യു.ഡി.എഫ് ഏകോപന സമിതി യോഗം പിരിഞ്ഞത് അൻവറിന്റെ ആവശ്യങ്ങൾ ചർച്ച ചെയ്യാതെ
text_fieldsമലപ്പുറം: മുന്നണിയിൽ പൂർണ ഘടകകക്ഷി പദവി എന്നതടക്കം പി.വി. അൻവർ മുന്നോട്ടുവെച്ച ആവശ്യങ്ങൾ ഒന്നും ചർച്ച ചെയ്യാതെ, അസോസിയേറ്റ് മെമ്പർഷിപ്പ് നൽകാമെന്ന പഴയ വാഗ്ദാനം ആവർത്തിച്ചാണ് യു.ഡി.എഫ് ഏകോപന സമിതി യോഗം പിരിഞ്ഞത്. ശനിയാഴ്ച രാവിലെ അൻവർ വിളിച്ച വാർത്തസമ്മേളനത്തിൽ അദ്ദേഹത്തിന്റെ അടുത്ത നീക്കം വ്യക്തമാവും.
അൻവർ, നിലമ്പൂരിൽ മത്സരിക്കണമെന്നായിരുന്നു വ്യാഴാഴ്ച രാത്രി ചേർന്ന തൃണമൂൽ കോൺഗ്രസ് സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം. ഇതിന്റെ തുടർച്ചയെന്നോണം ആര്യാടൻ ഷൗക്കത്തിനെതിരെ ആരോപണങ്ങളുന്നയിച്ച് ആഞ്ഞടിക്കാനാണ് വെള്ളിയാഴ്ച രാവിലെ അൻവർ വാർത്തസമ്മേളനം വിളിച്ചത്. ഇതിനിടെ, അൻവറിന്റെ അനുനയിപ്പിക്കാൻ കോൺഗ്രസ് വീണ്ടും ലീഗിന്റെ സഹായം തേടി. കുഞ്ഞാലിക്കുട്ടി തന്നെ അൻവറിന്റെ വിളിച്ച് വാർത്തസമ്മേളനം ഒഴിവാക്കണമെന്നും വിഷയം ഒന്നുകൂടി ചർച്ച ചെയ്യാമെന്നും അറിയിച്ചു. അൻവറുമായി അടുപ്പമുള്ള ചില സമുദായ സംഘടന നേതാക്കളും അദ്ദേഹത്തിൽ സമ്മർദ്ദം ചെലുത്തി. ഇതോടെ അൻവർ അയഞ്ഞു. യു.ഡി.എഫ് ഏകോപന സമിതി യോഗത്തിലായിരുന്നു അൻവറിന്റെ പ്രതീക്ഷ.
കോൺഗ്രസിനുള്ളിലെ വിഭാഗീയതയിൽ വി.ഡി. സതീശൻ വിരുദ്ധരായ രമേശ് ചെന്നിത്തലയെയും കെ. സുധാകരനെയും പി.വി. അൻവർ പരിധിവിട്ട് വിശ്വസിച്ചതാണ് പ്രശ്നം ഇത്ര വഷളാവാൻ കാരണമെന്ന് വിലയിരുത്തലുണ്ട്. മുന്നണി പ്രവേശനവും വിജയസാധ്യതയുള്ള സീറ്റുമടക്കം ആവശ്യങ്ങളിൽ അനുകൂല നിലപാട് സതീശന്റെയും കെ.പി.സി.സിയുടെയും ഭാഗത്തുനിന്ന് നേരത്തെ തന്നെയുണ്ടായിരുന്നു. ലീഗിന്റെ ഉന്നത നേതാക്കൾകൂടി അറിഞ്ഞുകൊണ്ടുള്ളതായിരുന്നു ഈ ധാരണ.
എന്നാൽ, അൻവർ സതീശനെ അവിശ്വസിക്കുകയും സുധാകരനെയും ചെന്നിത്തലയെയും അന്ധമായി വിശ്വസിക്കുകയും ചെയ്തു. ഇവരുമായി മാത്രമായിരുന്നു പ്രധാനമായുംആശയവിനിമയം. ഇത് എതിർപക്ഷത്തെ ചൊടിപ്പിച്ചു. നിലമ്പൂരിലെ സ്ഥാനാർഥിയെച്ചൊല്ലി അൻവറും സതീശനും ഏറ്റുമുട്ടിയപ്പോൾ അൻവറിന് പാർട്ടിയിൽനിന്ന് പിന്തുണ ഉറപ്പിക്കാൻ സുധാകരനും ചെന്നിത്തലക്കും സാധിച്ചില്ല. സതീശന്റെ നിലപാടിനൊപ്പമായിരുന്നുഅണികളിൽ ഭൂരിപക്ഷവും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.