വിദ്യാർഥി സംഘർഷം: വെട്ടേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു
text_fieldsതിരുവനന്തപുരം: വിദ്യാർഥികൾ തമ്മിലെ സംഘർഷത്തിൽ കാലിന് വെട്ടേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. പൂന്തുറ മാണിക്യവിളാകം സ്വദേശി അഫ്സലാണ് (19) തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത മൂന്നുപേരടക്കം എട്ടുപേരെ ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കരിമഠം സ്വദേശി അശ്വിൻ (25), പുത്തൻകോട്ട സ്വദേശി അഭിദേവ് (20), മണക്കാട് യമുന നഗർ സ്വദേശി മനോഷ് (21), കരിമഠം സ്വദേശി സൂര്യ (19), നെട്ടയം മലമുകൾ സ്വദേശി സുദീഷ് കുമാർ എന്നിവരെ കൊലപാതകമടക്കം വകുപ്പുകൾ ചേർത്ത് റിമാൻഡ് ചെയ്തു. അശ്വിന്റെ പ്രായപൂർത്തിയാകാത്ത സഹോദരനാണ് ഒന്നാം പ്രതി. ഇയാളടക്കം മൂന്നുപേരെ ജുവൈനൽ ഹോമിലേക്ക് മാറ്റി.
സ്കൂൾ വിദ്യാർഥികൾ തമ്മിൽ ഉടലെടുത്ത തർക്കം പുറത്തുള്ളവർ ഏറ്റെടുത്ത് സംഘർഷമായി വളരുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. നവംബർ ഒമ്പതിന് കമലേശ്വരം ഹയർസെക്കൻഡറി സ്കൂളിന് സമീപമായിരുന്നു കേസിനാസ്പദമായ സംഭവം. തലേദിവസം കരിമഠം കോളനിയിലെ സംഘവും മാണിക്യവിളാകം ഭാഗത്തെ കുട്ടികളും ബൈക്കുകൾ തമ്മിലിടിച്ചതിനെചൊല്ലി വാക്കുതർക്കം നടന്നു. പൊലീസ് എത്തിയാണ് ഇരുകൂട്ടരെയും പിരിച്ചുവിട്ടത്. പിന്നീട് ഫോണിലൂടെ ഇരുവിഭാഗവും പരസ്പരം വെല്ലുവിളി മുഴക്കുകയും ഒമ്പതിന് വൈകീട്ട് കമലേശ്വരം സ്കൂളിന് മുന്നിൽ എത്തുകയുമായിരുന്നു. സ്കൂളിന് മുന്നിൽ തമ്പടിച്ച സംഘങ്ങൾ ഏറ്റുമുട്ടുകയും അശ്വിനും ഇയാളുടെ പ്രായപൂർത്തിയാകാത്ത സഹോദരനും ചേർന്ന് നാട്ടുകാർ നോക്കിനിൽക്കെ അഫ്സലിന്റെ കാലിൽ വാളുകൊണ്ട് വെട്ടി. അഫ്സലിന്റെ രണ്ട് സുഹൃത്തുകളെയും സംഘം മർദിച്ചു. ഇവരെയും വെട്ടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് വരുന്നതുകണ്ട് അക്രമികൾ രക്ഷപ്പെടുകയായിരുന്നു.
ഇടത് കാലിലെ പ്രധാന ഞരമ്പുകൾ മുറിഞ്ഞതിനെതുടർന്ന് എട്ട് ദിവസമായി മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന അഫ്സൽ വെള്ളിയാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു. അക്രമത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളിൽനിന്നാണ് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞത്. പ്രതികളെ തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങുമെന്ന് ഫോർട്ട് പൊലീസ് അറിയിച്ചു.
അഫ്സലിന്റെ പിതാവ്: നാസറുദ്ദീൻ. മാതാവ്: ശാമില. സഹോദരങ്ങൾ: ഫാസില, ഫാസിൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.