റബർ തോട്ടത്തിലിരുന്ന് എംഡിഎംഎ പാക്ക് ചെയ്യുന്നതിനിടെ രണ്ട് ഗുണ്ടകൾ പിടിയിൽ
text_fieldsപോത്തൻകോട് (തിരുവനന്തപുരം): റബർ തോട്ടത്തിലിരുന്ന് ചില്ലറ വില്പനയ്ക്കായി എംഡിഎംഎ ചെറിയ സിപ് ലോക്ക് കവറുകളിൽ പാക്ക് ചെയ്യുന്നതിനിടെ ഗുണ്ടകൾ പിടിയിൽ. നിരവധി കേസുകളിൽ പ്രതിയും പോത്തൻകോട് സ്റ്റേഷൻ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളുമായ കൊയ്ത്തൂർക്കോണം ആനയ്ക്കോട് സ്വദേശി വിഷ്ണു (28), കല്ലറ പഴയചന്ത സ്വദേശി പ്രവീൺകുമാർ (29) എന്നിവരാണ് തിരുവനന്തപുരം പോത്തൻകോട് വെച്ച് റൂറൽ ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്. ഇവരിൽനിന്ന് 24 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
തൂഫാന്റെ ഭാഗമായി മുൻപ് ലഹരി കേസുകളിൽ പ്രതികളായവരെ നിരീക്ഷിച്ചു വരുന്നതിനിടയാണ് ഇവരെക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. വിഷ്‌ണുവിന്റെ വീടിന് സമീപത്തെ റബർ തോട്ടത്തിൽ നിന്നാണ് ഇവരെ പിടികൂടിയത്. പൊലീസ് സംഘം സ്ഥലം വളഞ്ഞത് മനസ്സിലാക്കിയ ഇവർ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു.
24 ഗ്രാം എംഡിഎംഎയും 53 ഗ്രാം കഞ്ചാവും ഇവരിൽ നിന്ന് കണ്ടെടുത്തു. നിരവധി അടിപിടി- ലഹരി കേസുകളിൽ പ്രതിയാണ് വിഷ്ണു. പ്രവീൺ കുമാറും വിവിധ സ്റ്റേഷനുകളിലെ പ്രതിയാണ്.
ബംഗളൂരുവിൽ നിന്നും എംഡി എം എ എത്തിച്ചു നൽകുന്ന സംഘത്തിലെ പ്രധാനിയാണ് വിഷ്ണു. സംഘത്തിലെ മറ്റുള്ളവരെ കുറിച്ചുള്ള അന്വേഷണവും പൊലീസ് ആരംഭിച്ചിട്ടുണ്ട്. പ്രതികളെ പോത്തൻകോട് പൊലീസിന് കൈമാറി.

