വീണ്ടും രോഗിയെ മഞ്ചൽ കെട്ടി ചുമന്ന് കിലോമീറ്ററുകൾ താണ്ടി ആശുപത്രിയിലെത്തിച്ച് ഇടമലക്കുടിയിലെ ആദിവാസികൾ
text_fieldsഅടിമാലി: കാട്ടുവള്ളികൾ കൂട്ടിക്കെട്ടി മഞ്ചലാക്കി കിലോമീറ്ററുകൾ രോഗിയെ ചുമന്ന് ആശുപത്രിയിലെത്തിച്ച് ഇടമലക്കുടിയിലെ ആദിവാസികൾ. കേരളത്തിലെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലെ കുടലാർകുടിയിലാണ് സംഭവം.
രണ്ടാഴ്ച മുമ്പ് കാർത്തിക് എന്ന കുട്ടി ഇവിടെ മരിച്ചിരുന്നു. കുട്ടിയുടെ മുത്തശ്ശി കൂടല്ലർകുടി 60കാരി രാജകണ്ണിയെയാണ് ആദിവാസികൾക്ക് ചുമന്ന് ആശുപത്രിയിലെത്തിക്കേണ്ടിവന്നത്. പനിയും ചുമയും ശ്വാസംമുട്ടലും രൂക്ഷമായതോടെയാണ് രാജകണ്ണിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചത്.
തുടർന്ന് ഇടമലക്കുടി നിവാസികൾ കാട്ടുവള്ളികളും കമ്പിളിയും ഉപയോഗിച്ച് കെട്ടിയുണ്ടാക്കിയ മഞ്ചലിൽ രാജകന്നിയെ കിടത്തുകയും ഇടുങ്ങിയ ഒറ്റയടിപ്പാതയിലൂടെ കൊണ്ടുപോകുകയായിരുന്നു. നാലുകിലോമീറ്ററാണ് ഇത്തരത്തിൽ താണ്ടിയത്. പിന്നീട് മാങ്കുളത്തുള്ള സ്വകാര്യ ആശുപത്രിയിൽ ഇവരെ പ്രവേശിപ്പിച്ചു.
റോഡ് സൗകര്യമില്ലാത്തതിനാൽ ഇന്നും ഇടമലക്കുടിയിലെ ജനങ്ങൾ ദുരിതത്തിലാണ്. കൃത്യസമയത്ത് ചികിത്സ ലഭിക്കാതെ ദുരിതത്തിലാകാൻ ഇത് കാരണമാകുന്നു. നിലവിലുള്ള റോഡുകൾ ചെളിക്കുഴികളും കുണ്ടും കുഴിയുമായി കാർഷിക പാടങ്ങൾക്ക് സമാനമാണ്.
റോഡില്ലാത്തതിന്റെ ബുദ്ധിമുട്ടുകൾ നിത്യവും നേരിടുന്നുണ്ടെന്നും, സർക്കാർ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് ഒരു നല്ല റോഡ് അനുവദിക്കണമെന്നും ഇടമലക്കുടിയിലെ ജനങ്ങൾ അഭ്യർത്ഥിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.