ബിഷപ് ഹൗസിൽ കേന്ദ്രമന്ത്രിയുടെ രഹസ്യ സന്ദർശനം; ജില്ലയിലെ ബി.ജെ.പി നേതാക്കൾ അറിഞ്ഞില്ല
text_fieldsതൃശൂർ: ബി.ജെ.പി നേതാക്കളെ അറിയിക്കാതെ കേന്ദ്ര സഹമന്ത്രി ക്രൈസ്തവ സഭ പുരോഹിതരെ സന്ദർശിച്ചു. കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോൺ ബർളയാണ് തൃശൂർ അതിരൂപത ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്തിനെയും ചാലക്കുടി മുരിങ്ങൂരിലെ ഡിവൈൻ ധ്യാനകേന്ദ്രവും സന്ദർശിച്ചത്.
അതിരൂപത ആസ്ഥാനത്തെത്തി അരമണിക്കൂറിലധികം ബിഷപ്പുമായി കേന്ദ്ര സഹമന്ത്രി കൂടിക്കാഴ്ച നടത്തി. രണ്ട് ദിവസമായി മന്ത്രി കേരളത്തിലുണ്ടെങ്കിലും തൃശൂരിലെ സന്ദർശനത്തെക്കുറിച്ച് ജില്ലയിലെ ബി.ജെ.പി നേതാക്കളാരും അറിഞ്ഞിരുന്നില്ല.
ഉച്ചകഴിഞ്ഞാണ് മന്ത്രി ജില്ലയിലെത്തിയത്. കഴിഞ്ഞ ദിവസം കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കത്തോലിക്ക ബാവയെയും മന്ത്രി സന്ദർശിച്ചിരുന്നു.
തെരഞ്ഞെടുപ്പിന് മുമ്പേ ന്യൂനപക്ഷ വിഭാഗത്തെ അടുപ്പിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി നേതൃത്വം. ക്രൈസ്തവരിലെ ചില വിഭാഗങ്ങളുമായി ചേർന്ന് കേരളത്തിൽ പുതിയ രാഷ്ട്രീയപാർട്ടിക്ക് ബി.ജെ.പി കേന്ദ്രതലത്തിൽ ശ്രമിക്കുന്നുവെന്ന പ്രചാരണം ശക്തമാകുന്നതിനിടെയാണ് കേന്ദ്രമന്ത്രിയുടെ ക്രൈസ്തവ പുരോഹിതന്മാരുമായുള്ള കൂടിക്കാഴ്ച.
നേരത്തേ കേരളത്തിലെ ക്രൈസ്തവ നേതൃത്വം പ്രധാനമന്ത്രിയെ ഡൽഹിയിൽ സന്ദർശിച്ച് പരാതികളറിയിച്ചിരുന്നു.
ഇതിന്‍റെ തുടർച്ചയായി ബി.ജെ.പി കേന്ദ്ര നേതൃത്വവും സഭ നേതൃത്വങ്ങളും തമ്മിലുള്ള ആശയവിനിമയം എന്ന നിലയിലാണ് ജോൺ ബർളയുടെ കേരള സന്ദർശനമെന്നാണ് വ്യാഖ്യാനമെങ്കിലും 2024 ലക്ഷ്യമിട്ട് മാസങ്ങൾക്ക് മുമ്പേ ബി.ജെ.പി കേരളത്തിൽ തുടങ്ങിയ പ്രവർത്തനങ്ങളുടെ ഭാഗമാണ് ഇതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.