായും പരാതിയിൽ പറയുന്നു. ഹൈകോടതിയിൽ ഭൂമി സംബന്ധിച്ച കേസ് നിലനിൽക്കുന്നുണ്ട്.
ഷോളയൂർ നല്ലശിങ്ക മൂലക്കടയിൽ ആരോപണമുയർന്ന ഭൂമിയിൽ നടക്കുന്ന നിർമാണപ്രവർത്തനങ്ങൾ
അതിനിടയിൽ ഇവിടെ നിർമാണ പ്രവർത്തനങ്ങൾ നടത്തിയതിനെ ചോദ്യംചെയ്യാൻ പോയ ചെല്ലമ്മയെ കൊല്ലുമെന്ന് മാധവ വാര്യരുടെ റിസോർട്ടിലെ തൊഴിലാളികൾ ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. പൊലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയോടുകൂടിയാണ് ഭീഷണിപ്പെടുത്തുന്നതെന്ന് ചെല്ലമ്മ പറയുന്നു.
ഹൈകോടതിയിൽ കേസ് നിലനിൽക്കുന്ന കാര്യം മറച്ചുവെച്ച് അഗളിയിലെ കോടതിയിൽനിന്ന് വാങ്ങിയ താൽക്കാലിക പ്രൊട്ടക്ഷൻ വിധിയുടെ പിൻബലത്തിലാണ് നിർമാണപ്രവർത്തനങ്ങൾ നടത്തുന്നതെന്നാണ് ആരോപണം.
ഇതുസംബന്ധിച്ച് ഗവർണർക്കും മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും പൊലീസ്, റവന്യൂ ഉദ്യോഗസ്ഥർക്കും പരാതി നൽകി കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഫലമുണ്ടാവാത്തതിനെ തുടർന്നാണ് മരണമല്ലാതെ മറ്റു വഴികൾ മുന്നിലില്ലെന്ന എഴുത്തുമായി പാലക്കാട് ജില്ല കലക്ടർക്ക് ചെല്ലമ്മ നേരിട്ടെത്തി പരാതി സമർപ്പിച്ചത്. ജൂലൈ 17നു മുമ്പായി ഇതുസംബന്ധിച്ച് നടപടികൾ ഉണ്ടായില്ലെങ്കിൽ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പോടുകൂടിയാണ് പരാതി അവസാനിപ്പിച്ചിരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.