ടൗൺഷിപ്പിലെ വീട് നിർമാണത്തിൽ അനിശ്ചിതത്വം; ദുരന്തബാധിതർക്കുള്ള ഉപജീവന സഹായവും ഭക്ഷണ കൂപ്പണും മുടങ്ങി
text_fieldsകൽപറ്റയിൽ ഒരുങ്ങുന്ന ടൗൺഷിപ്പ്
കൽപറ്റ: ഉരുളെടുത്ത മഹാദുരന്തത്തിൽ ബാക്കിയായവർക്ക് കൽപറ്റയിൽ ഒരുങ്ങുന്ന ടൗൺഷിപ്പിലെ വീടുകളുടെ നിർമാണത്തിൽ അനിശ്ചിതത്വം. ഉദ്ഘാടനവും വിഷുവും കഴിഞ്ഞെങ്കിലും ഒരു കുടുംബത്തിന് പോലും വീട്ടിൽ കയറി താമാസിക്കാനായില്ല. ഫെയ്സ് വണ്ണിലെ 178 വീടുകളിലെ കുടുംബങ്ങൾക്ക് വിഷുവിന് മുമ്പ് കയറിക്കൂടാമെന്ന് സർക്കാർ അവസാനം നൽകിയ ഉറപ്പും പാഴായി. ടൗൺഷിപ് ഉദ്ഘാടനം കഴിഞ്ഞ് ഒന്നരമാസം പിന്നിട്ടെങ്കിലും 40 വീടുകളുടെ നിർമാണം മാത്രമാണ് ഇതിനകം പൂർത്തിയായതെന്ന് അധികൃതർ ദുരന്തബാധിതരെ അറിയിച്ചിട്ടുണ്ട്.
ഉദ്ഘാടനം കഴിഞ്ഞിട്ടും വീടുകൾ കൈമാറാത്തതിനെ തുടർന്ന് പ്രതിഷേധം ഉയർന്നതോടെയാണ് ആദ്യഘട്ടത്തിലെ 178 വീടുകൾ വിഷുവിന് മുമ്പ് കൈമാറുമെന്ന് അധികൃതർ ഉറപ്പുനൽകിയത്. എന്നാൽ, തെരഞ്ഞെടുപ്പ് വന്നതോടെ നിർമാണ പ്രവൃത്തികൾ ഇഴഞ്ഞുനീങ്ങാൻ തുടങ്ങി. വിഷുവിന് മുമ്പ് ആദ്യഘട്ടത്തിലെ വീടുകൾ പൂർണമായും കൈമാറുമെന്ന ഉറപ്പ് പാലിക്കാനാകില്ലെന്ന് മനസ്സിലാക്കിയതോടെ ഫെയ്സ് വൺ കൂട്ടായ്മ കലക്ടറെ നേരിൽ കണ്ടതിനെ തുടർന്ന് 40 വീടുകളുടെ നിർമാണം പൂർത്തിയായെന്നും അത് കൈമാറാമെന്ന് അറിയിക്കുകയുമായിരുന്നുവെന്ന് കൂട്ടായ്മ കൺവീനർ വി. രമേശ് മാധ്യമത്തോട് പറഞ്ഞു.
എന്നാൽ, ഒരു സോണിലെ 178 വീടുകളും പൂർത്തിയാക്കി സുരക്ഷിതമായി എല്ലാവർക്കും ഒന്നിച്ചു താമസിക്കണമെന്ന് അറിയിച്ചതോടെ മഴക്ക് മുമ്പ് ഒന്നാംഘട്ട വീടുകൾ പൂർത്തിയാക്കാം എന്നാണ് ബന്ധപ്പെട്ടവർ ഇപ്പോൾ പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു. മാർച്ച് ഒന്നിന് നടന്ന ടൗൺഷിപ് ഉദ്ഘാടന വേദിയിൽ കാലവർഷത്തിന് മുമ്പ് 410 വീടുകളുടെയും നിർമാണം പൂർത്തിയാക്കുമെന്നായിരുന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നത്.
അതിനിടെ, ഉരുൾദുരന്ത ബാധിതർക്ക് നൽകിവന്നിരുന്ന ഉപജീവന സഹായവും ഫുഡ് കൂപ്പണും മുടങ്ങി. മാസത്തിൽ ആദ്യത്തെ ആഴ്ചയാണ് ഉപജീവന സഹായമായി ഒരു കുടുംബത്തിൽ രണ്ടുപേർക്ക് എന്നതോതിൽ 9000 രൂപ വീതം 1184 പേർക്ക് സഹായം നൽകിയിരുന്നത്. ഇതാണ് ഇപ്പോൾ മുടങ്ങിയത്.
ആറായിരം രൂപ മാസവാടക ദുരന്ത ബാധികർക്ക് ലഭിച്ചിട്ടുണ്ടെങ്കിലും ഇതിനേക്കാൾ കൂടുതൽ വാടക നൽകേണ്ടി വരുന്ന കുടുംബങ്ങൾ ഉപജീവന സഹായത്തിൽനിന്നാണ് ബാക്കി തുക കണ്ടെത്തിയിരുന്നത്.
എല്ലാ മാസവും നൽകിയിരുന്ന ഫുഡ് കൂപ്പണും നിലവിൽ മുടങ്ങിയിട്ടുണ്ട്. ഉപജീവന ബത്തയും ഫുഡ് കൂപ്പണും മുടങ്ങിയത് ദുരന്തബാധിതരെ കൂടുതൽ ദുരിതത്തിലാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

