സർക്കാർ വിചാരണ ചെയ്യപ്പെടും, സീറ്റ് വിഭജനത്തിലും സ്ഥാനാര്‍ഥി നിര്‍ണയത്തിലും യു.ഡി.എഫ് ബഹുദൂരം മുന്നിലെന്നും വി.ഡി സതീശൻ
text_fieldsവി.ഡി. സതീശൻ
കൊച്ചി/തിരുവനന്തപുരം: ജനങ്ങളുടെ മനഃസാക്ഷിയുടെ കോടതിയില്‍ സംസ്ഥാന സര്‍ക്കാറിന്റെ ഒമ്പതര വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിചാരണ ചെയ്യുന്നതിനുള്ള അവസരമാക്കി തദ്ദേശ തെരഞ്ഞെടുപ്പിനെ യു.ഡി.എഫ് മാറ്റുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ഉജ്ജ്വല വിജയം നേടും. മുന്നൊരുക്കത്തിലും സീറ്റ് വിഭജനത്തിലും സ്ഥാനാര്‍ഥി നിര്‍ണയത്തിലും യു.ഡി.എഫ് ബഹുദൂരം മുന്നിലാണ്. യു.ഡി.എഫ് സീറ്റ് വിഭജനവും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിനിര്‍ണയവും ഇത്രയുംവേഗത്തില്‍ നടക്കുന്നത് തന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായാണ്.
വെല്‍ഫെയര്‍ പാര്‍ട്ടി യു.ഡി.എഫിന് പിന്തുണ നല്‍കിയിട്ടുണ്ട്. അത് യു.ഡി.എഫ് സ്വീകരിച്ചിട്ടുണ്ട്. മറ്റ് നീക്കുപോക്കുകളൊന്നുമില്ല. അക്കാര്യം അവരും വ്യക്തമാക്കിയിട്ടുണ്ട്. അവര്‍ തങ്ങളുടെ മുന്നണിയുമായി പ്രത്യക്ഷമായോ പരോക്ഷമായോ പ്രവര്‍ത്തിക്കുന്നില്ല. വെല്‍ഫെയർ പാര്‍ട്ടിയുടെ പഴയ രൂപമായ ജമാഅത്തെ ഇസ്ലാമി മൂന്ന് പതിറ്റാണ്ടുകാലം സി.പി.എമ്മിന് പിന്തുണ നല്‍കിയിരുന്നതാണ്. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ജമാഅത്ത് ആസ്ഥാനത്ത് പോകാന്‍ ഒരു മടിയും ഉണ്ടായിരുന്നില്ല. സി.പി.എമ്മിന്റെ അവസരവാദമാണ് ഇതെല്ലാം.
ഈ സര്‍ക്കാര്‍ ജനവിരുദ്ധ സര്‍ക്കാറാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ യു.ഡി.എഫ് വിജയിച്ചിട്ടുണ്ട്. സര്‍ക്കാറിനെ വിചാരണ ചെയ്യാനുള്ള അവസരമായാണ് യു.ഡി.എഫ് കാണുന്നത്. ജനറല്‍ സീറ്റുകളിലും വനിതകളെ യു.ഡി.എഫ് മത്സരിപ്പിക്കുകയാണ്. പി.വി. അന്‍വറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചയിലാണെന്നും അതിന്റെ ഫലം ഉടൻ പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധ ഭരണത്തിനെതിരായ ജനവിധി തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടാകുമെന്നും യു.ഡി.എഫിന് തികഞ്ഞ വിജയ പ്രതീക്ഷയാണുള്ളതെന്നും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്. സമസ്ത മേഖലയിലും പരാജയപ്പെട്ട സര്‍ക്കാറാണ് സംസ്ഥാനത്തേത്. സര്‍ക്കാറിന്റെ അവസാന നാളുകളില്‍ ചില പ്രഖ്യാപനങ്ങള്‍ നടത്തിയത് പരാജയം മുന്നില്‍ കണ്ടാണ്. ആത്മാർഥതയുണ്ടെങ്കില്‍ ക്ഷേമപെന്ഷന് ഉള്‍പ്പെടെയുള്ള പ്രഖ്യാപനങ്ങള്‍ക്ക് മുന്‍കാല പ്രാബല്യം നല്‍കണമെന്നും വി.ഡി. സതീശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

