'വേണം, കോൺഗ്രസ് സഖ്യം'; ദേശീയ തലത്തിൽ കോൺഗ്രസ് സഖ്യം വേണമെന്ന് സി.പി.ഐ
text_fieldsവിജയവാഡ: ദേശീയതലത്തിൽ കോൺഗ്രസുമായി സഖ്യം വേണമെന്ന നിലപാട് പാർട്ടി കോൺഗ്രസിൽ ഉന്നയിച്ച് സി.പി.ഐ കേരള ഘടകം.
സി.പി.എമ്മിനെപ്പോലെ അവ്യക്ത നിലപാട് പാടില്ല. കോൺഗ്രസുമായുള്ള സമീപനത്തിൽ കൂടുതൽ വ്യക്തത വേണമെന്ന് പ്രവർത്തന റിപ്പോർട്ടിന്മേൽ നടന്ന ചർച്ചയിൽ പങ്കെടുത്ത് രാജാജി മാത്യു തോമസ് പറഞ്ഞു.
ജനറൽ സെക്രട്ടറി ഡി. രാജക്കെതിരെയും കേരള ഘടകം രംഗത്തെത്തി. ദേശീയതലത്തിൽ അലസമായ നേതൃത്വമാണെന്നും ജനറൽ സെക്രട്ടറി സ്ഥാനം ആഡംബര പദവിയല്ലെന്നും കേരള നേതാക്കൾ തുറന്നടിച്ചു. പി. പ്രസാദാണ് രാജക്കെതിരെ സംസാരിച്ചത്. യുദ്ധത്തിൽ പരാജയപ്പെട്ടാൽ സേനാനായകൻ ആ പദവിയിൽ തുടരാറില്ലെന്ന പരാമർശത്തോടെ രാജയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തിനുവേണ്ടിയുള്ള അവകാശവാദവും കേരള ഘടകം മുന്നോട്ടുവെച്ചു. ഡി. രാജയോടും ആനി രാജയോടും കടുത്ത തലക്കനം കേരള നേതാക്കൾ കാണിച്ചുവരുന്നതിനു പിന്നാലെയാണ് പാർട്ടി കോൺഗ്രസിലെ ആക്രമണം. കേരളത്തിൽ സംസ്ഥാന സമ്മേളനത്തിനെത്തിയ ജനറൽ സെക്രട്ടറിക്ക് കാര്യമായ റോൾ നൽകാതെ ഒതുക്കിനിർത്തുകയുമായിരുന്നു.
75 വയസ്സെന്ന പ്രായപരിധി നടപ്പാക്കാനുള്ള ഭരണഘടന ഭേദഗതിയിൽ തിങ്കളാഴ്ച പാർട്ടി കോൺഗ്രസിൽ ചർച്ച നടക്കും. അനിവാര്യമായ ഇളവുകളോടെ പ്രായപരിധി കർക്കശമായി നടപ്പാക്കുമെന്ന് കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം അമർജിത് കൗർ വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു എന്നിവർ ഉൾപ്പെടുന്ന ഭരണഘടന കമീഷൻ തിങ്കളാഴ്ച രാവിലെ വിഷയം ചർച്ചചെയ്യാൻ യോഗം ചേരുന്നുണ്ട്. കമീഷന്റെ റിപ്പോർട്ട് ചൊവ്വാഴ്ച പൊതുചർച്ചയിൽ അവതരിപ്പിക്കും.
ഭേദഗതി നിർദേശം അംഗീകരിക്കപ്പെട്ടാൽ കേരളത്തിൽനിന്നുള്ള കെ.ഇ. ഇസ്മയിൽ, എൻ. അനിരുദ്ധൻ എന്നിവർ ദേശീയ കൗൺസിലിൽനിന്ന് പുറത്താവും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.