പീഡന കേസിൽ നിരപരാധി; 98 ദിവസം ജയിലിൽ കിടന്ന ആദിവാസി യുവാവിന് മോചനം
text_fieldsകട്ടപ്പന: ഇടുക്കിയിൽ 14കാരിയെ പീഡിപ്പിച്ചെന്ന കേസിൽ 98 ദിവസം ജയിലിൽ കഴിഞ്ഞ ആദിവാസി യുവാവ് ഒടുവിൽ നിരപരാധിയെന്ന് തെളിഞ്ഞു. ഉപ്പുതറ കണ്ണംപടി ഇന്തിനാൽ ഇ.എം. വിനീതിനെയാണ് ഡി.എൻ.എ ഫലം വന്നതോടെ നിരപരാധിയെന്ന് കണ്ടെത്തിയത്. കട്ടപ്പന ഫാസ്റ്റ് ട്രാക്ക് കോടതിയിൽ വിനീത് നടത്തിയ നിയമപോരാട്ടത്തെതുടർന്ന് ശ്രീധരൻ എന്നയാളാണ് യഥാർഥ കുറ്റവാളിയെന്ന് തെളിഞ്ഞു. ഇതോടെ മൂന്നു മാസം ജയിലിൽ കഴിഞ്ഞ ആദിവാസി യുവാവിന്റെ ദുരിതത്തിനും അന്ത്യമായി.
2019 ഒക്ടോബർ 14നായിരുന്നു കേസിനാസ്പദമായ സംഭവം. വയറുവേദനയുമായി ഉപ്പുതറ സർക്കാർ ആശുപത്രിയിലെത്തിയ 14കാരി നാലുമാസം ഗർഭിണിയാണെന്ന് പരിശോധനയിൽ കണ്ടെത്തി. ബന്ധുവിന്റെ കൂട്ടുകാരനായ വിനീതാണ് തന്നെ പീഡിപ്പിച്ചതെന്നായിരുന്നു പെൺകുട്ടിയുടെ ആദ്യമൊഴി.
പിന്നീട് പെൺകുട്ടിയും അമ്മയും വിനീതല്ലെന്ന് പൊലീസിനോട് പറഞ്ഞതോടെ ഇയാളെ പറഞ്ഞുവിട്ടു. എന്നാൽ, പീഡിപ്പിച്ചത് വിനീതാണെന്ന് വീണ്ടും പെൺകുട്ടി മൊഴി നൽകിയെന്ന് പറഞ്ഞ് ഇയാളെ പൊലീസ് പിടികൂടി റിമാൻഡ് ചെയ്തു.
കേസിന്റെ വിചാരണക്കിടെ ഡി.എൻ.എ ഫലം വന്നപ്പോൾ പീഡിപ്പിച്ചത് വിനീതല്ലെന്ന് തെളിഞ്ഞു. തുടർന്ന് ബന്ധുവാണ് പീഡിപ്പിച്ചതെന്ന് പെൺകുട്ടി മൊഴിമാറ്റി. തുടർന്ന് ബന്ധുവും അറസ്റ്റിലായി.
ഡി.എൻ.എ പരിശോധനയിൽ പീഡിപ്പിച്ചത് ഇയാളുമല്ലെന്ന് തെളിഞ്ഞു. കണ്ണംപടി സ്വദേശിയായ ശ്രീധരനാണ് കുഞ്ഞിന്റെ അച്ഛനെന്ന് സംശയമുണ്ടെന്ന് വിനീത് കോടതിയിൽ അറിയിച്ചതോടെ പൊലീസ് ഇയാളുടെ ഡി.എൻ.എ പരിശോധന നടത്തി.
ഇതിലാണ് കുഞ്ഞിന്റെ അച്ഛൻ ശ്രീധരനാണെന്ന് സ്ഥിരീകരിച്ചത്. തന്നെ കേസിൽ കുടുക്കി പീഡിപ്പിച്ചവരിൽനിന്ന് അർഹമായ നഷ്ടപരിഹാരം കിട്ടുംവരെ നിയമപോരാട്ടം തുടരാനാണ് വിനീതിന്റെ കുടുംബത്തിന്റെ തീരുമാനം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.