ചേലാകർമത്തിനെത്തിച്ച രണ്ടുമാസം പ്രായമായ കുഞ്ഞ് മരിച്ചു
text_fieldsചേളന്നൂർ: ചേലാകർമത്തിന് സ്വകാര്യ ക്ലിനിക്കിൽ എത്തിച്ച രണ്ടുമാസമുളള കുഞ്ഞ് മരിച്ചു. ചേളന്നൂർ പള്ളിപ്പെയിൽ ബൈത്തുൽസലാമിൽ ഷാദിയ ഷെറിന്റെയും ഫറോക്ക് തിരുത്തിയാട് സ്വദേശി ഇംത്യാസിന്റെയും കൈക്കുഞ്ഞാണ് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ഞായറാഴ്ച രാവിലെ പത്തു മണിയോടെയാണ് കുഞ്ഞിന്റെ മാതാവും ബന്ധുക്കളും കാക്കൂരിലെ സ്വകാര്യ ക്ലിനിക്കിലേക്ക് ചേലാകർമത്തിന് കൊണ്ടുപോയത്. ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാതിരുന്ന കുഞ്ഞിനെ ക്ലിനിക്കിലെ നഴ്സിന് കൈമാറുകയായിരുന്നു.
കുറച്ചു സമയം കഴിഞ്ഞശേഷം ഡോക്ടർ എത്തി കുഞ്ഞിനെ മറ്റൊരു ആശുപത്രിയിൽ എത്തിക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. കുറച്ച് മരുന്നു നൽകിയിരുന്നുവെന്നും ശ്വാസതടസ്സം അനുഭവപ്പെടുന്നുണ്ടെന്നും ആംബുലൻസിൽ കൊണ്ടുപോവാൻ ഡോക്ടർ ആവശ്യപ്പെട്ടെന്നും ബന്ധുക്കൾ പറയുന്നു. ഉടൻതന്നെ കുഞ്ഞിനെ പ്രസവിച്ച നഗരത്തിലെ ആശുപത്രിയിൽ എത്തിച്ചു.
അൽപനേരത്തിനുശേഷം കുഞ്ഞു മരിച്ചതായി അറിയിക്കുകയായിരുന്നുവത്രെ. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം കൂടുതൽ നടപടികളിലേക്ക് നീങ്ങുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.