യു.ഡി.എഫ് മണ്ണ്,പഞ്ചായത്ത് ലക്ഷ്യമിട്ട് ഇടത്
text_fieldsകൽപറ്റ: പരമ്പരാഗതമായി യു.ഡി.എഫിന്റെ മണ്ണാണ് വയനാട്. 23 പഞ്ചായത്തുകളിൽ 16 ഇടത്ത് യു.ഡി.എഫും ഏഴിടത്ത് എൽ.ഡി.എഫുമാണ്. ആകെയുള്ള 413 പഞ്ചായത്ത് വാര്ഡുകളില് നിലവിൽ 212 എണ്ണത്തിൽ വലതും 182ല് ഇടതുമാണുള്ളത്. കഴിഞ്ഞ തവണ എട്ട് പഞ്ചായത്തുകളിലായി 13 വാർഡുകളാണ് എൻ.ഡി.എ നേടിയത്. എന്നാൽ ഇത്തവണ 37 വാർഡുകളിൽ അവർക്ക് സ്ഥാനാർഥികൾ പോലുമില്ല. ജില്ല പഞ്ചായത്തിലെ നിലവിലെ 16 ഡിവിഷനുകളിൽ എട്ടെണ്ണം എൽ.ഡി.എഫിനും എട്ടെണ്ണം യു.ഡി.എഫിനുമൊപ്പമാണ്. മൂന്ന് നഗരസഭകളിൽ രണ്ടെണ്ണം ഇടതും ഒന്ന് വലതും ഭരിക്കുന്നു. നാലുേബ്ലാക്കുകളിൽ രണ്ടിൽ യു.ഡി.എഫും രണ്ടിൽ എൽ.ഡി.എഫുമാണ്.
വിമതപ്രശ്നം ഒട്ടൊക്കെ പരിഹരിക്കാൻ യു.ഡി.എഫിന് സാധിച്ചിട്ടുണ്ട്. എന്നാൽ നിലവിലെ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാറിന്റെ വിമത സ്ഥാനാർഥിയെ പിൻമാറ്റാൻ സാധിച്ചിട്ടില്ല. മറ്റിടങ്ങളിലെ വിമതൻമാരിൽ പലരെയും കോൺഗ്രസ് സസ്പെന്റ് ചെയ്തു. ഇടത്പക്ഷത്തും വിമതശല്യമുണ്ട്. തിരുനെല്ലി പഞ്ചായത്തിലെ ചേലൂർ വാർഡിൽ സി.പി.ഐയുടെ സിറ്റിങ് സീറ്റിൽ സി.പി.എമ്മും മൽസരിക്കുന്നത് പരസ്യഏറ്റുമുട്ടലിലേക്ക് നീങ്ങി. കഴിഞ്ഞ ദിവസം സ്ഥാനാർഥികൾ പ്രചരണ ജാഥ തന്നെ ബഹിഷ്കരിച്ചു. പനമരം പഞ്ചായത്തിലെ പനമരം വെസ്റ്റ് വാർഡിൽ സി.പി.ഐക്കാരനായ എൽ.ഡി.എഫ് സ്ഥാനാത്ഥിക്കെതിരെ സി.പി.എം മുൻ ബ്രാഞ്ചു സെക്രട്ടറി തന്നെയാണ് വിമതൻ.
വയനാട് ജില്ല
ജില്ലാ പഞ്ചായത്ത് - ഡിവിഷൻ 17 - സ്ഥാനാർത്ഥികൾ 58
മുനിസിപ്പാലിറ്റി (3)- വാർഡുകൾ 103- സ്ഥാനാർത്ഥികൾ 319
ബ്ലോക്ക് പഞ്ചായത്ത് (4)- ഡിവിഷനുകൾ 58- സ്ഥാനാർത്ഥികൾ 189
ഗ്രാമ പഞ്ചായത്ത് (23)- വാർഡുകൾ 441- സ്ഥാനാർത്ഥികൾ 1369
കൽപറ്റ, സുൽത്താൻ ബത്തേരി നഗരസഭകളിൽ മുസ്ലിം ലീഗ് നേതാക്കൾക്ക് വരെ വിമതൻമാരുണ്ട്. ജില്ല പഞ്ചായത്തിലേക്കും മൂന്ന് േബ്ലാക്ക് പഞ്ചായത്തുകളിലേക്കുമുള്ള കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ മുസ്ലിം നേതാക്കളെ തഴഞ്ഞത് വിവാദമായിരുന്നു. ജില്ല പഞ്ചായത്തിൽ കോണ്ഗ്രസ് മത്സരിക്കുന്ന 11 ഇടത്ത് ഒറ്റ മുസ്ലിം നേതാവുമില്ല. കൽപറ്റ േബ്ലാക്കിലും സമാനസ്ഥിതിയാണ്. സംഗതി വിവാദമായതോടെ കോൺഗ്രസ് നേതാക്കൾ സമസ്ത ജില്ല നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി രംഗം ശാന്തമാക്കുകയായിരുന്നു. ജീവനൊടുക്കിയ ഡി.സി.സി ട്രഷറർ എൻ.എം വിജയന്റെ കുടുംബത്തിന്റെ 58.23 ലക്ഷത്തിന്റെ സാമ്പത്തിക ബാധ്യത കെ.പി.സി.സി ഇടപെട്ട് തീർത്തത് പാർട്ടിക്ക് ആശ്വാസമായി. എന്നാൽ ഗ്രൂപ്പ് പോരിന്റെ പ്രഭവകേന്ദ്രമായ മുള്ളൻകൊല്ലി പഞ്ചായത്തിലടക്കം തീപുകഞ്ഞുതന്നെ കിടക്കുന്നു. ഇത് പഞ്ചായത്ത് തലങ്ങളിൽ കോട്ടമുണ്ടാക്കുന്ന ഘടകമാണ്. അതേസമയം, ബ്രഹ്മഗിരി സൊൈസറ്റി നിക്ഷേപക പ്രശ്നവും കീഴ് ഘടകങ്ങളിലെ വിഭാഗീയതയും സി.പി.എമ്മിന് തിരിച്ചടിയുണ്ടാക്കിയേക്കും. ഉരുൾദുരന്ത ബാധിതർക്കായുള്ള ടൗൺഷിപ്പ് നിർമാണമടക്കം പുരോഗമിക്കുന്നത് എൽ.ഡി.എഫും അതിജീവിതർക്കുള്ള സഹായധനമടക്കം മുടങ്ങുന്നതും വെടിക്കുറക്കുന്നതും യു.ഡി.എഫും ആയുധമാക്കുന്നുണ്ട്. ജയസാധ്യതയുള്ള വാർഡുകൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനമാണ് എൻ.ഡി.എ കൂടുതൽ നടത്തുന്നത്. വെൽഫെയർ പാർട്ടി യു.ഡി.എഫിനൊപ്പം ചേർന്ന് വെങ്ങപ്പള്ളി പഞ്ചായത്തിലെ 11ാം വാർഡിൽ മാത്രമാണ് മൽസരിക്കുന്നത്. 36 വാർഡുകളിലാണ് എസ്.ഡി.പി.ഐ രംഗത്തുള്ളത്.
ജില്ല പഞ്ചായത്ത് ഇത്തവണയും യു.ഡി.എഫിനൊപ്പം നിൽക്കുമെന്നാണ് സൂചനകൾ. മാനന്തവാടി, കൽപറ്റ നഗരസഭകളും യു.ഡി.എഫ് നിലനിർത്തിയേക്കും. എന്നാൽ കോൺഗ്രസ് ഗ്രൂപ്പുപോരും വിമതപ്രശ്നവുമുള്ള മേഖലകളിലെ ചില പഞ്ചായത്തുകളിൽ ഭരണം പിടിക്കാനാണ് എൽ.ഡി.എഫ് കിണഞ്ഞു ശ്രമിക്കുന്നത്.
അതേ സമയം, നാട്ടുമ്പുറങ്ങളിൽ പ്രചാരണത്തിന്റെ ആവേശം ഇനിയുമായിട്ടില്ല. പുതിയ വാർഡ് വിഭജനത്തിന്റെ പൊല്ലാപ്പിൽ തങ്ങളുടെ വാർഡ്, ബൂത്ത് എന്നിവയൊന്നും ഇനിയും പല വോട്ടർമാർക്കും പിടികിട്ടാത്ത സ്ഥിതിയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

