യുക്രെയ്ൻ: മെഡിക്കൽ വിദ്യാർഥികൾക്ക് ഇന്റേൺഷിപ് പൂർത്തിയാക്കാൻ അവസരം നൽകുമെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: യുക്രെയ്നിൽനിന്ന് മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാർഥികള്‍ക്ക് ഇന്റേൺഷിപ് പൂര്‍ത്തിയാക്കാന്‍ സംസ്ഥാനത്ത് അവസരമൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ അറിയിച്ചു. മടങ്ങിവന്ന മെഡിക്കല്‍ വിദ്യാർഥികളുടെ പഠനം സംബന്ധിച്ച കാര്യത്തില്‍ ദേശീയ മെഡിക്കല്‍ കമീഷന്റെ നിർദേശാനുസരണം മാത്രമേ തുടര്‍ തീരുമാനം കൈക്കൊള്ളാനാകൂവെന്നും സി.കെ. ഹരീന്ദ്രന്റെ ശ്രദ്ധക്ഷണിക്കലിന് അദ്ദേഹം മറുപടി നല്കി.
കോവിഡ് മഹാമാരി, യുദ്ധം തുടങ്ങിയ അസാധാരണവും നിര്‍ബന്ധിതവുമായ സാഹചര്യങ്ങളില്‍ ഇന്റേൺഷിപ് ചെയ്യാതെയോ പൂര്‍ത്തിയാക്കാതെയോ തിരിച്ചെത്തുന്ന മെഡിക്കല്‍ വിദ്യാർഥികള്‍ക്ക് അത് പൂര്‍ത്തിയാക്കാൻ കമീഷന്റെ മാര്‍ഗനിർദേശങ്ങളുണ്ട്. അംഗീകൃത മെഡിക്കല്‍ കോളജുകളിലോ അതോടൊപ്പമുള്ള ആശുപത്രികളിലോ ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പോ അല്ലെങ്കില്‍ അവശേഷിക്കുന്ന കാലയളവോ സൗജന്യമായി പൂര്‍ത്തിയാക്കാൻ സംസ്ഥാന മെഡിക്കല്‍ കൗണ്‍സില്‍ പ്രൊവിഷനല്‍ രജിസ്ട്രേഷന് അനുവദിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. രാജ്യത്തെ മെഡിക്കല്‍ വിദ്യാർഥികള്‍ക്ക് നല്കുന്ന സ്റ്റൈപന്റും മറ്റു സൗകര്യങ്ങളും വിദേശത്തുനിന്ന് വരുന്നവര്‍ക്ക് അനുവദിക്കണമെന്നും വ്യവസ്ഥയുണ്ട്.
മറ്റ് മെഡിക്കല്‍ വിദ്യാർഥികളുടെ കാര്യത്തില്‍ ദേശീയ മെഡിക്കല്‍ കമീഷന്റെ തീരുമാനം ആവശ്യമാണ്. ഇക്കാര്യത്തില്‍ ആകാവുന്നതൊക്കെ ചെയ്യും. അന്തിമതീരുമാനം എടുക്കേണ്ടത് കേന്ദ്രസര്‍ക്കാറും അവരുടെ ഏജന്‍സികളുമാണ്. ഇക്കാര്യത്തില്‍ സംസ്ഥാനത്തിന് ചെയ്യാവുന്നത് എല്ലാം ചെയ്യാം. കേന്ദ്രസര്‍ക്കാറിന്റെയും ദേശീയ മെഡിക്കല്‍ കമീഷന്റെയും ശ്രദ്ധയിൽപെടുത്താന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. രേഖകൾ കൈമോശം വന്നവര്‍ക്ക് അത് വീണ്ടെടുക്കാനും പഠനം തുടരാനും കഴിയുന്ന സാഹചര്യം ഒരുക്കണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.