ടി.ടി.സി വിദ്യാർഥിനിയുടെ ആത്മഹത്യ: സുഹൃത്ത് അറസ്റ്റിൽ, മതംമാറ്റത്തിന് നിർബന്ധിച്ചെന്ന് ആത്മഹത്യ കുറിപ്പ്
text_fieldsഅറസ്റ്റിലായ റമീസ്
കോതമംഗലം: ടി.ടി.സി വിദ്യാർഥിനി ആത്മഹത്യചെയ്ത സംഭവത്തിൽ ആൺസുഹൃത്ത് അറസ്റ്റിൽ. കോതമംഗലം കറുകടം സ്വദേശിനിയുടെ മരണത്തിൽ സുഹൃത്ത് പറവൂർ ആലങ്ങാട് പാനായിക്കുളം തോപ്പിൽപറമ്പിൽ റമീസിനെയാണ് (24) കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ താൽക്കാലിക ജീവനക്കാരനാണിയാൾ.
ശനിയാഴ്ച വൈകീട്ട് മൂന്നിനാണ് വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ്, ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തതോടെ ആത്മഹത്യ പ്രേരണ, ശാരീരിക മർദനം ഏൽപിക്കൽ, വിവാഹവാഗ്ദാനം നൽകി പീഡനം എന്നീ വകുപ്പുകൾകൂടി ചേർക്കുകയായിരുന്നു. വിവാഹത്തിനായി മതംമാറാൻ റമീസും കുടുംബവും നിർബന്ധിച്ചെന്നും ക്രൂരമായി മർദിച്ചെന്നും പെൺകുട്ടിയുടെ കത്തിലുണ്ട്.
ആലുവയിലെ കോളജ് പഠനകാലത്താണ് പ്രണയത്തിലായത്. പിന്നീട് വിവാഹമാലോചിച്ച് റമീസിന്റെ കുടുംബം വീട്ടിൽ വന്നു. കല്യാണം കഴിക്കണമെങ്കിൽ മതം മാറണമെന്നും പറഞ്ഞു. മതംമാറാമെന്ന് അവരോട് സമ്മതിക്കുകയും ചെയ്തിരുന്നു. പിതാവ് മരിച്ച് 40 ദിവസം പൂർത്തിയായ സമയമായിരുന്നു. ഒരുവർഷം കഴിഞ്ഞ് വിവാഹം നടത്താമെന്ന് സമ്മതിച്ചിരുന്നതായി വിദ്യാർഥിനിയുടെ സഹോദരൻ പറഞ്ഞു.
റമീസ് അനാശാസ്യ പ്രവർത്തനത്തിന് പിടിയിലായതോടെ മതംമാറ്റത്തിന് തയാറല്ലെന്നും രജിസ്റ്റർ വിവാഹം മതിയെന്നും കുടുംബം നിലപാട് സ്വീകരിച്ചു. പിന്നീട് കൂട്ടുകാരിയുടെ വീട്ടിലേക്കുപോയ വിദ്യാർഥിനിയെ അവിടെനിന്ന് റമീസ് സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ബന്ധുക്കൾക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മൂവാറ്റുപുഴ ഡിവൈ.എസ്.പി പി.എം. ബൈജുവിന്റെ നേതൃത്വത്തിൽ തുടരന്വേഷണം നടത്തും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.