വിദ്യയുടെ കൊല: സിനിമയെ വെല്ലുന്ന തിരക്കഥ
text_fieldsകൊച്ചി/തൃപ്പൂണിത്തുറ: ഉദയംപേരൂരിൽ താമസിക്കുന്ന ചേർത്തല സ്വദേശിനി വിദ്യയെ കൊല പ്പെടുത്താൻ ഭർത്താവും കാമുകിയും ചേർന്ന് ഒരുക്കിയത് സിനിമയെ വെല്ലുന്ന തിരക്കഥ. സ്കൂളിലെ പൂർവവിദ്യാർഥി സംഗമത്തിലെ കണ്ടുമുട്ടലാണ് ഇരുവരെയും പ്രണയത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചത്. നാടകീയമായി നടത്തിയ കൊലപാതകത്തിെൻറ ചുരുളഴിയവെ പൊലീസിനോട് ഇവർ ഒരുകാര്യംകൂടി സമ്മതിച്ചു; തമിഴ് ചിത്രമായ ‘96’ സിനിമയിലെ പുനഃസമാഗമവും മലയാള ചിത്രം ‘ദൃശ്യ’ത്തിലെ തെളിവ് നശിപ്പിക്കൽ തന്ത്രങ്ങളുമാണ് പ്രചോദനമായത്.
ചങ്ങനാേശ്ശരി സ്വദേശിയാണ് പ്രേംകുമാർ. ജോലിയുടെ സൗകര്യാർഥം വിദ്യക്കൊപ്പം തൃപ്പൂണിത്തുറ നടക്കാവ് ആമേട അമ്പലത്തിന് സമീപം വാടകക്ക് താമസിക്കുകയായിരുന്നു. 25 വർഷം മുമ്പ് ഒമ്പതാം ക്ലാസിൽ സഹപാഠികളായിരുന്നു പ്രേംകുമാറും സുനിതയും. ഹൈദരാബാദിൽ ജോലി ചെയ്തിരുന്ന സുനിതയെ സ്കൂളിലെ റീയൂനിയനിൽവെച്ച് മൂന്ന് വർഷം മുമ്പ് കണ്ടുമുട്ടി പരിചയം പുതുക്കി. തിരുവനന്തപുരത്തെ ആശുപത്രിയിൽ സുനിത നഴ്സിങ് സൂപ്രണ്ടായി എത്തിയതോടെ സൗഹൃദം പ്രണയമായി.
സുനിതയുടെ ഭർത്താവും മക്കളും ഹൈദരാബാദിലാണ്. ഇരുവരും ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചതോടെ വിദ്യയെ ഒഴിവാക്കാൻ വഴികൾ തേടി. സെപ്റ്റംബർ 21ന് ആയുർവേദ ചികിത്സക്കെന്ന് പറഞ്ഞ് വിദ്യയെ തിരുവനന്തപുരത്തെ വില്ലയിൽ എത്തിച്ച് മദ്യം നൽകിയശേഷം പുലർച്ച കഴുത്തുമുറുക്കി കൊല്ലുകയായിരുന്നു. മൃതദേഹം തിരുനെൽവേലിയിലെ ഹൈവേക്ക് സമീപം കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു. തിരിച്ചറിയാത്തതിനാൽ തമിഴ്നാട് പൊലീസ് പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിച്ചു.
അന്വേഷണം വഴിതെറ്റിക്കാൻ വിദ്യയുടെ മൊബൈൽ ഫോൺ നേത്രാവതി ട്രെയിനിൽ ഉപേക്ഷിച്ചു. എല്ലാറ്റിനും സുനിതയുടെ സഹായമുണ്ടായിരുന്നു. പക്ഷേ, അവർ പൊലീസിൽനിന്ന് അകന്ന് നിൽക്കാൻ ശ്രമിച്ചു. സെപ്റ്റംബർ 23ന് എറണാകുളത്ത് തിരിച്ചെത്തിയ പ്രേംകുമാർ ഭാര്യയെ കാണാനില്ലെന്ന് ഉദയംപേരൂർ പൊലീസിൽ പരാതി നൽകി. ഇതിന് പിന്നാലെ മുൻകൂർ ജാമ്യം തേടി ഇയാൾ കോടതിയെ സമീപിക്കുകയും ചെയ്തു. ഇതാണ് പൊലീസിന് പിടിവള്ളിയായത്.
ട്രെയിനിൽ ഉപേക്ഷിച്ച വിദ്യയുടെ മൊബൈൽ ലൊക്കേഷൻ മംഗലാപുരത്തായപ്പോൾ പ്രേംകുമാർ തിരുവനന്തപുരത്തുണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു. ഇയാളെ പല പ്രാവശ്യം ചോദ്യം ചെയ്തിരുന്നു. കുടുങ്ങുമെന്ന് ഉറപ്പായതോടെ കഴിഞ്ഞ വെള്ളിയാഴ്ച കുറ്റസമ്മതം നടത്തുകയായിരുന്നു. വിദ്യ മുമ്പ് നാല് തവണ വിവാഹം കഴിച്ചെന്നും ഇക്കാര്യം മറച്ചുവെച്ചെന്നുമാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. പ്രേംകുമാറിനും വിദ്യക്കും രണ്ട് കുട്ടികളുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.