ഹെൽത്ത് കാർഡിന് രണ്ടാഴ്ച കൂടി സാവകാശം
text_fieldsതിരുവനന്തപുരം: ബുദ്ധിമുട്ടുകൾപരിഹരിക്കാത്തതിനെ തുടർന്ന് ഭക്ഷ്യസുരക്ഷ മാനദണ്ഡമനുസരിച്ചുള്ള ഹെൽത്ത് കാർഡിന് ഫെബ്രുവരി 28 വരെ സാവകാശം. ഭക്ഷ്യസ്ഥാപനങ്ങളിലെ 60 ശതമാനത്തോളം ജീവനക്കാർ ഹെൽത്ത് കാർഡ് എടുത്തുവെന്നാണ് വിലയിരുത്തൽ. ബാക്കി പേർക്കുകൂടി ഹെൽത്ത് കാർഡ് എടുക്കാനുള്ള സാവകാശം പരിഗണിച്ചാണ് ഈമാസം അവസാനം വരെ നീട്ടുന്നതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.
സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ സർക്കാർ ഡോക്ടർമാർ കൈക്കൂലി വാങ്ങിയതുൾപ്പെടെ വിവാദമായിരുന്നു. പല രോഗങ്ങളുടേയും പരിശോധനക്കുള്ള സംവിധാനം ആശുപത്രികളിലില്ല. ചില പരിശോധനക്ക് വൻ തുകയാണെന്ന ആക്ഷേപവുമുണ്ട്. ഭക്ഷ്യവിഷബാധ വ്യാപകമാതോടെയാണ് ഭക്ഷ്യവിതരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കിയത്. ഫെബ്രുവരി ഒന്നിന് മുമ്പ് ഹെൽത്ത് കാർഡ് എടുക്കണമെന്നായിരുന്നു നിർദേശം.
ഹെൽത്ത് കാർഡെടുക്കാൻ ആശുപത്രികളിലുണ്ടായ തിരക്ക് മുതലെടുത്താണ് ചില ഡോക്ടർമാർ കൈക്കൂലി വാങ്ങി സർട്ടിഫിക്കറ്റ് നൽകിത്തുടങ്ങിയത്. ഇത് പുറത്തുവരുകയും ചിലർക്കെതിരെ നടപടിയുണ്ടാവുകയും ചെയ്തു. ഇതോടെ ഡോക്ടർമാർ പരിശോധന കർശനമാക്കി. ഹെൽത്ത് കാർഡ് വിതരണം പ്രതിസന്ധിയിലുമായി. ഫെബ്രുവരി 15ന് മുമ്പ് കാർഡ് എടുത്താൽ മതിയെന്ന് ഉത്തരവിറങ്ങി. ഇപ്പോഴും കാര്യങ്ങൾ ശരിയായിട്ടില്ലെന്നാണ് വീണ്ടും സമയം നീട്ടിയതിലൂടെ വ്യക്തമാകുന്നത്.
അതിനിടെ, ടൈഫോയ്ഡ് വാക്‌സിന്റെ വിലകുറഞ്ഞ മരുന്നുകള്‍ പൂഴ്ത്തിവെച്ച് വിലകൂടിയ മരുന്നുകള്‍ നല്‍കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതുസംബന്ധിച്ച് ഡ്രഗ്സ് കണ്‍ട്രോളര്‍ക്ക് മന്ത്രി നിർദേശം നല്‍കി.
ഭക്ഷ്യസുരക്ഷാ നടപടിക്രമങ്ങളുടെ ഭാഗമായുള്ള ഹെല്‍ത്ത് കാര്‍ഡ് എടുക്കുന്നവര്‍ക്ക് വില കൂടിയ ടൈഫോയ്ഡ് മരുന്ന് മെഡിക്കല്‍ സ്റ്റോറുകള്‍ നല്‍കുന്നെന്ന ആരോപണത്തെ തുടര്‍ന്നാണ് ഇടപെടൽ.ഭക്ഷ്യസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുടെ സംഘടനകൾ പരാതികളുമായി രംഗത്തുണ്ട്. ടൈഫോയ്ഡ് വാക്സിനേഷന് സംവിധാനമില്ലെന്നും മാനദണ്ഡങ്ങൾ ലംഘിച്ച് എച്ച്.ഐ.വി പരിശോധന നടത്തുന്നുവെന്നുമുള്ള ആക്ഷേപവും ശക്തമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.