ടി.ടി.സി വിദ്യാർഥിനിയുടെ ആത്മഹത്യ: റമീസിന്‍റെ മാതാപിതാക്കളെ പ്രതിചേര്‍ത്തു
text_fieldsകോതമംഗലം: കറുകടത്ത് ടി.ടി.സി വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ മുഖ്യപ്രതി റമീസിന്‍റെ മാതാപിതാക്കളെയും സുഹൃത്തിനെയും പൊലീസ് പ്രതിചേര്‍ത്തു. ആലുവ പാനായിക്കുളം തോപ്പില്‍പറമ്പില്‍ റഹീമിനെയും ഭാര്യ ഷെറിനെയും ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയാണ് പ്രതി ചേർത്തത്.
അറസ്റ്റ് മുന്നില്‍കണ്ട് ഇരുവരും ഒളിവിലാണ്. ഇരുവരുടെയും അറസ്റ്റും ഉടന്‍ ഉണ്ടാകുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ആത്മഹത്യ കുറിപ്പില്‍ പരാമര്‍ശിച്ച സുഹൃത്ത് സഹദിനെയും പ്രതി ചേർത്തതോടെ കേസിൽ നാല് പ്രതികളായി. നേരത്തേ അറസ്റ്റിലായി റിമാൻഡില്‍ കഴിയുന്ന റമീസിനെ കൂടുതല്‍ ചോദ്യംചെയ്യാൻ കസ്റ്റഡിയില്‍ വാങ്ങാൻ ഒരുങ്ങുകയാണ് അന്വേഷണസംഘം.
മൂവാറ്റുപുഴ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലാണ് കേസിൽ അന്വേഷണം നടക്കുന്നത്. ആൺസുഹൃത്ത് റമീസിൽ നിന്നുണ്ടായ കടുത്ത അവഗണനയെ തുടർന്നാണ് യുവതി ജീവനൊടുക്കിയതെന്നാണ് പൊലീസിന്‍റെ നിഗമനം. റമീസ് തന്റെ ഫോൺ പോലും എടുക്കാതായത് പെൺകുട്ടിയെ മാനസിക സമ്മർദ്ദത്തിലാക്കി. കഴിഞ്ഞ ഒരാഴ്ചക്കിടെ ഇവർക്കിടയിൽ തർക്കങ്ങളും റമീസിൽ നിന്ന് നേരിട്ട കടുത്ത അവഗണനയുമാണ് പെൺകുട്ടിയുടെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പൊലീസ് കണ്ടെത്തിയത്. ഇരുവരുടെയും ഗൂഗിൾ അക്കൗണ്ടുകൾ പരസ്പരം ബന്ധിപ്പിച്ചിരുന്നു.
റമീസ് ചില അനാശാസ്യ ഗ്രൂപുകളിൽ സെർച്ച് ചെയ്തതും അവരുടെ അഡ്രസ് തേടിപ്പോയതും പെൺകുട്ടിക്ക് പ്രയാസമുണ്ടാക്കിയിരുന്നു. ഇത് റമീസിന്‍റെ മാതാപിതാക്കളെ പെൺകുട്ടി അറിയിച്ചതും റമീസിന് പകക്ക് കാരണമായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.