നയംമാറ്റി മുഖ്യമന്ത്രി! വീര്യം കുറഞ്ഞ മദ്യവിൽപന യു.ഡി.എഫ് ചർച്ച ചെയ്ത് തീരുമാനിക്കും; അനുമതി നൽകിയത് എൽ.ഡി.എഫ് സർക്കാറെന്നും വി.ഡി. സതീശൻ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം വിൽക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം യു.ഡി.എഫിന് വിട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ. മദ്യ നയം തീരുമാനിക്കുന്നത് യു.ഡി.എഫാണ്. വീര്യം കുറഞ്ഞ മദ്യം വില്‍ക്കണമെന്ന് യു.ഡി.എഫ് തീരുമാനിച്ചാല്‍ ഇപ്പോള്‍ നിശ്ചയിച്ച നികുതിയായിരിക്കും. വില്‍ക്കേണ്ട എന്നാണ് രാഷ്ട്രീയ തീരുമാനമെങ്കില്‍ വില്‍ക്കില്ല. അത് രാഷ്ട്രീയ തീരുമാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിൽ ബജറ്റ് ചർച്ചക്ക് മറുപടി പറയുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
സര്‍ക്കാറിന്റെ ഫയലുകള്‍ കെ.പി.സി.സിയിലേക്ക് പോകില്ല. പണ്ട് ഒരു മുഖ്യമന്ത്രി ഉണ്ടായിരുന്നപ്പോൾ ഫയലുകള്‍ എ.കെ.ജി സെന്ററില്‍ കൊണ്ടുപോയിരുന്നതു പോലെ ഇപ്പോള്‍ ഒരു പാര്‍ട്ടി ഓഫിസിലേക്കും ഫയലുകള്‍ പോകില്ല. ഒരു മന്ത്രിയും അതു ചെയ്യില്ല. നികുതി നിശ്ചയിക്കുന്ന ഫയല്‍ പാര്‍ട്ടി ഓഫിസില്‍ കൊണ്ടുപോകുന്ന രീതിയും മുഖ്യമന്ത്രി അറിയാതെ ഫയല്‍ അടിച്ചു മാറ്റി പാര്‍ട്ടി ഓഫിസില്‍ കൊടുക്കുന്ന രീതിയും ഈ സര്‍ക്കാറില്‍ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
വീര്യം കുറഞ്ഞ മദ്യം വിൽക്കാൻ അന്തിമ തീരുമാനമെടുത്തിട്ടില്ല. 28 ബാറുകൾനിന്ന് 900 ബാറുകൾ ആക്കി കേരളത്തിൽ മദ്യം ഒഴുക്കിയവരാണ് പ്രതിപക്ഷത്തിരിക്കുന്നത്. വീര്യം കുറഞ്ഞ മദ്യത്തിന് അനുമതി നൽകിയത് എൽ.ഡി.എഫ് സർക്കാറിന്റെ കാലത്താണ്. ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് ഇത്തരം ഒരു തീരുമാനം എടുക്കുകയും രണ്ടാം പിണറായി സർക്കാറിന്റെ കാലത്ത് അത് നടപ്പാക്കുകയുമായിരുന്നു. വീര്യംകുറഞ്ഞ മദ്യം വിപണിയിൽ ഇറക്കാനുള്ള ചർച്ചകൾ ആരംഭിച്ചത് എം.വി. ഗോവിന്ദൻ എക്സൈസ് വകുപ്പ് മന്ത്രിയായിരിക്കുന്ന കാലത്താണ്. അദ്ദേഹമാണ് ബക്കാർഡിയുമായുള്ള ചർച്ചക്ക് തുടക്കമിട്ടത്. എന്നാൽ, യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം ആദ്യം ചെയ്തത്, മുൻ സർക്കാർ ചെയ്തതിന്റെ ഭാഗമായുള്ള തുടർനടപടികളായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവ് നൽകുന്നതിൽ എത്ര കിട്ടി എന്നാണ് ഇപ്പോൾ ചോദിക്കുന്നത്. ബക്കാഡി കമ്പനിയുമായി ആദ്യം സംസാരിച്ചത് ആരാണ്. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്ന ആറുമാസത്തിനകം ബക്കാഡി കമ്പനിയുടെ അപേക്ഷയിൽ തീരുമാനമെടുക്കാൻ അന്നത്തെ എക്സൈസ് മന്ത്രി നിർദേശിച്ചു. എം.വി. ഗോവിന്ദൻ എക്സൈസ് മന്ത്രിയായിരുന്ന ഘട്ടത്തിലാണ് ആദ്യമായി ബക്കാഡി കമ്പനിക്കായി നീക്കം തുടങ്ങിയത്. വീര്യം കുറഞ്ഞ മദ്യം പ്രോത്സാഹിപ്പിക്കാൻ തീരുമാനമെടുത്തത് എൽ.ഡി.എഫ്. വീര്യം കുറഞ്ഞ മദ്യം വിൽക്കാൻ ചട്ടത്തിൽ ഭേദഗതി വരുത്തി. ഇത് ബക്കാഡി കമ്പനിയുടെ അപേക്ഷയിലാണ്. തെരഞ്ഞെടുപ്പ് ആയതുകൊണ്ടാണ് അനുമതി നൽകാതിരുന്നത്. ഒരു സർക്കാർ ബജറ്റ് അവതരിപ്പിക്കുമ്പോൾ ടാക്സ് നിശ്ചയിക്കുന്നത് മണിക്കൂറുകൾക്കു മുമ്പാണ്. അതിനെയാണ് ഫയൽ നീക്കം ശര വേഗത്തിൽ എന്ന് പ്രചരിപ്പിച്ചത്.
വീര്യം കുറഞ്ഞ മദ്യത്തിനുള്ള മറ്റ് സംസ്ഥാനങ്ങളിലെ നികുതി പരിശോധിച്ചു. ഏറ്റവും കൂടിയ ടാക്സ് കേരളത്തിലാണ്. വീര്യം കുറഞ്ഞ മദ്യത്തിന് കേരളത്തിലാണ് ഏറ്റവും കൂടിയ നികുതി ഏർപ്പെടുത്തിയത്. 2018/19ൽ ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന് 210 ശതമാനം നികുതിയായിരുന്നു. അത് പിന്നീട് 79 ശതമാനം ആക്കി കുറച്ചു. ജോണി വാക്കറിന്റെ കൈയിൽ നിന്നും ഷി വാസ് റീഗലിന്‍റെ കൈയിൽനിന്നു പണം വാങ്ങിയതാണോ ടാക്സ് കുറച്ചതെന്നും മുഖ്യമന്ത്രി പ്രതിപക്ഷത്തോട് ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

