പകുതി വിലക്ക് സ്കൂട്ടർ; ഉരുൾ ദുരന്തബാധിതരുടെ പണവും തട്ടി
text_fieldsമേപ്പാടി: സ്ത്രീകൾക്ക് പകുതി വിലക്ക് സ്കൂട്ടർ നൽകുമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ മുണ്ടക്കൈ ഉരുൾ ദുരന്ത ബാധിതർക്കും പണം നഷ്ടമായി. മേപ്പാടി മേഖലയിലെ നൂറുകണക്കിന് ദുരന്തബാധിതരും തോട്ടംതൊഴിലാളികളും ഇത്തരത്തിൽ വഞ്ചിക്കപ്പെട്ടിട്ടുണ്ട്. കൽപറ്റ ബ്ലോക്ക് പരിധിയിലുള്ളവരാണ് കൂടുതലും.
ദുരന്തബാധിതർക്ക് സർക്കാർ നൽകിയ സാമ്പത്തിക സഹായമടക്കമാണ് ഇത്തരത്തിൽ തട്ടിപ്പുകാർ കൈക്കലാക്കിയത്. വിശ്വസനീയമെന്ന് തോന്നിപ്പിക്കുന്ന വാഗ്ദാനങ്ങളിൽ കുടുങ്ങി ഇവർ 65,000 രൂപയിലധികം അടച്ചിട്ടുണ്ട്. ‘വുമൺ ഓൺ വീൽസ്’ എന്ന പേരിൽ സ്ത്രീകൾക്ക് പകുതി വിലക്ക് സ്കൂട്ടർ ലഭ്യമാക്കുന്ന സർക്കാർ പ്രഖ്യാപിച്ച പദ്ധതിയാണിതെന്നാണ് അനന്തു കൃഷ്ണനും സംഘവും വിശ്വസിപ്പിച്ചത്. ആദ്യ ഘട്ടത്തിൽ ഏതാനും പേർക്ക് സ്കൂട്ടർ നൽകി വിശ്വാസം നേടാനും ഇവർക്ക് കഴിഞ്ഞു. പല എൻ.ജി.ഒകൾ, അക്ഷയ കേന്ദ്രങ്ങൾ, ബാങ്ക് ശാഖകൾ എന്നിവരെയെല്ലാം ബന്ധപ്പെടുത്തിയുള്ള വലിയ ശൃംഖല തന്നെ ഇതിനായി തട്ടിപ്പുകാർ രൂപപ്പെടുത്തിയിരുന്നു. ഇതിനായി സീഡ് (സോഷ്യോ ഇക്കണോമിക് എൻവയോൺമെന്റൽ ഡവലപ്മെൻറ് സൊസൈറ്റി) എന്ന പേരിലുള്ള ഓഫിസ് കൽപറ്റയിൽ തുറന്നിരുന്നു. സർദാർ പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് ആൻറ് ഡവലപ്മെൻറ് സ്റ്റഡീസിൽ അഫിലിയേറ്റ് ചെയ്ത സ്ഥാപനമാണ് തങ്ങളുടേതെന്നാണ് ഇവർ വിശ്വസിപ്പിച്ചത്. വലിയ ചില കമ്പനികളുടെ സി.എസ്.ആർ ഫണ്ടുകൾ ലഭ്യമാക്കിക്കൊണ്ടാണ് പദ്ധതി നടപ്പാക്കുന്നതെന്നാണ് ഇവർ ദുരന്തബാധിതരോടടക്കം പറഞ്ഞത്.
ജോലിയാവശ്യാർഥം ഉപയോഗിച്ചിരുന്ന മിക്കവരുടെയും ഇരുചക്രവാഹനങ്ങൾ ഉരുൾദുരന്തത്തിൽ നശിച്ചിരുന്നു. നിലവിൽ ദൂരസ്ഥലങ്ങളിൽ വാടകക്ക് താമസിക്കുന്ന അതിജീവിതർ പണിക്ക് പോകാൻ സ്കൂട്ടർ കിട്ടുമെന്ന് കരുതിയാണ് പണം അടച്ചത്. തിനപുരം, പുത്തൂർവയൽ എന്നിവിടങ്ങളിലുള്ള അക്ഷയ കേന്ദ്രങ്ങൾ മുഖേന രേഖകൾ ശരിയാക്കി വിവിധ ബാങ്ക് ശാഖകളിലൂടെ തുക അടക്കുകയായിരുന്നു. നോട്ടറി പബ്ലിക്ക് വക്കീൽ മുഖേന തയാറാക്കിയ പ്രോമിസറി നോട്ടുകളും തട്ടിപ്പുകാർ ഇരകൾക്ക് നൽകിയിരുന്നു.
മേപ്പാടി പൊലീസ് സ്റ്റേഷനിൽ തട്ടിപ്പിനിരയായവർ കാര്യങ്ങൾ അന്വേഷിക്കുന്നുണ്ടെങ്കിലും ആരും പരാതി നൽകിയിട്ടില്ല.
മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപറ്റ മേഖലകളിലും നിരവധിപേർ തട്ടിപ്പിനിരയായിട്ടുണ്ട്. മാനന്തവാടിയിൽ 83ഓളം പരാതികളാണ് കിട്ടിയത്. കൽപറ്റയിൽ ഒരു പരാതിയാണ് കിട്ടിയത്. പനമരം ഭാഗത്തും തട്ടിപ്പു നടന്നിട്ടുണ്ട്. സുൽത്താൻ ബത്തേരി മേഖലയിൽ 200ഓളം പേർ തട്ടിപ്പിനിരയായിട്ടുണ്ട്. വിവിധയിടങ്ങളിൽ പരാതികൾ കിട്ടുന്നതിനനുസരിച്ച് കേസെടുക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.