മുഖ്യമന്ത്രിക്കെതിരെ മുന്നണി കൺവീനറുടെ ‘തീപ്പന്തമേറ്’; പൊട്ടിത്തെറി, പടപ്പുറപ്പാട്...
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ പ്രതിപക്ഷം കടന്നാക്രമണം തുടരുകയും മന്ത്രിമാരെ തെരുവിൽ തടയുകയും ചെയ്യുന്ന നിർണായക സാഹചര്യത്തിൽ അദ്ദേഹത്തിനെതിരെ പാർട്ടിയിലും അസാധാരണ പടപ്പുറപ്പാട്. കോൺഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങളും മുഖ്യമന്ത്രി പദവിയെച്ചൊല്ലിയുണ്ടായ അവകാശവാദങ്ങളും മുതൽ കാബിനറ്റ് റാങ്കുകളുടെ വിഭജനത്തിലെ അതൃപ്തി വരെ നീളുന്ന അസ്വസ്ഥതകളാണ് പ്രതിപക്ഷത്തിന് ആയുധം നൽകുംവിധമുള്ള പൊട്ടിത്തെറികൾക്ക് പശ്ചാത്തലമൊരുക്കിയത്.
‘ടീം യു.ഡി.എഫ്’ എന്ന് വി.ഡി. സതീശൻ ആവർത്തിക്കുമ്പോൾ, കൂടിയാലോചനയില്ലെന്ന് മുന്നണി കൺവീനർ തുറന്നടിച്ചതിൽതന്നെ ഉന്നം മുഖ്യമന്ത്രിയാണെന്ന് വ്യക്തം. അനുനയിപ്പിച്ചും ഏകോപിപ്പിച്ചും മുന്നണിയെ ഒറ്റച്ചരടിൽ കോർത്തിണക്കേണ്ട കൺവീനർതന്നെ മുഖ്യമന്ത്രിക്കെതിരെ ആയുധമെടുത്തതോടെ യു.ഡി.എഫിനെ സങ്കീർണമായ പ്രതിസന്ധിയിലേക്കാണ് അടൂർ പ്രകാശ് വലിച്ചിട്ടത്.
പ്രതിപക്ഷത്തിന് മാത്രമല്ല, സ്വന്തം പക്ഷത്തിന് കൂടി മറുപടി പറയേണ്ട സാഹചര്യമാണ് മുഖ്യമന്ത്രിക്ക് മുന്നിൽ. കോൺഗ്രസുകാർക്ക് തലയുയർത്തി നടക്കാൻ കഴിയും വിധമുള്ള ഭരണനേട്ടങ്ങൾ ഈ സർക്കാർ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പത്തനംതിട്ടയിൽ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിൽ മുന്നണിയെ ഒന്നടങ്കം തലകുനിപ്പിക്കുംവിധം ഇന്ദിര ഭവനിൽനിന്ന് തുറന്നുപറച്ചിലുകളുണ്ടായി.
പ്രകാശിന്‍റെ വാദങ്ങളെ പ്രത്യക്ഷമായും പരോക്ഷമായും പിന്തുണക്കുംവിധം ഒരുവിഭാഗം നേതാക്കൾ രംഗത്തെത്തുകയും ‘മുന്നണിക്കുള്ളിൽ ചർച്ച ചെയ്യേണ്ട കാര്യങ്ങളുണ്ടെന്ന്’ സ്ഥിരീകരിക്കുകയും ചെയ്തതും നീക്കങ്ങൾക്ക് പിന്നിൽ ആസൂത്രണം അടിവരയിടുന്നു.
പാർട്ടിക്കുള്ളിൽ പറയേണ്ട കാര്യങ്ങൾ പാർട്ടി ഫോറത്തിൽ മാത്രം പറയുന്നയാളാണ് താനെന്ന് അൽപം തന്ത്രപൂർവം പറഞ്ഞ കെ.സി. വേണുഗോപാൽ, തനിക്കും ചിലത് പറയാനുണ്ടെന്ന് പരോക്ഷമായി വ്യക്തമാക്കിയാണ് അതൃപ്തിയുടെ സൂചന പരസ്യമാക്കിയത്. പറയേണ്ട പലകാര്യങ്ങളും നടക്കുന്നുണ്ടെന്നും അത് താൻ പാർട്ടിയിൽ പറയാമെന്നുമുള്ള ബെന്നി ബഹനാന്‍റെ വാക്കുകളിൽ വെളിപ്പെട്ടതും മുഖ്യമന്ത്രിക്കെതിരായ മൂർച്ചയേറിയ മുന തന്നെ.
പ്രതിപക്ഷം കടന്നാക്രമം തുടരുന്ന വിമാനയാത്രയിൽ ‘മുഖ്യമന്ത്രി ജനങ്ങൾക്കുകൂടി ബോധ്യപ്പെടുന്ന തരത്തിൽ കാര്യങ്ങൾ പറയേണ്ടതായിരുന്നു’വെന്ന പ്രകാശിന്‍റെ പരാമർശം മുന്നണി ചെയർമാൻ കൂടിയായ മുഖ്യമന്ത്രിയുടെ വിശദീകരണം മുന്നണി കൺവീനർപോലും വിശ്വസിക്കുന്നില്ലെന്നാണ് വ്യക്തമാക്കുന്നത്.
‘മധുവിധു കാലം’ കഴിഞ്ഞെന്ന് പ്രഖ്യാപിച്ച് പ്രതിപക്ഷം സർക്കാറിനെതിരെ പ്രക്ഷോഭം പ്രഖ്യാപിച്ച ഘട്ടത്തിൽ സർക്കാറിനെ സംരക്ഷിക്കാനും പ്രതിരോധിക്കാനും ബാധ്യസ്ഥരായവർതന്നെ സ്വന്തം പാളയത്തിൽ തീ കത്തിച്ചതോടെ ഗുരതര സാഹചര്യങ്ങളാണ് മുന്നണിക്കും സർക്കാറിനും മുന്നിൽ രൂപപ്പെട്ടത്.
ഈ മാസം 12ന് നിയമസഭ സമ്മേളനം ആരംഭിക്കാനിരിക്കെ അടൂർ പ്രകാശിന്‍റെ വാക്കുകൾ ഉയർത്തിയാകും പ്രതിപക്ഷം സഭയിലും പുറത്തും മുഖ്യമന്ത്രിയെയും സർക്കാറിനെയും ഉത്തരംമുട്ടിക്കുക.
തനിക്ക് മുന്നണി കൺവീനറായി ചുമതല നൽകിയത് എ.ഐ.സി.സിയാണെന്ന് വാർത്തസമ്മേളനത്തിൽ അടൂർ പ്രകാശ് ആവർത്തിച്ചത് വി.ഡി. സതീശന് വ്യക്തമായ മുന്നറിയിപ്പും തന്റെ അധികാരത്തിന്റെ ഉറവിടം ഡൽഹിയാണെന്ന ഓർമപ്പെടുത്തലുമായാണ് വിലയിരുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

