യു.ഡി.എഫ് കൊടുങ്കാറ്റു പോലെ തിരിച്ചു വരുമെന്ന് വി.ഡി. സതീശൻ; ‘ഉളുപ്പില്ലാത്ത വർഗമായി കേരളത്തിലെ സി.പി.എം മാറി’
text_fieldsപാലക്കാട്: വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് കൊടുങ്കാറ്റുപോലെ തിരിച്ചുവരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആളുകളെ തമ്മിലടിപ്പിക്കുന്ന സമീപനമാണ് ബി.ജെ.പി സ്വീകരിക്കുന്നത്. അതിനെതിരായ പോരാട്ടം നടത്തുന്നത് കോൺഗ്രസും ഐക്യ ജനാധിപത്യ മുന്നണിയുമാണെന്നും വി.ഡി. സതീശൻ പറഞ്ഞു. കിണാശ്ശേരിയിൽ നടന്ന യു.ഡി.എഫ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബി.ജെ.പിയുമായി ബാന്ധവത്തിലാണ് കേരളത്തിലെ സി.പി.എമ്മും പിണറായി വിജയനും. കണ്ണൂരിലടക്കം സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ യാതൊരു സംഘർഷങ്ങളുമില്ല. ഒ.കെ. വാസുവിനെ സി.പി.എമ്മിലേക്ക് സ്വീകരിച്ച ആളാണ് പിണറായി വിജയൻ. അദ്ദേഹത്തെ മലബാർ ദേവസ്വം ബോർഡിന്റെ പ്രസിഡന്റാക്കുകയും ചെയ്തു.
അതേസമയം, കോൺഗ്രസിലേക്ക് ബി.ജെ.പിക്കാർ വരാൻ പാടില്ലെന്ന ഇരട്ടത്താപ്പാണ് പിണറായി വിജയൻ സ്വീകരിക്കുന്നത്. സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് കടന്നുവന്നതിനെ ജനാധിപത്യവാദികൾ സ്വാഗതം ചെയ്തതാണ്. സന്ദീപിനെ വളരെയധികം പ്രകീർത്തിച്ച് സംസാരിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി ഇപ്പോൾ നിലപാട് മാറ്റി. ഉളുപ്പില്ലാത്ത വർഗമായി കേരളത്തിലെ സി.പി.എം മാറി.
ബി.ജെ.പിക്കുവേണ്ടി കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം കേരളത്തിലേക്ക് എത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ ബി.ജെ.പി നേതാക്കളെ സംരക്ഷിക്കുന്ന സമീപനമാണ് പിണറായി വിജയൻ സ്വീകരിച്ചത്. ഇതെല്ലാം കേരളത്തിലെയും പാലക്കാട്ടെയും ജനങ്ങൾ കാണുന്നുണ്ട്. പാലക്കാട്ട് ജനവിധി സി.പി.എം-ബി.ജെ.പി ബാന്ധവത്തിനെതിരാകുമെന്നും വി.ഡി. സതീശൻ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.