ഫോർട്ട് പൊലീസിനെതിരെ വീണ്ടും കസ്റ്റഡി മർദനാരോപണം
text_fieldsതിരുവനന്തപുരം: ഉരുട്ടിക്കൊലയുമായി ബന്ധപ്പെട്ട് കുപ്രസിദ്ധിയാർജിച്ച ഫോർട്ട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ വീണ്ടും കസ്റ്റഡി മർദനാരോപണം. സ്റ്റേഷനിലെ സി.ഐ ഷെറി, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ശ്രീകുമാർ, സുരേഷ് എന്നിവർക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് മണക്കാട് സ്വദേശി നിയാസാണ് കോടതിയിൽ പരാതി നൽകിയത്. അതിെൻറ അടിസ്ഥാനത്തിൽ തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പരാതിക്കാരെൻറ മൊഴി രേഖപ്പെടുത്തി.
2015 ജൂലൈ 19ന് മണക്കാട് സ്വദേശി മനുവിനെ ആക്രമിച്ച സംഭവത്തിൽ നിയാസിനെതിരെ ഫോർട്ട് പൊലീസ് കേസെടുത്തിരുന്നു. അന്വേഷണം പൂർത്തിയാക്കി 2015ൽ കുറ്റപത്രം സമർപ്പിച്ചു. കേസ് പരിഗണിച്ച ദിവസങ്ങളിൽ പ്രതി കോടതിയിൽ ഹാജരായില്ല. തുടർന്ന് കോടതി നിയാസിനെതിരെ അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചു. ഒക്ടോബർ നാലിന് നിയാസ് കോടതി പരിസരത്ത് മറ്റൊരു കേസുമായി ബന്ധപ്പെട്ട് അഭിഭാഷകനെ കാണാനെത്തി. ഇവിടെെവച്ച് സി.ഐ ഷെറിയുടെ നേതൃത്വത്തിൽ പൊലീസ് സംഘം ഇയാളെ പിടികൂടി ഫോർട്ട് സ്റ്റേഷനിൽ കൊണ്ടുപോയി. രാത്രി ഒന്നിന് സി.ഐ ഓഫിസിന് തൊട്ടടുത്തുള്ള ഇടിമുറിയിൽവെച്ച് സി.ഐയും ശ്രീകുമാറും ചേർന്ന് തന്നെ ക്രൂരമായി മർദിച്ചെന്ന് നിയാസ് മൊഴി നൽകി.
പിറ്റേദിവസം കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിന് മുമ്പ് ആശുപത്രിയിൽ വൈദ്യപരിശോധനക്ക് എത്തിച്ചപ്പോൾ നിയാസ് ഡോക്ടറോട് മർദനവിവരം പറഞ്ഞു. വൈദ്യപരിശോധന റിപ്പോർട്ടുമായി കോടതിയിൽ ഹാജരാക്കിയ പ്രതി മജിസ്‌ട്രേറ്റിനോട് നേരിട്ട് പരാതി പറയുകയും മജിസ്‌ട്രേറ്റ് പരാതി നേരിട്ട് രേഖപ്പെടുത്തുകയും ചെയ്‌തു. അന്നുതന്നെ കോടതി പ്രതിയെ സ്വന്തം ജാമ്യത്തിൽ വിട്ടു. തുടർന്ന് നിയാസിനോട് നേരിട്ട് ഹാജരായി മൊഴി നൽകാൻ കോടതി നിർദേശിച്ചിരുന്നു. ഇതനുസരിച്ചാണ് മൊഴി നൽകിയത്. ഇതേ സ്റ്റേഷനിലാണ് പ്രമാദമായ ഉദയകുമാർ ഉരുട്ടിക്കൊല നടന്നത്. നിരവധി വാറണ്ട് കേസുകളിലെ പ്രതിയാണ് നിയാസെന്ന് ഫോർട്ട് സി.െഎ ഷെറി പറഞ്ഞു. മർദന ആരോപണം അടിസ്ഥാനരഹിതമാണെന്നും ജാമ്യം ലഭിക്കാനാണ് ഇത് ഉന്നയിച്ചതെന്നും സി.െഎ കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.