അതിദരിദ്രർക്ക് വീടിന് രണ്ടു ലക്ഷം കൂടി; ആനുകൂല്യം ഭൂരഹിത-ഭവനരഹിതരായവർക്ക്
text_fieldsപ്രതീകാത്മക ചിത്രം
പാലക്കാട്: നഗരസഭകൾ, നഗരസ്വഭാവമുള്ള പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ ഭൂരഹിത-ഭവനരഹിതരായ അതിദരിദ്രർക്ക് വീടിന് ഭൂമി വാങ്ങാൻ രണ്ടു ലക്ഷം രൂപ അധികമായി നൽകാൻ തദ്ദേശവകുപ്പ് തീരുമാനം. അതിദാരിദ്ര്യ നിർമാർജന പദ്ധതിയിൽ ഭവന നിർമാണത്തിന് ധനസഹായം നൽകാൻ ആവശ്യമായ ഭൂമിയുടെ കുറഞ്ഞ വിസ്തൃതി മൂന്നു സെന്റിൽനിന്ന് രണ്ടു സെന്റാക്കിയും ഉത്തരവിറങ്ങി. മുനിസിപ്പാലിറ്റി, നഗരസ്വഭാവമുള്ള പഞ്ചായത്തുകൾ എന്നിവയിൽ ഉൾപ്പെടുന്ന 52 തദ്ദേശ സ്ഥാപനങ്ങളിലെ 1067 കുടുംബങ്ങൾ ഇനിയും വീട് നിർമിക്കാനുള്ള കരാർ വെച്ചിട്ടില്ല.
സ്ഥലദൗർലഭ്യവും ഭൂമിയുടെ വിലയും കാരണമാണിത്. നിലവിൽ ഭൂരഹിതരായ അതിദരിദ്രർക്ക് വീടിനുള്ള ഭൂമി വാങ്ങാൻ പഞ്ചായത്തുകളിൽ ജനറൽ വിഭാഗത്തിന് രണ്ടു ലക്ഷവും പട്ടികജാതി, പട്ടികവർഗക്കാർക്ക് രണ്ടേകാൽ ലക്ഷവുമാണ് നൽകുന്നത്. മുനിസിപ്പാലിറ്റിയിൽ 2.7 ലക്ഷവും (ജനറൽ) മൂന്നു ലക്ഷവുമാണ് (പട്ടികജാതി, പട്ടികവർഗം). കോർപറേഷനിൽ ഇത് അഞ്ചേകാൽ ലക്ഷവും (ജനറൽ) ആറു ലക്ഷവുമാണ് (പട്ടികജാതി, പട്ടികവർഗം). ഈ തുകയുടെ കൂടെയാണ് രണ്ടു ലക്ഷം കൂടി അധികമായി നൽകാൻ തദ്ദേശവകുപ്പ് തീരുമാനിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.