ആരോഗ്യം, ഉന്നതവിദ്യാഭ്യാസം, വന്യജീവി ആക്രമണം; തെരഞ്ഞെടുപ്പ് അജണ്ട നിശ്ചയിച്ച് യു.ഡി.എഫ്
text_fieldsവി.ഡി. സതീശൻ
തിരുവനന്തപുരം: സംരംഭക രംഗത്തെ മികവ് ഭരണനേട്ടമായി അവതരിപ്പിച്ച് തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ഇടതുപക്ഷത്തെ നേരിടാൻ പിണറായി സർക്കാറിലെ ആരോഗ്യ, ഉന്നത വിദ്യാഭ്യാസ മേഖലകളിലുണ്ടായ വീഴ്ചകൾ ആയുധമാക്കാൻ പ്രതിപക്ഷം.
തദ്ദേശ തെരഞ്ഞെടുപ്പിലും പിന്നാലെയെത്തുന്ന നിയമസഭ തെരഞ്ഞെടുപ്പിലും ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഈ വിഷയങ്ങൾ മുൻനിർത്തി പ്രചാരണം കടുപ്പിക്കാനാണ് യു.ഡി.എഫ് തീരുമാനം. പത്ത് വർഷംകൊണ്ട് ആരോഗ്യ-ഉന്നത വിദ്യാഭ്യാസ മേഖലകൾ കുത്തഴിഞ്ഞെത് സ്ഥാപിക്കാനാണ് ശ്രമം. രണ്ട് വിഷയങ്ങളിലും കോൺക്ലേവ് സംഘടിപ്പിച്ചാണ് പ്രതിപക്ഷത്തിന്‍റെ തയാറെടുപ്പുകൾ.
സർക്കാർ ആതുരാലയങ്ങളിലെ മരുന്നുക്ഷാമവും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും കെടുകാര്യസ്ഥതയുമടക്കം പ്രതിപക്ഷം സർക്കാറിനെതിരായ കുറ്റപത്രമായി അവതരിപ്പിക്കും. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോ. ഹാരിസ് ചിറയ്ക്കലിന്‍റെ തുറന്നുപറച്ചിലും പിന്നാലെ കോട്ടയം മെഡിക്കൽ കോളജിലെ ദാരുണ അപകടവും ആരോപണങ്ങൾക്ക് ബലംനൽകുന്നതാണ്.
പ്രതിപക്ഷം ഹെൽത്ത് കമീഷനെ നിയോഗിച്ചാണ് വിവരങ്ങൾ സമാഹരിക്കുന്നത്. രോഗികളുടെ എണ്ണം കൂടിയതാണ് പരിമിതികൾക്ക് കാരണമെന്ന സർക്കാർ വ്യഖ്യാനങ്ങളെ തുറന്നുകാട്ടാനും തീരുമാനിച്ചു. വസ്തുതകൾ തുറന്നുപറഞ്ഞതിന്‍റെ പേരിൽ ഡോ. ഹാരിസിനെ സർക്കാർ വേട്ടയാടാൻ ശ്രമിക്കുന്നത് രാഷ്ട്രീയ വിഷയമായി ഉയർത്തും.
ഉന്നത വിദ്യാഭ്യാസ മേഖല സ്തംഭനാവസ്ഥയിലായത് ചൂണ്ടിക്കാട്ടിയും ഇതിൽ സർക്കാറിന്‍റെ റോൾ അടിവരയിട്ടുമാണ് രണ്ടാമത്തെ നീക്കം. എൻജിനീയറിങ് കോളജുകളിലടക്കം പഠിക്കാൻ കുട്ടികളില്ലാത്തതും വിദ്യാർഥികളുടെ വിദേശ കുടിയേറ്റവും ചർച്ചയാക്കും. സർവകലാശാലകളെ രാഷ്ട്രീയ പോരാട്ടവേദികളാക്കിയതും പ്രശ്നവത്കരിക്കും. മനുഷ്യ-വന്യജീവി സംഘർഷമാണ് മറ്റൊരു അജണ്ട.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.