ആദിവാസിയെ ആറ് ദിവസം മുറിയിൽ പൂട്ടിയിട്ടു; വാതിൽ തകർത്ത് രക്ഷപ്പെടുത്തി
text_fieldsവെള്ളയ്യനെ പൊലീസും നാട്ടുകാരും വാതിൽ പൊളിച്ച് രക്ഷപ്പെടുത്തുന്നു
കൊല്ലങ്കോട് (പാലക്കാട്): മുതലമടയിൽ ആറ് ദിവസം മുറിയിൽ പൂട്ടിയിട്ട ആദിവാസി മധ്യവയസ്കനെ പൊലീസും നാട്ടുകാരും ചേർന്ന് മോചിപ്പിച്ചു. മൂച്ചങ്കുണ്ട് ഊർകുളം കാട്ടിൽ സ്വകാര്യ ഫാം സ്റ്റേയിൽ പൂട്ടിയിട്ടിരുന്ന മൂച്ചക്കുണ്ട് ചമ്പക്കുഴിയിൽ താമസിക്കുന്ന വെള്ളയ്യനെയാണ് (54) കൊല്ലങ്കോട് എസ്.ഐ അയ്യപ്പജ്യോതിയുടെ നേതൃത്വത്തിൽ മുൻ പഞ്ചായത്ത് പ്രസിഡൻറ് കൽപന ദേവി, ഗോവിന്ദാപുരം ശിവരാജ് എന്നിവരും നാട്ടുകാരും വ്യാഴാഴ്ച അർധരാത്രി വാതിൽ പൊളിച്ച് രക്ഷപ്പെടുത്തിയത്.
സംഭവത്തിൽ ഊർക്കുളം കാട് രംഗനായകി (70), മകൻ പ്രഭു (42) എന്നിവർക്കെതിരെ കൊല്ലങ്കോട് പൊലീസ് കേസെടുത്തു. പന്നിഫാം, മുയൽഫാം, ഡയറി ഫാം എന്നിവയടങ്ങുന്ന രംഗനായകിയുടെ 80 ഏക്കറിലധികം വിസ്തൃതിയിലുള്ള ഫാം സ്റ്റേയിൽ നിന്ന് മദ്യമെടുത്ത് കുടിച്ചെന്ന് പറഞ്ഞാണ് വെള്ളയ്യനെ പൂട്ടിയിട്ടത്. വെള്ളയ്യനെ പ്രഭു ക്രൂരമായി മർദിച്ചതായും പരാതിയുണ്ട്.
തോട്ടത്തിലുള്ളവർ ബന്ധുക്കളെ വിവരമറിയിച്ചതോടെ ഊർകുളം കാട്ടിലെത്തിയ പൊലീസും ഫാം ഉടമകളുമായുണ്ടായ തർക്കത്തിനൊടുവിലാണ് വാതിൽ പൊളിച്ച് വെള്ളയനെ രക്ഷിച്ചത്. ഇദ്ദേഹത്തെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂലിപ്പണിക്കാരനായ വെള്ളയ്യൻ ഫാം സ്റ്റേയിലും മറ്റും ജോലിക്ക് പോകാറുണ്ട്.
നാളികേരം പെറുക്കാനെത്തിയ വെള്ളയ്യനെ മദ്യം കുടിച്ചെന്നാരോപിച്ച് ഫാം സ്റ്റേയിലെ ജീവനക്കാരൻ ചോദ്യം ചെയ്തു. തുടര്ന്ന് പ്രഭു ഉൾപ്പെടെയുള്ളവർ മര്ദിച്ച് മുറിയിൽ പൂട്ടിയിടുകയായിരുന്നെന്ന് വെള്ളയ്യൻ പറഞ്ഞു.
മർദനം: കമീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു
തിരുവനന്തപുരം: മുതലമട ഇടുക്കപ്പാറ ഊർക്കളം കാട്ടിലെ റിസോർട്ടിൽ ആദിവാസി ജീവനക്കാരനെ അഞ്ച് ദിവസം മുറിയിൽ അടച്ചിട്ട് മർദിച്ച സംഭവത്തിൽ സംസ്ഥാന പട്ടികജാതി, പട്ടിക ഗോത്രവർഗ കമീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു. പാലക്കാട് ജില്ല പൊലീസ് മേധാവിയോട് 10 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് നിർദേശിച്ചിരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.