ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ച പ്രതികൾ പിടിയിലായത് കോയമ്പത്തൂരില്‍നിന്ന്; റിമാൻഡിൽ
text_fieldsപ്രതികളായ റെജി മാത്യു, വിഷ്ണുദാസ്. മർദനമേറ്റ സിജു കോട്ടത്തറ താലൂക്കാശുപത്രിയിൽ
മണ്ണാർക്കാട്/അഗളി: അഗളിയിൽ ആദിവാസി യുവാവ് സിജുവിനെ കെട്ടിയിട്ട് മർദിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. പാൽ ശേഖരിക്കുന്ന വാഹനത്തിന്റെ ഡ്രൈവർ ഷോളയൂര്‍ ജിന്‍സി ഹൗസില്‍ റെജി മാത്യു (21), ആലപ്പുഴ പുത്തന്‍തറയില്‍ വിഷ്ണുദാസ് (31) എന്നിവരെയാണ് അഗളി പൊലീസ് കോയമ്പത്തൂരില്‍നിന്ന് പിടികൂടിയത്.
പ്രതികളെ മണ്ണാർക്കാട് എസ്.സി എസ്.ടി കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അവശ്യസർവിസുകളിലുൾപ്പെടുന്ന പാൽ വിതരണ സംവിധാനം തടസ്സപ്പെടുത്തിയതിനും വാഹനത്തിന്റെ ഗ്ലാസും ബോണറ്റും തകർത്തതിനും സിജുവിനെതിരെയും കേസെടുത്തിട്ടുണ്ട്. ശനിയാഴ്ച വൈകീട്ടാണ് സംഭവം. മരംവെട്ട് തൊഴിലാളിയായ സിജു പാൽ ശേഖരിക്കുന്ന വാഹനത്തിന് മുന്നിലേക്ക് മറിഞ്ഞുവീണതിനെ തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ അടുത്തുള്ള വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ട് പ്രതികൾ ക്രൂരമായി മർദിക്കുകയായിരുന്നു.
എന്നാൽ, സിജു മദ്യലഹരിയിൽ വാഹനത്തിന്റെ ചില്ല് തകർത്തെന്നും മുന്നിലേക്ക് മറിഞ്ഞുവീണെന്നുമാണ് പ്രതികൾ ആരോപിക്കുന്നത്. മറ്റൊരു വാഹനത്തിൽ അതുവഴി വന്ന നാട്ടുകാരാണ് സിജുവിനെ പൊലീസ് സ്റ്റേഷനിൽ ഹാജരാക്കാമെന്നറിയിച്ച് കൊണ്ടുപോയത്. തുടർന്ന് ആശുപത്രിയിലെത്തിച്ചു.
അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍നിന്ന് ശനിയാഴ്ചതന്നെ അഗളി പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചിരുന്നതായി സൂപ്രണ്ട് ഡോ. ഇ.പി. ഷരീഫ പറഞ്ഞു. സിജു കോട്ടത്തറ താലൂക്കാശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. വയറ്റിൽ കയർ കൊണ്ട് കെട്ടിവലിച്ചതിന്റെ മുറിവുകളുണ്ട്. ചുണ്ടിലും കൈകാലുകളിലും പരിക്കുണ്ട്. വലതു കണ്ണ് അടികൊണ്ട് ചുവന്ന് കലങ്ങിയിട്ടുണ്ട്. ഇടതു താടിയെല്ലിനുതാഴെ ചതവുമുണ്ട്. പൊലീസ് സിജുവിന്റെ മൊഴിയെടുത്തു.
കുടുംബം മനുഷ്യാവകാശ കമീഷന് പരാതി
അഗളി: സിജുവിന്റെ കുടുംബം മനുഷ്യാവകാശ കമീഷനും പാലക്കാട് എസ്.പിക്കും പരാതി നൽകും. പരാതിപ്പെടാനെത്തിയപ്പോൾ അപമാനിച്ചതിലും കൃത്യസമയത്ത് ഇടപെടാത്തതിലും പൊലീസിനെതിരെ പരാതി അയച്ചതായി സിജുവിന്റെ പിതാവ് വേണു പറഞ്ഞു. ആദ്യം ചികിത്സ തേടിയ അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാർ സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കാതെ തിരിച്ചയച്ചെന്നും കുടുംബം ആരോപിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.